കണ്ണൂർ: മാവേലിക്കും പരശുവിനും മലബാറിനും പഴയ നമ്പർ തിരിച്ചുകിട്ടി. സ്‌പെഷ്യൽ ഓട്ടത്തിൽ തീവണ്ടികൾക്ക് റെയിൽവേ നൽകിയ പുജ്യം നമ്പർ ഇനിയില്ല. പഴയതുപോലെ ആദ്യ അക്കം ഒന്നിൽ തുടങ്ങും. ഇന്റർസിറ്റികളുടെ ആദ്യ അക്കമായ രണ്ട് തിരിച്ചെത്തും. മെമു വണ്ടികളുടെ ആറിൽ തുടങ്ങുന്ന നമ്പറും ഉടൻ വരും.

റെയിൽവേ ഔദ്യോഗിക അറിയിപ്പുകളിൽ പൂജ്യം മാറ്റിക്കഴിഞ്ഞു. ഐ.ആർ.സി.ടി.സി. ഓൺലൈൻ ടിക്കറ്റിൽ മാറ്റം വരുത്തും. റെയിൽവേ ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻ.ടി.ഇ.എസ്.) വരും ദിവസങ്ങളിൽ പുജ്യം അപ്രത്യക്ഷമാകും. നിലവിൽ വണ്ടിനമ്പർ മാറുമ്പോൾ ടിക്കറ്റ് നിരക്കിൽ വരുന്ന വ്യത്യാസത്തിൽ യാത്രക്കാർക്ക് ആശങ്കവേണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അത് പരിഹരിക്കും. വണ്ടികൾ സാധാരണനിലയിലാകുമ്പോൾ സീസണും ജനറൽ ടിക്കറ്റും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

കോവിഡ് കാലത്ത് സർവീസ് പുനരാരംഭിച്ചപ്പോൾ ശ്രമിക് സ്‌പെഷ്യലിനുശേഷം രാജധാനിയടക്കമുള്ള ദീർഘദൂരവണ്ടികൾ മാത്രമാണ് റെയിൽവേ ആദ്യം ഓടിച്ചത്. അന്നുമുതൽ വണ്ടികളുടെ ആദ്യ നമ്പർ ഒന്നിനുപകരം പൂജ്യമാക്കി മാറ്റി. ഒന്ന് പൂജ്യമായപ്പോൾ അനുഭവിച്ചത് മുഴുവൻ യാത്രക്കാരായിരുന്നു. നിരക്ക് വർധിച്ചു. ജനറൽകോച്ചുകളടക്കം റിസർവ് ടിക്കറ്റായി. ഐ.ആർ.സി.ടി.സി. 17 രൂപ സേവനനിരക്കും വാങ്ങി. സീസൺ ടിക്കറ്റെടുത്ത് അറിയാതെ ജനറൽ കോച്ചിൽ കയറിയ യാത്രക്കാരിൽനിന്ന് 350 രൂപ പിഴയീടാക്കി.

എക്സ്‌പ്രസ് അടക്കമുള്ള സ്‌പെഷ്യൽ വണ്ടികളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ അങ്കലാപ്പ് നേരിട്ടു. മംഗളൂരുവിൽനിന്നുള്ള മൂന്ന് തിരുവനന്തപുരം വണ്ടികൾക്കും തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസ് എന്നാണുണ്ടായിരുന്നത്. ബ്രാക്കറ്റിൽ പൂജ്യത്തിൽ തുടങ്ങുന്ന നമ്പറും. മലബാർ, മാവേലി, മംഗളൂരു എക്സ്‌പ്രസ് (06347/06349) എന്നിവയിൽ ബുക്ക് ചെയ്ത പലർക്കും വണ്ടി മാറി. ഇനി എല്ലാം പഴയതുപോലെ.