ണ്ടനിലെ ടോട്ടൻഹാം കോർട്ട് റോഡ് അണ്ടർഗ്രൗണ്ട് സ്‌റ്റേഷനിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നിരവധി യാത്രക്കാർ ട്രെയിൻ കയറാൻ വേണ്ടി നിൽക്കവെ 47കാരനായ യാത്രക്കാരൻ പ്ലാറ്റ്‌ഫോമിൽ നിന്നും ട്രാക്കിലേക്ക് മറിഞ്ഞ് വീണു. ട്രാക്കിലൂടെ ട്രെയിൻ അയാളുടെ ജീവനെടുക്കാനെന്ന വണ്ണം പാഞ്ഞടുക്കുകയാണ്. പെട്ടെന്നാണ് അപരിചിതനും ധീരനുമായ മറ്റൊരു യാത്രക്കാരൻ സ്വന്തം ജീവൻ പണയം വച്ച് ട്രാക്കിലേക്ക് ചാടിയിറങ്ങി വീണയാളെ മരണത്തിന്റെ മുന്നിൽ നിന്നും വലിച്ച് മാറ്റി ജീവിതത്തിലേക്ക് കരകയറ്റിയത്. അപരിചിതനായ ഈ രക്ഷാപ്രവർത്തകനാരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. പകരം വയ്ക്കാനില്ലാത്ത ആ മനുഷ്യസ്‌നേഹിയെ തേടുകയാണിപ്പോൾ ലണ്ടൻ പൊലീസ്.

നോർത്ത്ബൗണ്ട് നോർത്തേൺ ലൈൻ പ്ലാറ്റ്‌ഫോമിൽ നിൽക്കവെയായിരുന്നു യാത്രക്കാരൻ ട്രാക്കിലേക്ക് അപ്രതീക്ഷിതമായി മറിഞ്ഞ് വീണിരുന്നത്. അസുഖബാധയെ തുടർന്നായിരുന്നു ഈ വീഴ്ച. എല്ലാവരും പരിഭ്രത്തോടെ നോക്കി നിൽക്കവെയായിരുന്നു അപരിചിതന്റെ ഇടിമിന്നൽ വേഗതയിലുള്ള രക്ഷാപ്രവർത്തനം. അസുഖബാധിതനായ യാത്രക്കാരനെ തുടർന്ന് അവിടെ വച്ച് തന്നെ പാരാമെഡിക്‌സ് പ്രാഥമിക ശുശ്രൂഷ നൽകുകയും പിന്നീട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇയാൾ സുഖപ്പെട്ട് വരുകയുമാണ്. എന്നാൽ ഇയാളെ രക്ഷിച്ചയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടുമില്ല. ആ സമയത്ത് ട്രാക്കിലേക്കിറങ്ങുന്നത് അത്യന്തം അപകടകരമായിരുന്നുവെന്നും എന്നാൽ അത്യധികമായ ധൈര്യം പ്രകടിപ്പിച്ച അജ്ഞാതന്റെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചതെന്നും ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് സൂപ്രണ്ടായ ക്രിസ് ഹോർട്ടൻ പറയുന്നു.

രക്ഷാപ്രവർത്തകൻ യാത്രക്കാരനെ പ്ലാറ്റ്‌ഫോമിൽ എത്തിക്കുമ്പോഴേക്കും മറ്റുള്ള യാത്രക്കാർ എമർജൻസി സർവീസിനെ വിളിച്ചിരുന്നു. ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് രക്ഷാപ്രവർത്തകന് അനുമോദനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്തി ആദരിക്കാനുള്ള നീക്കത്തിലാണിപ്പോൾ പൊലീസ്. ആർക്കെങ്കിലും ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസിനെ 0800 40 50 40 എന്ന നമ്പറിൽ വിളിച്ചറിയിക്കാൻ നിർദേശമുണ്ട്.