കാസർകോട്: തിരക്ക് കൂടുന്തോറും ടിക്കറ്റ് നിരക്ക് കൂടുന്ന പ്രീമിയം തത്കാൽ സംവിധാനം റെയിൽവേ ഏർപ്പെടുത്തുമ്പോൾ വലയിരുന്നത് യാത്രക്കാരാണ്. തത്കാൽ ക്വാട്ടയിലെ പകുതി സീറ്റുകൾ പ്രീമിയം ക്വാട്ടയിലേക്ക് മാറ്റിയ റെയിൽവേ യാത്രക്കാരുടെ കീശയിൽ നിന്ന് പണം കൊള്ളയിക്കുകയാണ്. ലോവർ ബർത്തിന് കൂടിയ നിരക്ക് ഇടാക്കാനും തീരുമാനമുണ്ട്. അവധിക്കാല സീസൺ തിരിച്ചറിഞ്ഞ് ലാഭമുണ്ടാക്കാനാണ് ഇത്.

എ.സി.യിലും നിരക്ക് വർധിപ്പിച്ചു. മലബാർ, മാവേലി അടക്കം തിരക്കുള്ള വണ്ടികളിൽ ഇരട്ടിയിലധികം രൂപ വാങ്ങിയാണ് സ്ലീപ്പർയാത്രക്കാരെ പിഴിയുന്നത്. എന്നാൽ മംഗളൂരു-തിരുവനന്തപുരം(16348) പോലുള്ള വണ്ടികളിലെ പ്രീമിയം തത്കാൽ 27ന് ശേഷമില്ല. അവധി കാലയാത്രക്കാരിൽനിന്ന് പരമാവധി പണം തട്ടുക എന്ന തന്ത്രമാണ് റെയിൽവേ നടപ്പാക്കുന്നത്. തിരക്ക് കൂടുന്തോറും ടിക്കറ്റ് നിരക്ക് കൂടുന്ന പ്രീമിയം തത്കാൽ സംവിധാനം വന്നത് ഭൂരിഭാഗം പേർക്കും അറിയില്ല.

കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പ്രീമിയം തത്കാൽ എടുത്ത യാത്രക്കാരൻ കഴിഞ്ഞ ദിവസം സ്ലീപ്പർ ക്ലാസിന് 1025 രൂപയായിരുന്നു നൽകേണ്ടിവന്നത്. നിലവിലുള്ള തത്കാൽ നിരക്കിനെക്കാൾ 600 രൂപ അധികം. മാവേലി എക്സ്പ്രസിലെ തത്കാൽ നിരക്ക് 425 രൂപയും സാധാരണ റിസർവേഷൻ നിരക്ക് 325 രൂപയും ആണ്. മാവേലി എക്സ്പ്രസിൽ ആകെയുണ്ടായിരുന്ന 242 തത്കാലാണ് 121 ആയി കുറച്ചത്. ബാക്കി 121 ബർത്തുകൾ നിരക്ക് വർധിച്ചുകൊണ്ടിരിക്കുന്ന ഫ്ളെക്സി നിരക്ക് സംവിധാനത്തിലേക്കും മാറ്റി.

വേനൽക്കാല പ്രത്യേക തീവണ്ടികളായി കേരളത്തിന് റെയിൽവേ നൽകിയതെല്ലാം വൻനിരക്ക് ഈടാക്കുന്ന സുവിധയും സ്പെഷ്യൽ നിരക്കുകളുള്ളവയും. തത്കാൽ നിരക്കിനേക്കാൾ ഉയർന്ന നിരക്കാണ് ഇവയിൽ ഈടാക്കുന്നത്.ആദ്യത്തെ 25 ശതമാനം ടിക്കറ്റുകൾക്ക് തത്കാൽ നിരക്കിന്റെ 20 ശതമാനം കൂട്ടിയാണ് സുവിധയിൽ ബുക്കിങ് തുടങ്ങുന്നത്. മറ്റൊരു 25 ശതമാനം ടിക്കറ്റുകൾക്ക് തത്കാലിന്റെ ഇരട്ടിയും ബാക്കി 50 ശതമാനത്തിന് രണ്ടിരട്ടിയും മൂന്നിരട്ടിയുമായി നിരക്ക് ഉയരും.