ലക്‌നൗ: ഉത്തർപ്രദേശ് മുസഫർനഗറിൽ പുരിഹരിദ്വാർ-കലിംഗ ഉത്കൽ എക്സ്‌പ്രസ് പാളം തെറ്റി 23 പേർ മരിച്ചതിന് പിന്നിൽ തീവ്രവാദ ഇടപെടലോ എന്ന് സംശയം. അപകടം അട്ടിമറിയാണെന്നു സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭീകരവിരുദ്ധ സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ഒരു വർഷത്തിനിടെ അഞ്ച് ട്രെയിൻ അപകടങ്ങളാണ് യുപിയിൽ ഉണ്ടായിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിനു കാരണമെന്ന് അധികൃതർ അറിയിച്ചു.

ദുരന്തത്തിൽ എൺപതോളം പേർക്കു പരുക്കേറ്റതായും യുപി പൊലീസ് സ്ഥിരീകരിച്ചു. 14 കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയിൽവേ അറിയിച്ചു. കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ന്യൂഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഖട്ടൗലി സ്റ്റേഷനിൽനിന്ന് എടുത്തയുടനെ എമർജൻസി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

അപകടത്തിനു പിന്നിൽ ഭീകരാക്രമണമാണോ എന്ന സംശയത്തിലാണ് ഭീകരവിരുദ്ധ സ്‌ക്വാഡ്. ഈ മേഖലയിൽ റെയിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. അതിന്റെ ഭാഗമായി പാളം അറത്തുമാറ്റിയിരുന്നു എന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. പാളത്തിലെ വിടവ് ശ്രദ്ധയിൽപെട്ടപ്പോൾ പെട്ടെന്നു ബ്രേക്ക് പ്രയോഗിച്ചതാണ് അപകടകാരണമെന്നു വിലയിരുത്തുന്നു. പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോഴുണ്ടായ ഉലച്ചിലിൽ ബോഗികൾ തലങ്ങും വിലങ്ങുമായി മറിയുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ മറ്റ് ആശുപത്രികളിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി. ബോഗികൾ ഒന്നിനുമുകളിൽ മറ്റൊന്നായാണു കിടക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 3.5 ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവർക്ക് 50,000 രൂപയും ചെറിയ പരുക്കുള്ളവർക്കു 25,000 രൂപയും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തെപ്പറ്റി അന്വേഷിക്കാൻ ഉത്തരവിട്ടതായി മനോജ് സിൻഹ പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംഭവത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ അനുശോചിച്ചു.

റെയിൽവെ മന്ത്രാലയവും യുപി സർക്കാരും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പരുക്കേറ്റവരെ രക്ഷിക്കാൻ എല്ലാവിധ സഹായങ്ങളും ചികിൽസകളും ഉറപ്പാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു. അപകട സ്ഥലത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനായി രണ്ടു മന്ത്രിമാരെ സംസ്ഥാന സർക്കാർ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒട്ടേറെ കോച്ചുകൾ കൂട്ടിയിടിച്ച് തകർന്നിട്ടുണ്ട്. സമീപത്തെ വീട്ടിലേക്കും ചില കോച്ചുകൾ ഇടിച്ചുകയറി. റെയിൽവേ ബോർഡ് ചെയർമാൻ അടക്കമുള്ള ഉന്നതോദ്യാഗസ്ഥരും അപകടസ്ഥലത്തേക്ക് കുതിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മന്ത്രി സുരേഷ് പ്രഭു ഫോണിൽ സംസാരിച്ചു.