ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷയുറപ്പാക്കുന്നതിനായി ഐ.സി.എഫ് കോച്ചുകളുടെ നിർമ്മാണം റെയിൽവെ നിർത്തിയേക്കും. കൂട്ടിയിടി ആഘാതം തടയുന്ന സംവിധാനമുള്ള കോച്ചുകളായിരിക്കും 2018 ജൂൺ മുതൽ രാജ്യത്ത് നിർമ്മിക്കുകയെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.

നിലവിൽ ഇന്ത്യൻ റെയിൽവേയിൽ ലിങ്കെ ഹോഫ്മാൻ ബുഷ്(എൽ.ബി.എച്ച്), ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്) യുടെ കോച്ചുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. ഇതിൽ എൽ.ബി.എച്ച് കോച്ചുകളിൽ കൂട്ടിയിടി ആഘാതം തടയുന്നതിനുള്ള (ഇൻ ബിൽറ്റ് ആന്റി കൊളിഷൻ ഡിവൈസ്) സംവിധാനമുണ്ട്. ഐ.സി.എഫ് കോച്ചുകളിൽ ഈ സംവിധാനമില്ല.

അതിനാൽ 2018 ജൂലൈക്കു ശേഷം ഐ.സി.എഫ് കോച്ചുകൾ നിർമ്മിക്കുന്നത് നിർത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. റെയിൽവേയിൽ നിലവിലുള്ള ഒഴിവുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു ഗോയൽ ഇക്കാര്യം സൂചിപ്പിച്ചത്.

നിലവിൽ 1.3 ലക്ഷം ഒഴിവുകൾ വരെ റെയിൽ വേയിലുണ്ട്. ഇതിൽ അമ്പത് ശതമാനം ഒഴിവുകൾ ആറുമുതൽ ഒമ്പത് മാസത്തിനുള്ളിൽ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കുള്ള പ്രദേശങ്ങളിലെ ആളില്ലാ ലെവൽ ക്രോസുകൾ 2018 സെപ്റ്റംബറോടെ ഇല്ലാതാക്കാനും റെയിൽവേ ആലോചിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.