കോട്ടയം: കോട്ടയത്ത് ട്രെയിനിന് അടിയിൽപ്പെട്ട് മധ്യവയസ്‌ക്ക മരിച്ചു. ഇന്നലെ നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ അതിദാരുണമായി കൊല്ലപ്പെട്ടത് സ്ഥിരമായി ലോട്ടറി വിറ്റിരുന്ന നളിനി ചേച്ചി. ട്രെയിൻ നീങ്ങിയപ്പോൾ പേടിച്ച് പുറത്തേക്ക് ചാടിയ ഇവർ അതേ ട്രെയിനിന്റെ അടിയിൽപെട്ടാണ് മരിച്ചത്.

ഒറവയ്ക്കൽ മഹാത്മാഗാന്ധി കോളനി പുന്നശേരി വീട്ടിൽ ഉണ്ണിയുടെ ഭാര്യ നളിനി (64) ആണു മരിച്ചത്. ട്രെയിനിലെ ശുചിമുറി ഉപയോഗിക്കാൻ കയറിയതായിരുന്നു നളിനി. കോട്ടയം റെയിൽ വേസ്‌റ്റേഷനിൽ സ്ഥിരമായി ലോട്ടറി വിൽപ്പന നടത്തി വരികയായിരുന്നു ഇവർ. റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് എത്തിയ ഇവർ മൂന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന കാരയ്ക്കൽ എക്സ്‌പ്രസിന്റെ പിന്നിലെ ഒരു കോച്ചിലാണു ശുചിമുറി ഉപയോഗിക്കാനായി കയറിയത്.

കോച്ചുകൾ മാറ്റിയിടാനായി ഇതിനിടെ എൻജിൻ ഘടിപ്പിച്ചു. അതോടെ ട്രെയിൻ മുന്നോട്ടു നീങ്ങി. സ്റ്റേഷൻ വിട്ടു പോകുകയാണെന്നു കരുതി പരിഭ്രമിച്ച നളിനി പുറത്തേക്ക് എടുത്തുചാടി, കാൽ തെറ്റി ട്രെയിനിന്റെ അടിയിലേക്കു വീണു. സംസ്‌കാരം പിന്നീട്. മക്കൾ: സിന്ധു, ബിന്ദു, മുരളി. മരുമക്കൾ: പാപ്പച്ചൻ, മണിയപ്പൻ, രേഖ.