- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
കൊല്ലം: കേരളത്തിൽ വീണ്ടും ട്രയിൻ അട്ടിമറി ശ്രമമോ? 2020 ജൂണിൽ പാലരുവി എക്സ്പ്രസിനെ മറിച്ചിടാനായിരുന്നു ശ്രമം. ഭാഗ്യം കൊണ്ട് വലിയ ദുരന്തം ഒഴിവായി. പാളത്തിലേക്ക് വലിയ മരക്കഷ്ണം എടുത്തു വച്ചായിരുന്നു ട്രെയിൻ മറിക്കാനുള്ള ശ്രമം. കുണ്ടറയ്ക്ക് അടുത്ത് ചീരൻകാവിന് സമീപം പുലർച്ചെ 3.55നായിരുന്നു അപകടമുണ്ടാക്കാനുള്ള ശ്രമം നടന്നത്. ദിവസവും പുലർച്ചെ 3.25 ന് പുനലൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിനിനെ അപകടത്തിലാക്കാനായിരുന്നു ശ്രമം. ഇതിന് പിന്നിലെ സത്യം ഇനിയും കണ്ടെത്തിയിട്ടില്ല. അതിന് മുമ്പ് തന്നെ മലബാർ എക്സ്പ്രസിന് തീപിടിക്കുന്നു. കോഴിക്കോട് കഴിഞ്ഞ ദിവസം പാളത്തിൽ മെറ്റൽ നിരത്തി തീവണ്ടിയെ തള്ളിയിടാനുള്ള ശ്രമവും നടന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മലബാർ എക്സ്പ്രസിലെ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുന്നത്. 2020ൽ ആലപ്പുഴയിൽ രണ്ട് തീവണ്ടി അട്ടിമറി ശ്രമങ്ങൾ നടന്നിരുന്നു. റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് കട്ടി എടുത്തു വയ്ക്കുകയായിരുന്നു അന്ന് രണ്ട് അവസരത്തിലും ചെയ്തത്. അന്ന് ഇതിനെ തട്ടിയിട്ട് ട്രെയിൻ മുമ്പോട്ട് പോവുകയായിരുന്നു. അതുകൊണ്ട് ദുരന്തം ഒഴിവാക്കി. രണ്ടു മൂന്ന് പേർ ചേർന്ന് എടുത്തു വച്ചാലെ ഇത്തരം കട്ടികൾ പാളത്തിൽ സ്ഥാപിക്കാനാകൂ. അതുകൊണ്ട് തന്നെ ഇതൊരു അട്ടിമറി ശ്രമമാണെന്ന വിലയിരുത്തൽ സജീവമായിരുന്നു.
ഇന്ന് മലബാർ എക്സ്പ്രസിലെ തീപ്പിടിത്തത്തിൽ ഒഴിവായത് വലിയ ദുരന്തമാണ്. തുടക്കത്തിൽ തന്നെ തീപ്പിടിത്തം ശ്രദ്ധയിൽ പെട്ടതിനാൽ വലിയ അപകടം ഒഴിവാക്കാനായി. ബോഗിയിൽ നിന്ന് പുക ഉയർന്നതിനേതുടർന്ന് യാത്രക്കാർ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചങ്ങല വലിച്ച് യാത്രക്കാർ ട്രെയിൻ നിർത്തി. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ പൂർണമായും ട്രെയിനിൽ നിന്ന് മാറ്റി. തീ പിടിച്ച ബോഗി ട്രെയിനിൽ നിന്ന് വേർപെടുത്തി. തീ മറ്റ് കോച്ചുകളിലേക്ക് പടരുന്ന സാഹചര്യം ഒഴിവായെന്നും റെയിൽവേ അറിയിച്ചു. തീപ്പിടിത്തത്തിനുള്ള കാരണം റെയിൽവേ പരിശോധിച്ചു വരികയാണ്.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാർ എക്സ്പ്രസിന്റെ മുൻ ഭാഗത്തുള്ള പാഴ്സൽ കോച്ചിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അനുമാനം. എന്നാൽ വാഹനങ്ങളടക്കമുള്ളവ പാഴ്സൽ വസ്തുക്കളിൽ നിന്ന് തീ പടരാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതിന് അപ്പുറത്തേക്കുള്ള അട്ടിമറി സാധ്യതയും തള്ളിക്കളയാനാകില്ല. പാഴ്സൽ ബോഗിയിൽ മാത്രമാണ് തീപ്പിടിത്തം ഉണ്ടായതെന്നും തുടക്കത്തിൽ തന്നെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവാക്കാനായതെന്നും യാത്രക്കാരാനായ സുനിൽ പറഞ്ഞു. ഇടവ സ്റ്റേഷന് തൊട്ടുമുന്നിലായാണ് ട്രെയിൻ നിർത്തിയത്.
കുണ്ടായിത്തോട് കൊല്ലേരിപ്പാറയ്ക്ക് സമീപം റെയിൽപ്പാളത്തിൽ എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവെച്ചതായി കണ്ടത് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ രണ്ടാം റെയിൽപ്പാളത്തിലായിരുന്നു സംഭവം. പാളത്തിലെ അറുപത്തിയഞ്ച് മീറ്റർ ദൂരത്തിൽ വിവിധ ഭാഗങ്ങളിലായാണ് കരിങ്കൽച്ചീളുകൾ നിരത്തിവെച്ചിരുന്നത്. ഈസമയം ഈ പാളത്തിലൂടെ കടന്നുപോവുകയായിരുന്ന ഏറനാട് എക്സ്പ്രസിന്റെ എൻജിൻഡ്രൈവറുടെ ശ്രദ്ധയിൽ പാളത്തിലെ കരിങ്കൽച്ചീളുകൾ പെട്ടതോടെ തീവണ്ടിയുടെ വേഗം കുറച്ച് കടന്നുപോവുകയായിരുന്നു. ഉടൻതന്നെ തീവണ്ടിയുടെ ലോക്കോ പൈലറ്റ് സംഭവം കോഴിക്കോട് റെയിൽവേ പൊലീസിൽ വിവരമറിയിച്ചു.
സംഭവമറിഞ്ഞ ഉടൻതന്നെ റെയിൽവേ പൊലീസും നല്ലളം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തീവണ്ടി കടന്നുപോയ പാളത്തിൽ കരിങ്കൽച്ചീളുകൾ അമർന്ന് അടയാളം രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ, കുട്ടികൾ ആരോ കരിങ്കൽ എടുത്തുവെച്ച് കളിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പാളത്തിൽ കുട്ടികളെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞതായും പൊലീസ് പറഞ്ഞു. അങ്ങനെ ആ അന്വേഷണവും തീർന്നു. തീവണ്ടി അട്ടിമറി ശ്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെ കണ്ടില്ലെന്ന് നടിച്ചാണ് എല്ലാ അന്വേഷണവും അവസാനിപ്പിക്കുന്നത്.
അയനിക്കാട്ടേതും സമാനതകളില്ലാത്ത വീഴ്ച
2019 ഡിസംബറിൽ അയനിക്കാട് പെട്രോൾപമ്പിനു പിൻഭാഗത്തുള്ള റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് തീവണ്ടി മറിക്കാനാണെന്നായിരുന്നു വിലയിരുത്തൽ സജീവമായിരുനനു. പാളത്തിൽ 50 മീറ്ററോളം ദൂരത്താണ് കരിങ്കൽ കഷണങ്ങൾ നിരത്തിവെച്ചത്. ഇവിടെത്തന്നെ കോൺക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിഞ്ഞുമാറിയ നിലയിൽ കണ്ടെത്തി. ഇത്തരത്തിലുള്ള 20 എണ്ണമുണ്ടായിരുന്നു. കല്ലുവെച്ച പാളത്തിന്റെ മറുവശത്തുള്ള പാളത്തിലെ ക്ലിപ്പുകളാണിവ.
സാധാരണ തീവണ്ടി കടന്നുപോയാലും ഗ്രീസ് ഇട്ടാലും ഇങ്ങനെ സംഭവിക്കുമെങ്കിലും മറ്റുഭാഗങ്ങളിൽ ഇങ്ങനെ ഉണ്ടാവാത്തതാണ് അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടി. പാളത്തിൽ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി വീടുകളില്ല. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നു. മംഗലാപുരത്തേക്ക് പരശുറാം എക്സ്പ്രസാണ് കടന്നുപോയത്. വണ്ടി കടന്നുപോയപ്പോൾ അസ്വാഭാവികത അനുഭവപ്പെട്ടെന്ന എൻജിൻ ഡ്രൈവറുെട പരാതി അറിയിച്ചു. ഇതോടെയാണ് പരിശോധന നടത്തിയത്.ആർ.പി.സി.എഫ്. വിഭാഗവും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തി. എന്നാൽ ആരേയും പിടികൂടിയില്ല.
വടക്കൻ കേരളത്തിൽ റെയിൽവെ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് പരാതി നേരത്തെയും ഉയർന്നിരുന്നു. മുമ്പ് നിരവധി തവണ തീവണ്ടി അട്ടിമറിക്കാൻ നീക്കം നടന്നിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ അധികൃതർ തയ്യാറായിട്ടില്ല. ചെറുവത്തൂരിനും മംഗളൂരുവിനും ഇടയിലാണ് നിരവധി തവണ തീവണ്ടി അട്ടിമറി ശ്രമം നടന്നത്. മഞ്ചേശ്വരത്തിനും കാസർഗോഡിനുമിടയിൽ മാത്രം 4 തവണ ഇത്തരത്തിൽ നീക്കം 2016ൽ നടന്നു.
മഞ്ചേശ്വരത്തും അന്വേഷണമില്ല
മഞ്ചേശ്വരത്ത് പാളത്തിൽ മൈൽ കുറ്റിയും കൂറ്റൻ കല്ലുകളുമിട്ടാണ് തീവണ്ടി അട്ടിമറിക്കാൻ പദ്ധതിയിട്ടത്. ഇത്തരം വാർത്തകളും വിവാദങ്ങളും കാരണം മലബാറിൽ റെയിൽവേ സുരക്ഷ കർശനമാക്കി. തീവണ്ടി അട്ടിമറിയിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് ബന്ധമുള്ളതായി ഇന്റജിലൻസ് വകുപ്പ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ഉന്നതതല യോഗം ചേർന്നിരുന്നുവെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. മലബാറിൽ കുമ്പളയ്ക്കടുത്ത് റെയിൽവെ ട്രാക്കിലെ സേഫ്റ്റി പിൻ മുറിച്ച് മാറ്റിയ നിലയിൽ കണ്ടെത്തിയതും ചർച്ചയായിരുന്നു.
പള്ളിക്കര ബേക്കലിൽ തീവണ്ടിക്കു നേരെ കല്ലേറും ഉണ്ടായി. റെയിൽവെ ട്രാക്കുകളിൽ ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനങ്ങൾ നിലച്ചതും സുരക്ഷാ വീഴ്ച്ചകളിലേക്കാണ് വിരൽ ചൂണ്ടിയിരുന്നു. 2016ൽ കാസർഗോഡ് കളനാടിന് സമീപം റെയിൽപ്പാളം മുറിച്ച് മാറ്റിയ നിലയിൽ കണ്ടെത്തിയത് രാവിലെ മാവേലി എക്സ്പ്രസ് കടന്ന് പോകുന്നതിന് തൊട്ട് മുമ്പായിരുന്നു. പാലം മുറിച്ചുമാറ്റിയത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് ഇത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ