തിരുവനന്തപുരം: മാവേലി എക്സ്‌പ്രസിൽ യാത്രക്കാരനെ മർദിക്കുകയും ചവിട്ടുകയും ചെയ്ത എഎസ്‌ഐ എം.സി.പ്രമോദിനെ സസ്‌പെൻഡു ചെയ്തു. റെയിൽവേ എസ്‌പി ചൈത്ര തെരേസ ജോണിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് ചുമതലയുള്ള ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാറാണു നടപടിയെടുത്തത്.

പ്രമോദ് മർദ്ദിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്നും മനുഷ്യത്വ രഹിതമായി പെരുമാറിയെന്നും സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ടിടിഇയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥൻ ഉടപെട്ടത്. പക്ഷെ ട്രെയിനിൽ നിന്ന് ഇറക്കി വിടുമ്പോൾ ചവിട്ടിയത് ഗുരുതര തെറ്റാണെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് എസിപിയുടെ റിപ്പോർട്ടിൽ പറയുന്നത്. സ്‌പെഷ്യൽ ബ്രാഞ്ച് എസിപി കണ്ണൂർ കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറി.

എ എസ് ഐ പ്രമോദിനെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചു. ഇദ്ദേഹത്തെ റെയിൽവേയിലെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിറുത്തും. സംഭവത്തെക്കുറിച്ച് റെയിൽവേ അഡ്‌മിനിസ്‌ട്രേഷൻ ഡി വൈഎസ് പി അന്വേഷിക്കും. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസിൽ ഇന്നലെ രാത്രി തലശേരിക്ക് സമീപത്തുവച്ചായിരുന്നു യാത്രക്കാരന് മർദ്ദനമേറ്റത്. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.

യാത്രക്കാരൻ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് തന്നെയാണ് പാലക്കാട് സബ് ഡിവിഷണൽ ഡി വൈ എസ് പിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഈ യാത്രക്കാരന്റെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. ഇയാൾ രണ്ട് പെൺകുട്ടികളുടെ അടുത്തിരുന്നു. ഇയാളെ അവിടെ നിന്ന് മാറ്റുന്നതിനിടയിൽ നിലത്തുവീണു. അതിനിടയിലാണ് എ എസ് ഐ ചവിട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് പറഞ്ഞു.

എന്നാൽ, ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എസ്‌ഐഐ പ്രമോദ് വിശദീകരിക്കുന്നു

എ. എസ്. ഐ കെ.വി പ്രമോദിന്റെ കൂടെ സി.പി. ഒ രാഗേഷെന്ന പൊലിസുകാരനുണ്ടായിരുന്നുവെങ്കിലും ഇയാൾ യാത്രക്കാരനെ തൊടാതെ മാറി നിൽക്കുകയായിരുന്നു. യാത്രക്കാരനെ മർദ്ദിച്ചതിനു ശേഷം പുറത്തേക്ക് വലിച്ചിടുകയായിരുന്നു.

ഈ കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന മറ്റു യാത്രക്കാർ മർദനം നടത്തുന്നത് വിലക്കിയെങ്കിലും ഇതൊന്നും ചെവികൊള്ളാതെ എ. എസ്‌ഐ മർദ്ദനമഴിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതു ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.

യാത്രക്കാരനെ മർദ്ദിച്ചതിനു ശേഷം ടി.ടി. സ്ഥലത്തെത്തുകയും ഇയാളെ രാത്രിയിൽ വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടാൻ കൂട്ടുനിൽക്കുകയായിരുന്നു. ഓർഡിനറി കംപാർട്ട് മെന്റിൽ ടിക്കറ്റെടുത്ത യാത്രക്കാരൻ സ്ളീപ്പറിൽ കയറിയതിനാണ് പൊലിസ് മർദ്ദനമഴിച്ചുവിട്ടത്. ട്രെയിനിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് യാത്രക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നാണ് മർദ്ദനം നടത്തിയ എ. എസ്. ഐയുടെ വിശദീകരണം.

എന്നാൽ ഇയാൾ യാത്രക്കാരനെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സാധാരണയായി ടിക്കറ്റില്ലാതെ യാത്രക്കാർക്ക് പിഴ ചുമത്തുകയോ അവരെ ട്രെയിനിൽ നിന്നും ഇറക്കി വിടുകയോ ചെയ്യുന്നത് ടി. ടി.യുടെ ചുമതലയാണ്. ടിക്കറ്റില്ലാതെ ഒരാൾ യാത്ര ചെയ്താൽ ട്രെയിൻ പുറപ്പെടുന്ന സ്ഥലത്തു നിന്നുമുള്ള ടിക്കറ്റ് നിരക്കോ 250രൂപ പിഴയീടാക്കുകയോ കേസെടുക്കുകയോയാണ് ചെയ്യാറുള്ളത്. ഇതു മറികടന്നുകൊണ്ടാണ് പൊലിസ് ഉദ്യോഗസ്ഥന്റെ അതിക്രമം നടന്നത്. ഇന്നലെ രാത്രി കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ് പ്രസ് തലശേരിയിലെത്തിയപ്പോഴാണ് പൊലിസ് അതിക്രമം നടന്നത്. മർദ്ദിച്ച യാത്രക്കാരന്റെ പേരോ മറ്റുവിവരങ്ങളോ ടിക്കറ്റോ ചോദിക്കാതെയാണ് പൊലിസ് കൈയേറ്റം നടത്തിയതെന്നാണ് മറ്റു യാത്രക്കാർ പറയുന്നത്.