തിരുവനന്തപുരം: നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്‌പ്രസ് ട്രെയിനിൽ അമ്മയും മകളും ഉൾപ്പെടെ മൂന്നു സ്ത്രീകളെ ലഹരിമരുന്നു നൽകി മയക്കി കവർച്ച നടത്തിയ കേസിൽ കൊൽക്കത്ത സ്വദേശികളായ മൂന്നു പ്രതികളെ വിചാരണക്കായി സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തയച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആർ. രേഖയാണ് കേസ് വിചാരണക്കായി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചത്. പശ്ചിമ ബംഗാൾ ബലിയാദംഗ സ്വദേശി മൊഹമ്മദ് ഷൗക്കത്ത് അലി (49) , കൊൽക്കത്ത സ്വദേശി സുബൈർ ക്വാദ്‌സി (47), കാളിഘട്ട് സ്വദേശി മൊഹമ്മദ്. കെയും (49) എന്നിവരാണ് ട്രെയിൻ കവർച്ചാ കേസിലെ 1 മുതൽ 3 വരെയുള്ള പ്രതികൾ.

2021 സെപ്റ്റംബർ 11 നു രാത്രിയാണ് കവർച്ച നടന്നത്. ഉത്തർപ്രദേശിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂർ മുണ്ടൂർ വേലിൽ വിജയലക്ഷ്മി (45), മകൾ അഞ്ജലി (23) എന്നിവരുടെ പക്കൽ നിന്നു 17 പവന്റെ സ്വർണാഭരണങ്ങളും 16,000 രൂപയും 15,000 രൂപയും വീതം വിലയുള്ള 2 മൊബൈൽ ഫോണുകളും കോയമ്പത്തൂർ സ്വദേശി കൗസല്യ (23) യുടെ 14,000 രൂപ വിലയുള്ള ഫോണുമാണു മോഷണം പോയത്.
സെപ്റ്റംബർ 11 നു വൈകിട്ട് ട്രെയിനിൽ സേലത്തിനു സമീപം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഇവരെ 12 ന് പുലർച്ചെ തിരുവനന്തപുരത്തെത്തിയ ട്രെയിനിൽ ബോധരഹിതരായ നിലയിൽ കണ്ടെത്തുകയായിരുന്നു.

സ്ത്രീകൾ ട്രെയിനിലെ ടോയ്‌ലറ്റിൽ പോയ സമയം കുപ്പിവെള്ളത്തിലും ഭക്ഷണത്തിലും ഉറക്ക ഗുളിക പൊടിച്ചിട്ടാണു മയക്കിയതെന്നു പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയ കുറ്റസമ്മത മൊഴിയുടെ പ്രസക്ത ഭാഗം റെയിൽവേ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മോഷണ മുതൽ വിറ്റെന്നും പ്രതികൾ പൊലീസിന് മൊഴി നൽകിയതായ മൊഴി കോടതിയിൽ ഹാജരാക്കി. ഒക്ടോബർ 4 ന് മറ്റൊരു കവർച്ചയ്ക്കായി നിസാമുദ്ദീൻഎറണാകുളം എക്സ്‌പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണു മുംബൈയ്ക്കു സമീപം റെയിൽവേ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ടിക്കറ്റെടുത്തപ്പോൾ നൽകിയ മേൽവിലാസത്തിലെ പിൻകോഡിനു പിന്നാലെ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് ഒരു മാസത്തിനകം പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. 2021 ഏപ്രിലിൽ നാഗർകോവിലിലും സമാന രീതിയിൽ കവർച്ച നടന്നിരുന്നു. ബുക്കിങ് സ്ലിപ്പ് പരിശോധിച്ചതിൽ 2 ട്രെയിനിലും ആഗ്രയിൽ നിന്ന് കയറിയ കെയും എന്നയാളിലേക്കായി അന്വേഷണം. ബുക്കിങ് സ്ലിപ്പിലെ വിലാസം വള്ളത്തോൾ നഗർ സ്വദേശിയായ കച്ചവടക്കാരന്റെയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ ആഗ്രയിൽ നിന്ന് കെയും എന്നയാളെ പരിചയപ്പെട്ടതായി വിവരം ലഭിച്ചു. തുടർന്ന് വിലാസം തിരിച്ചറിഞ്ഞ് കൊൽക്കത്തയിലെത്തിയെങ്കിലും പ്രതികൾ മുങ്ങി.

പ്രതികൾ സ്ഥിരമായി നിസാമുദ്ദീൻ എക്സ്‌പ്രസിലെ യാത്രക്കാരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വെളിപ്പെട്ടതോടെ റെയിൽവേ ബുക്കിങ് ചാർട്ട് നിരീക്ഷിച്ചു. ഒരേ പിൻ നമ്പരിൽ 3 പേർ യാത്ര ചെയ്യുന്നതിൽ സംശയം തോന്നി പിൻതുടർന്ന് പിടികൂടുകയായിരുന്നു. തിരുവനന്തപുരം - കോയമ്പത്തൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് , റെയിൽവേ പൊലീസ് എന്നിവരുടെ സംയുക്ത അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.