മെൽബൺ: ശമ്പള വർധന ആവശ്യപ്പെട്ട് ട്രെയിൻ, ട്രാം, ബസ് തൊഴിലാളികൾ ഈയാഴ്ച പണിമുടക്ക് നടത്തും. മെട്രോ ട്രെയിൻസ് ഇൻഫ്രാസ്ട്രക്ടചർ മെയിന്റനൻസ് വർക്കേഴ്‌സിന് 17 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ടാണ് തൊഴിലാളികൾ 48 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ വർഷം ഡ്രൈവർമാർക്ക് നൽകിയ ശമ്പള വർധനയുടെ അതേ അടിസ്ഥാനത്തിൽ തൊഴിലാളികൾക്കും നൽകണമെന്നാണ് യൂണിയന്റെ ആവശ്യം.

യൂണിയന്റെ ആവശ്യം മെട്രോ അധികൃതർ നിഷേധിച്ചതിനാലാണ് പണിമുടക്കുമായി മുന്നോട്ടു പോകാൻ തീരുമാനമായത്. അതേസമയം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന മൂന്നു യൂണിയനുകളും ആർടിബിയു മെമ്പർമാരും യോജിച്ചാലും ഭൂരിപക്ഷമാകില്ലെന്നും അതുകൊണ്ടു തന്നെ പണിമുടക്ക് യാത്രക്കാരെ ഒരു കാരണവശാലും ബാധിക്കില്ലെന്നും പബ്ലിക് ട്രാൻസ്‌പോർട്ട് മിനിസ്റ്റർ ജസീന്ത അലൻ വ്യക്തമാക്കുന്നു. യൂണിയൻ പണിമുടക്കിൽ ഏർപ്പെട്ടാലും ട്രെയിൻ ഗതാഗതം തടസപ്പെടില്ലെന്നും അതുകൊണ്ടു തന്നെ യാത്രക്കാർക്ക് പതിവു പോലെ യാത്ര ചെയ്യാൻ സാധിക്കുമെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.

അവരുടെ ആവശ്യം വലുതാണെന്നും പണിമുടക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി എന്തു നേടിയെടുക്കാമെന്നുള്ള ഒരു തെറ്റായ ചിന്ത തൊഴിലാളി യൂണിയനുകൾക്കിടയിൽ ഉണ്ടാകാൻ ഇത്തരം സംഭവങ്ങൾ കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് മാത്യൂ ഗെ വ്യക്തമാക്കി. കഴിഞ്ഞ വർഷം വിക്ടോറിയയിൽ ആർടിബിയു വിന്റെ നേതൃത്വത്തിൽ നിരവധി തൊഴിലാളി സമരങ്ങളാണ് നടന്നത്.