പാലക്കാട്: ലോകത്ത് എവിടെയായാലും ഓണത്തിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവരാണ് ഏറിയ പങ്ക് മലയാളികളും. ഇത്തവണ ഓണക്കാലത്ത് നാട്ടിലെത്താൻ മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. ഓണക്കാലത്തെ തിരക്കു കുറയ്ക്കാൻ ദക്ഷിണ റെയിൽവേ അനുവദിച്ചത് ആറ് ട്രെയിനുകൾ മാത്രമാണ്. ആകെ 10 സർവീസും മാത്രം. ആദ്യമായാണ് ഓണ സീസണിൽ ഇത്രയും കുറവു സർവീസ് റെയിൽവേ ഏർപ്പെടുത്തുന്നത്. പ്രധാന ട്രെയിനുകളിൽ ഇപ്പോൾ തന്നെ ടിക്കറ്റ് ലഭ്യമല്ല. മലയാളികൾ ഏറെയുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നു പ്രത്യേക ട്രെയിനുകൾ ഇല്ല.

ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണു ട്രെയിൻ അനുവദിച്ചത്. കേരള എക്സ്‌പ്രസ്, നേത്രാവതി എക്സ്‌പ്രസ്, ചെന്നൈ - തിരുവനന്തപുരം മെയിൽ ഉൾപ്പെടെ പ്രധാന ട്രെയിനുകളിൽ ഓണം കഴിയുന്നതു വരെ ടിക്കറ്റ് ലഭ്യമല്ലെന്നു യാത്രക്കാർ പറഞ്ഞു.

അതേസമയം, കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. ഓണത്തിനുള്ള 5 ട്രെയിനുകൾക്കു പുറമേ വേളാങ്കണ്ണി തിരുനാളിന്റെ ഭാഗമായി എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും ഓരോ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ ഓണത്തിന് കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ബസ് സർവീസുകൾക്ക് അധിക ചാർജ് ഈടാക്കുമെന്ന് കർണാടക ആർ ടി സിയും അറിയിച്ചിട്ടുണ്ട്. ബംഗളുരുവിൽ അടക്കം താമസിക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ള മലയാളികൾക്ക് കേരളത്തിലേക്ക് ഓണക്കാലത്ത് മടങ്ങാൻ കൂടുതൽ പണം ചെലവിടേണ്ടി വരും. 20 ശതമാനം ചാർജ് കൂട്ടാനാണ് ആലോചനകൾ നടക്കുന്നത്. പ്രീമിയം ഡീലക്‌സ് ബസുകൾക്കാണ് അധിക ചാർജ് ഈടാക്കുക. സെപ്റ്റംബർ രണ്ട് മുതൽ 12 വരെയാണ് ഓണത്തിരക്ക് കണക്കിലെടുത്ത് അധിക സർവീസുകൾ നടത്തുന്നത്. എന്നാൽ, കേരളത്തിലേക്കുള്ള പതിവ് സർവീസുകളിൽ അധിക നിരക്ക് ഈടാക്കില്ലെന്നും കർണാടക ആർ ടി സി അറിയിച്ചിട്ടുണ്ട്.

ഓണം സ്‌പെഷലിൽ റിസർവേഷൻ

ഓണം, വേളാങ്കണ്ണി തിരുനാൾ എന്നിവയോടനുബന്ധിച്ചുള്ള സ്‌പെഷൽ ട്രെയിനുകളിൽ റിസർവേഷൻ തുടങ്ങി. സർവീസ് ഇങ്ങനെ:

താംബരം മംഗളൂരു സ്‌പെഷൽ (06041) സെപ്റ്റംബർ 2നു ഉച്ചയ്ക്ക് 1.30നു താംബരത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6.45നു മംഗളൂരുവിൽ എത്തും. തിരികെ (06042) സെപ്റ്റംബർ 3നു രാവിലെ 10നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4നു താംബരത്ത് എത്തും.

താംബരം കൊച്ചുവേളി സ്‌പെഷൽ (06043) സെപ്റ്റംബർ 4ന് ഉച്ചയ്ക്ക് 2.15ന് താംബരത്തുനിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് കൊച്ചുവേളിയിലെത്തും. തിരികെ (6044) 5ന് ഉച്ചയ്ക്ക് 2.30നു കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് 6ന് രാവിലെ 10.55ന് താംബരത്തെത്തും. കോട്ടയം വഴിയാണു സർവീസ്.

എറണാകുളം ജംക്ഷൻ ചെന്നൈ സെൻട്രൽ (06046): സെപ്റ്റംബർ ഒന്നിന് രാത്രി 10ന് എറണാകുളത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 12നു ചെന്നൈയിലെത്തും. തിരികെ (06045) 2നു വൈകിട്ട് 3.10നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 3ന് എറണാകുളത്തെത്തും.

തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, സേലം വഴിയുള്ള നാഗർകോവിൽ ജംക്ഷൻചെന്നൈ എഗ്മൂർ സ്‌പെഷൽ (06048): സെപ്റ്റംബർ 11നു വൈകിട്ട് 5.50നു നാഗർകോവിലിൽ നിന്നു പുറപ്പെട്ട് 12ന് ഉച്ചയ്ക്ക് 12.30നു ചെന്നൈ എഗ്മൂറിലെത്തും.

ചെന്നൈ എഗ്മൂർ നാഗർകോവിൽ ജംക്ഷൻ സ്‌പെഷൽ (06047): 12നു വൈകിട്ട് 4.15നു ചെന്നൈ എഗ്മൂറിൽനിന്നു പുറപ്പെട്ട് തിരുച്ചിറപ്പള്ളി, മധുര, തിരുനെൽവേലി വഴി 13നു പുലർച്ചെ 5.55നു നാഗർകോവിലിൽ എത്തും.

കൊച്ചുവേളി എസ്എംവിടി ബെംഗളൂരു (06037): 11ന് വൈകിട്ട് 5ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.10നു ബെംഗളൂരുവിലെത്തും. തിരികെ (06038) 12നു വൈകിട്ട് 3നു ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് 13നു പുലർച്ചെ 6.35ന് കൊച്ചുവേളിയിലെത്തും. കോട്ടയം വഴിയാണ് സർവീസ്.

എറണാകുളം ജംക്ഷൻ വേളാങ്കണ്ണി സ്‌പെഷൽ (06039) ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.15നു വേളാങ്കണ്ണിയിൽ എത്തും. സെപ്റ്റംബർ 5 വരെ എല്ലാ തിങ്കളാഴ്ചകളിലുമാണ് ട്രെയിൻ. കോട്ടയം വഴിയാണിത്. മടക്ക ട്രെയിൻ (06040) 16നു വൈകിട്ട് 5.30നു വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും. സെപ്റ്റംബർ 6 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് സർവീസ്.

അതേ സമയം ഓണം നാട്ടിലെത്തി ആഘോഷിക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഞെട്ടലുണ്ടാക്കുന്നതാണ് കർണാടക ആർടിസിയുടെ അറിയിപ്പ്. ഓണക്കാലത്ത് കർണാടക ആർ ടി സി നടത്തുന്ന പ്രത്യേക സർവീസിനെ നിരവധി പേർക്ക് ആശ്രയിക്കേണ്ടി വരും. ഇത് മുതലെടുത്താണ് സ്‌പെഷ്യൽ സർവ്വീസുകൾക്ക് കർണാടക ആർടിസി നിരക്ക് വർധിപ്പിക്കുന്നത്.

അതേസമയം, 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേരളത്തിൽ പോകാനാഗ്രഹിക്കുന്നവർക്കായും കർണാടക ആർ ടി സി പ്രത്യേക ബസ് സർവ്വീസ് ആരംഭിച്ചിരുന്നു. 12 മുതൽ 15 വരെ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവ്വീസ് നടത്തുന്നത്.

പതിവു സർവീസുകൾക്കു പുറമെ 19 അധിക സർവ്വീസ് കൂടിയാണ് ആരംഭിച്ചിരിക്കുന്നത്. ഈ സർവ്വീസുകൾക്ക് പ്രത്യേക ഓഫറും കർണാടക ആർടിസി നൽകുന്നുണ്ട്. നാല് പേരോ അതിൽ കൂടുതലോ യാത്രക്കാർ ഒന്നിച്ചു ഒരൊറ്റ ടിക്കറ്റായി ബുക്ക് ചെയ്താൽ ടിക്കറ്റ് തുകയിൽ അഞ്ച് ശതമാനം ഇളവാണ് നൽകുന്നത്. ഒപ്പം മടക്കയാത്ര ടിക്കറ്റ് കൂടെ ബുക്ക് ചെയ്താൽ 10 ശതമാനം ഇളവും ലഭിക്കും.