ന്യൂഡൽഹി: കുറേക്കാലം മുമ്പ് റെയിൽവെയ്‌ക്കെതിരെ ഉയർന്ന ആക്ഷേപം വീണ്ടുമുയരുന്നു. എപ്പോഴും വൈകിയെത്തുന്നു എന്ന ചീത്തപ്പേര് ഒരു ദശാബ്ദം മുമ്പ് റെയിൽവെയുടെ മുഖമുദ്രയായിരുന്നു.

എന്നാൽ അടുത്തകാലത്ത് ആ ചീത്തപ്പേരു മാറി. സമയത്ത് ട്രെയിനുകൾ ഓടിച്ചുതുടങ്ങിയിരുന്നു റെയിൽവെ. എന്നാൽ വീണ്ടും ആ പഴയ ചീത്തപ്പേര് തിരിച്ചുവരികയാണ്. രാജ്യത്ത് പത്ത് ട്രെയിനുകളിൽ നാലു ട്രെയിനുകളും വൈകുന്നതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. റെയിൽവേ ട്രാക്കുകളുടെ നിർമ്മാണവും നവീകരണ പ്രവർത്തനങ്ങളും അപകടങ്ങളുമാണ് ട്രെയിനുകൾ വൈകാൻ കാരണം. 2017ലെ കണക്കുകൾ പ്രകാരമാണിത്.

2017ൽ 1,09,704 ട്രെയിനുകളാണ് വൈകിയത്. ഇതിൽ അപകടങ്ങൾമൂലം അഞ്ച് ശതമാനം ട്രെയിനുകളും സാങ്കേതിക തകരാറുമൂലം 20 ശതമാനവും അറ്റകുറ്റപണികൾമൂലം 40 ശതമാനം ട്രെയിനുകളുമാണ് വൈകിയത്. റെയിൽവേ യാത്രക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും ഇത് ട്രാക്കുകളുടെ നവീകരണത്തിലൂടെ മാത്രമേ നടപ്പാക്കാൻ സാധിക്കുകയുള്ളുവെന്നും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

നടപ്പു സാമ്പത്തിക വർഷം 3,600 കിലോമീറ്റർ ട്രാക്കുകൾ നവീകരിക്കാനായിരുന്നു റെയിൽവേയുടെ പദ്ധതി. 2000 കിലോമീറ്റർ ട്രാക്ക് ഈ സാന്പത്തിക വർഷം നവീകരിച്ചുവെന്നും അധികൃതർ പറഞ്ഞു. ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാലും ട്രാക്കുകൾ മാറ്റി സ്ഥാപിക്കുന്നതിനാലും രാജ്യത്താകെ ട്രെയിനുകൾ വൈകുന്ന സാഹചര്യമുണ്ട്. ഇതിന് പുറമെ മഞ്ഞ് കനത്തതോടെ വടക്കൻ മേഖലയിൽ ട്രെയിനുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നു.