ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന കൊള്ളയെക്കുറിച്ചും മരുന്നുവിലയിലെ തട്ടിപ്പുകളെ പറ്റിയും റിപ്പോർട്ട് നൽകിയതിന് പിന്നാലെ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി (എൻപിപിഎ) ചെയർമാൻ ഭൂപേന്ദ്ര സിംഗിനെ കേന്ദ്രസർക്കാർ മാറ്റിയത് ദേശീയ തലത്തിൽ വലിയ ചർച്ചയാകുന്നു. സ്വകാര്യ മരുന്ന് ലോബിയുടേയും സ്വകാര്യ ആശുപത്രി മുതലാളിമാരുടേയും താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഭുപേന്ദ്ര സിംഗിനെ മാറ്റിയതെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.

ഭൂപേന്ദ്ര സിങ് അഥോറിറ്റി ചെയർമാൻ ആയതിന് ശേഷം ജനോപകാര പ്രദമായ നിരവധി നടപടികളാണ് കൈക്കൊണ്ടത്. സ്വകാര്യ മരുന്നുലോബിക്കും ആശുപത്രികൾക്കും വൻ തിരിച്ചടിയായ തീരുമാനങ്ങൾ പക്ഷേ, കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ കൂട്ടുകയും ചെയ്തു. എന്നിട്ടും ഇപ്പോൾ ആശുപത്രികളിലെ കൊള്ളയെക്കുറിച്ച റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ഭൂപേന്ദ്ര സിംഗിനെ മാറ്റുകയായിരുന്നു കേന്ദ്രസർക്കാർ. ആശുപത്രികളിലെ ചികിത്സാ നിരക്കിൽ നടത്തുന്ന കൊള്ളയെപ്പറ്റിയുള്ള വിശദ റിപ്പോർട്ടാണ് സിങ് നൽകിയത്. ഇതു വലിയ ചർച്ചയായതോടെ പത്തുദിവസം തികയും മുമ്പേ ഭൂപേന്ദ്രസിംഗിനെ മാറ്റുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു ഭുപേന്ദ്ര സിങ്ങിനെ ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റി ഉത്തരവ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ഇത്തരമൊരു മാറ്റത്തിനായി കേന്ദ്രത്തിൽ വൻ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും മരുന്നുലോബിയും ആശുപത്രി ലോബിയും നടത്തിയ നീക്കങ്ങളാണ് മാറ്റത്തിന് കാരണമെന്നും ചർച്ചയാവുകയാണ് ഇപ്പോൾ. മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനമായി പ്രചരിപ്പിക്കപ്പെട്ടതായിരുന്നു കുറഞ്ഞ വിലയ്ക്കുള്ള ജീവൻരക്ഷാ ഔഷധങ്ങളുടെ വിതരണം.

ഈ ആശയം നടപ്പാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ഭുപേന്ദ്ര. എന്നാൽ ഡൽഹിയിലെ ചില ആശുപത്രികൾ രോഗികളെ 'പിഴി'യുന്നതിന്റെ കണക്കും ആശുപത്രി ഉപകരണങ്ങളുടെ വിലയിൽ നടത്തുന്ന കൊള്ളയും സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ മാസം എൻപിപിഎ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണു സിങ്ങിനെ മാറ്റിയതാണ് ചർച്ചയാവുന്നത്. പുതിയ ചെയർമാനെ നിയമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഭൂപേന്ദ്രയെ തന്നെ ആ സ്ഥാനത്ത് നിയമിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുമുണ്ട്.

ലോക ആരോഗ്യമേഖലയ്ക്കു മുഴുവൻ മാതൃകയാക്കാവുന്ന തരത്തിൽ സ്റ്റെന്റുവിലയിൽ ഗണ്യമായ കുറവു വരുത്തിയതുൾപ്പെടെ നിരവധി ജനോപകാരപ്രദമായ നടപടികൾ ഭുപേന്ദ്ര സിങ്ങ് എൻപിപിഎ ചെയർമാൻ ആയിരുന്ന വേളയിൽ നടപ്പാക്കിയിരുന്നു. ഇതിനൊപ്പം ആൻജിയോ പ്ലാസ്റ്റി ഉൾപ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന അനുബന്ധ ഉപകരണങ്ങളുടെ വിലയിലും നിയന്ത്രണം ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു എൻപിപിഎ. ഇത്തരത്തിൽ രോഗികളെ പിഴിയുന്ന ആശുപത്രികൾക്ക് എതിരെ കടുത്ത നിലപാടിലേക്ക് കാര്യങ്ങളെത്തും എന്ന ഘട്ടം വന്നപ്പോഴാണ് സിംഗിന്റെ മാറ്റം. നാഷണൽ അഥോറിറ്റി ഫോർ കെമിക്കൽ വെപ്പൺസ് കൺവെൻഷന്റെ ചെയർമാനായാണ് പുതിയ നിയമനം.

സിംഗിനെ മാറ്റിയതിന് എതിരെ പ്രതികരണങ്ങളുമായി ദേശീയ തലത്തിൽ മരുന്നുവില കൊള്ളയ്‌ക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. വില നിയന്ത്രണത്തിനായി ശക്തമായ നടപടിയെടുത്തതിനൊപ്പം കൃത്യവിലോപം നടത്തുന്നവർക്കെതിരെയും ഫാർമസ്യൂട്ടിക്കൽ അഥോറിറ്റി നടപടി സ്വീകരിച്ചിരുന്നു. എൻപിപിഎക്കും ഭൂപേന്ദ്ര സിംഗിനുമെതിരെ യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരോഗ്യ രംഗത്തെ മൾട്ടി നാഷണൽ സ്ഥാപനങ്ങൾ വൻ പ്രചരണം നടത്തിയിരുന്നു. ഇതിനെതിരെയും ഓൾ ഇന്ത്യ ഡ്രഗ് ആക്ഷൻ നെറ്റ്‌വർക്ക് (എഐഡിഎഎൻ) ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിക്കുന്നു.

സ്‌റ്റെന്റുകളുടെയും മരുന്നുകളുടേയും വിലകുറച്ച് താരമായി

സ്റ്റെന്റ്, മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലെ ഇംപ്‌ളാന്റ്‌സ്, എന്നിവയുടെ വില കുറച്ചതിന് പുറമെ രണ്ടു ഘട്ടങ്ങളിലായി നിരവധി മരുന്നുകളുടെ വില കുറച്ചുകൊണ്ടും അഥോറിറ്റി തീരുമാനമെടുത്തിരുന്നു. 2016 മെയിൽ രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്ക് വില 55 ശതമാനംവരെ വില കുറച്ചിരുന്നു. 54 മരുന്നുകളുടെ വിലയാണ് കുറഞ്ഞത്. അതിന് തൊട്ടുമുമ്പും ഇത്തരത്തിൽ പല മരുന്നുകളുടേയും വില കുറയ്ക്കാൻ ഭൂപേന്ദ്ര തീരുമാനം കൈക്കൊണ്ടു. ഇതിനെല്ലാം പിന്നാലെയാണ് കോർപ്പറേറ്റ് ആശുപത്രികളിലെ കൊള്ളയെ പറ്റിയുള്ള റിപ്പോർട്ട് പുറത്തുവന്നത്.

ഇപ്പോൾ ഭൂപേന്ദ്രയെ മാറ്റിയത് പൊതുതാൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന ആക്ഷേപമാണ് എയ്ഡാൻ ഉന്നയിക്കുന്നത്. ഭൂപേന്ദ്രയെ മാറ്റി എൻപിപിഎയുടെ പ്രവർത്തനം മരവിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്നാണ് ആരോപണം. ആർഎസ്എസുമായി അഫിലിയേഷൻ ഉള്ള സ്വദേശി ജാഗരൺ മഞ്ചും ഈ മാറ്റത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇങ്ങനെയാണ് ' അവാർഡ്' നൽകേണ്ടത് എന്നായിരുന്നു ജാഗരൺമഞ്ചിന്റെ നാഷണൽ കൺവീനർ അശ്വിനി മഹാജൻ പ്രധാനമന്ത്രി മോദിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.

ഫാർമ ലോബിക്ക് എതിരെ നിലകൊള്ളുന്ന നിങ്ങളുടെ പക്ഷത്തെ പ്രധാനിയായിരുന്നു സിങ്. കോർപ്പറേറ്റ് ആശുപത്രികൾ 1,700 ശതമാനം അധികലാഭം നേടുന്നതിന്റെ കണക്കുകളും പുറത്തുകൊണ്ടുവന്നു. മരുന്നുകൾക്കും ഉപകരണങ്ങൾക്കും വില കുറച്ചു. പക്ഷേ, ട്രാൻസ്ഫർ ആണ് നിങ്ങൾ നൽകിയ സമ്മാനം..- ഇതായിരുന്നു പ്രതികരണം.

സ്വകാര്യ ആശുപത്രികളിലെ കൊള്ളയ്‌ക്കെതിരെ ഫെബ്രുവരിയിൽ നൽകിയ റിപ്പോർട്ടിൽ നിരവധി കാര്യങ്ങളാണ് സിങ് അക്കമിട്ട് വ്യക്തമാക്കിയത്. 1700 ശതമാനം വരെ അമിത ലാഭം ഈടാക്കുന്നു പലതിനുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സിറിഞ്ച്, ഗ്‌ളൗസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കും മരുന്നിനുമെല്ലാം ബില്ല് കൂട്ടി നൽകുന്നു. മിക്ക സേവനകൾക്കും മരുന്നിനും വില കൂട്ടുന്നു. റൂം വാടക ഇനത്തിൽ 11 ശതമാനമാണ് കൂടുതൽ ഈടാക്കുന്നത്. പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടിയിലേറെ ബിൽ ലഭിച്ചതായി നിരവധി പരാതികളാണ് എത്തിയിട്ടുള്ളത്.