പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് ട്രാൻസ്ഫർ ചെയ്യാൻ തൊഴിലുടയുടെ അനുമതി വേണ്ടെന്നതടക്കമുള്ള മാറ്റങ്ങൾ വരുത്താൻ കുവൈറ്റ് മാൻപവർ അഥോറിറ്റി പദ്ധതിയിടുന്നു.സ്വകാര്യ മേഖലയിലും ഓയിൽ മേഖലയിലും മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി മാൻപവർ പബ്ലിക് അഥോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ ആണ് അറിയിച്ചത്.

 പ്രവാസി തൊഴിലാളികൾക്ക് മൂന്ന് വർഷത്തിനു ശേഷം മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് വർക്ക് പെർമിറ്റ് മാറ്റണമെങ്കിൽ ആദ്യ തൊഴിലുടമയുടെ അനുവാദം ആവശ്യമില്ലെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.മൂന്നു വർഷത്തേക്കാണ് പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നത്. അതിനുശേഷം പുതുക്കാവുന്നതാണ്. വർക്ക് പെർമിറ്റ് കാലാവധി തീരുന്നതിന് മന്നു മാസം മുമ്പ് പുതുക്കുന്നതിനുള്ള അപേക്ഷ കൊടുക്കേണ്ടതാണ്.

നിയമപരമല്ലാത്ത റസിഡന്റിസിന് (ബിദൂൻ) ഒരു വർഷത്തേക്കാണ് വർക്ക് പെർമിറ്റ് അനുവദിക്കുന്നത്. അതിനുശേഷം പുതുക്കാവുന്നതാണ്. ആശ്രിത വിസയിൽ നിന്ന് സ്വകാര്യ മേഖലാ വർക്ക് വിസയിലേക്ക് മാറണമെങ്കിൽ കുവൈറ്റിൽ ഒരു വർഷം താമസിച്ചാൽ മതിയെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. വർക്ക് പെർമിറ്റ് പുതുക്കുമ്പോൾ മാത്രം നോൺകുവൈറ്റി പാർട്ണറുടെ ഒപ്പ് അനുവദിക്കും.

ഹോട്ടലുകൾ,ഫാർമസി,അറ്റോർണി ഓഫീസ്,മെഡിക്കൽ ലാബ്, കുട്ടികളുടെ നഴ്‌സറി,തീയറ്റർ,ടിവി സ്‌റ്റേഷൻ,സാറ്റലൈറ്റ് എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് രാത്രിയിലും ജോലി ചെയ്യാൻ അനുവദിക്കും. ബാങ്ക്, റസ്‌റ്റോറന്റ്, കോസ്‌മെറ്റിക് സ്‌റ്റോർ, ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ അർദ്ധരാത്രി വരെയും ജോലി ചെയ്യാം.

ലേഡീസ് സലൂൺ, വുമൺ ക്ലോത്തിങ്ങ്,കോസ്‌മെറ്റിക് സ്‌റ്റോർ,വുമൺ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പുരുഷന്മാർക്ക് ജോലി ചെയ്യാൻ അനുവാദമുണ്ടാകില്ല. വനിത തൊഴിലാളി കുഞ്ഞിന് പാൽകൊടുക്കുന്നതിന് രണ്ട് മണിക്കൂർ ഇടവേളയും അനുവദിക്കും.