- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്ജെൻഡറിനെ വിവാഹം ചെയ്യാൻ താത്പര്യമുണ്ട്; പത്രത്തിൽ പരസ്യം നൽകി എഴുപതുകാരനായ തൃശൂർ സ്വദേശി; വിവാഹ പരസ്യം നൽകിയത് മക്കളുടെ പൂർണ പിന്തുണയോടെയെന്ന് അവകാശവാദം
കൊച്ചി: ട്രാൻസ്ജെൻഡറിനെ വിവാഹം ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ച് വിവാഹ പരസ്യം മാതൃഭൂമി ദിനപത്രത്തിൽ ഞായറാഴ്ച പത്രത്തിലെ വിവാഹപ്പരസ്യങ്ങളിലാണ് ഇത്തരമൊരു പരസ്യം വന്നത്. വിവാഹം ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ച് മാതാപിതാക്കളിൽ നിന്ന് ആലോചന ക്ഷണിച്ചുള്ള പരസ്യം തന്നെ. എന്നാൽ അത് ട്രാൻസ്ജെൻഡർ വ്യക്തിയായിരിക്കണമെന്ന് നിർബന്ധം.
തൃശ്ശൂർ സ്വദേശിയായ എഴുപതുകാരൻ നൽകിയതായിരുന്നു ഈ പരസ്യം. ജീവിതത്തിലേക്ക് ഒരു കൂട്ടുവേണമെന്ന തോന്നലിലാണ് തൃശ്ശൂർ എടമുട്ടം സ്വദേശി വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. എന്നാൽ അത് ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. മക്കളെ അറിയിച്ച് അവരുടെ പൂർണപിന്തുണയോടെയാണ് വിവാഹപ്പരസ്യം നൽകിയത്.
മക്കൾ രണ്ടുപേരും വിവാഹശേഷം ഗൾഫിലാണ്. ഭാര്യ മരിച്ചതോടെ വീട്ടിൽ ഒറ്റയ്ക്കായി. ഈ സാഹചര്യത്തിൽ വീട്ടിൽ സൗണ്ട് അലർട്ട് സിസ്റ്റം സ്ഥാപിക്കാനായി പൊലീസ് സ്റ്റേഷനിൽ അനുമതിതേടി. അവിടത്തെ വനിതാ എഎസ്ഐ.യാണ് വീണ്ടും വിവാഹംകഴിച്ചുകൂടേ എന്നു ചോദിച്ചത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് അങ്ങനെ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിവാഹപരസ്യം കണ്ട് നിരവധിപേർ ബന്ധപ്പെട്ടു. എന്നാൽ വന്ന അന്വേഷണങ്ങളൊക്കെയും 35-ൽത്താഴെ പ്രായമുള്ളവർ. 50 വയസ്സെങ്കിലും വേണമെന്ന താത്പര്യത്തിലാണ് ഈ തൃശൂർ സ്വദേശി. തനിക്കൊപ്പം മറ്റൊരാൾക്കും ആശ്വാസമാകട്ടേയെന്ന ചിന്തയിലാണ് ട്രാൻസ്ജെൻഡറിനെ ക്ഷണിക്കുന്നത്. അത് മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
ട്രാൻസ്ജെൻഡറായ വ്യക്തിയെ ഒരു കുടുംബം സ്വാഗതം ചെയ്യുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പറയുന്നു.