കോഴിക്കോട്: കേരളം ട്രാൻസ്ജെൻഡർ സൗഹൃദ സംസ്ഥാനമെന്ന് ഊറ്റം കൊള്ളുന്നവരാണ് രാഷ്ട്രീയ നേതാക്കളും ഭരണ നേതൃത്വവും. എന്നാൽ കോഴിക്കോട് ഒരു ട്രാൻസ്ജെന്റർ യുവതി കൊല്ലപ്പെട്ടിട്ട് ഒരു വർഷവും എട്ടു മാസവുമായെങ്കിലും അന്വേഷണം എവിടെയെത്തിയെന്ന് പോലും വ്യക്തമല്ലാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പ്രതി വലയിലായതായും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ ഇതേ വരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. തെരഞ്ഞെടുപ്പ് സമയത്ത് വിഷയം ചർച്ചയാവാതിരിക്കാൻ നടത്തിയ നാടകത്തിനപ്പുറം എങ്ങുമെത്താതെ പോയിരിക്കുകയാണ് കോഴിക്കോട് നഗരത്തിൽ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം.

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനായിരുന്നു കണ്ണൂർ ആലക്കോട് സ്വദേശി ട്രാൻസ്ജെന്റർ ഷാലുവിനെ കോഴിക്കോട് മാവൂർ റോഡിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന സമയത്ത് പ്രതിവലയിലായതായും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും നടക്കാവ് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ കാലമിത്രയായിട്ടും സംഭവത്തിൽ യാതൊരു വിവരവും ലഭ്യമല്ലാതെ വന്നതോടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് കൊല ചെയ്യപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ട്രാൻസ്ജെന്റർ ഷാലുവിന്റെ കൊലപാതകത്തിൽ നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ ജുഡിഷ്യൽ അംഗം പി മോഹനദാസാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഉത്തരവ് നൽകിയത്.

കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. ഷാലുവിന്റെ മരണത്തിൽ ക്രൈം 349/2019 നമ്പറായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യം സി ആർ പി സി 174 വകുപ്പിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഷാലുവിനെ ആരോ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് മനസിലാക്കിയപ്പോൾ വകുപ്പ് 302 ചേർത്ത് അന്വേഷണം നടത്തി വരികയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ലോക്ക് ഡൗൺ വന്നതു കാരണമാണ് അന്വേഷണത്തിന് കാലതാമസം നേരിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. സിസിലി ജോർജ് സമർപ്പിച്ച പരാതിയിലാണ് നടപടി.

മാർച്ച് 31 ന് രാത്രി ഷാലുവിനെ കഴുത്തിൽ സാരി മുറുക്കി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഷാലുവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്നാണ് സൂചനയെന്ന് പൊലീസ് അന്ന് വ്യക്തമാക്കിയിരുന്നു. ശാലുവിന്റെ ട്രാൻസ്ജെൻഡർ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും നേരത്തെ ഷൊർണൂരിൽ വെച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമെല്ലാം പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി ഷാലുവിനെ നിരന്തരം ഫോണിൽ വിളിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കോഴിക്കോട്ടെത്തിയ ഷാലു രാത്രി വൈകിയും സംഭവ സഥലത്ത് ഇയാളുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടവരുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പറഞ്ഞ പൊലീസ് ഇപ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് ശാലുവിന്റെ സുഹൃത്തുക്കൾ ചോദ്യം ഉന്നയിച്ചിരുന്നു.

നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപമുള്ള യു കെ ശങ്കുണ്ണി റോഡിലെ ഇടവഴിയിൽ വച്ചാണ് മാർച്ച് 31 ന് ഷാലു കൊല്ലപ്പെട്ടത്. കഴുത്തിൽ തുണി കൊണ്ടുള്ള കുരുക്ക് മുറുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ശരീരത്തിൽ പോറലേറ്റ പാടുകളും ഉണ്ടായിരുന്നു. പുലർച്ചെ പത്ര വിതരണത്തിനെത്തിയ ആളാണ് മൃതദേഹം കണ്ടത്. വിവരം നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ട്രാൻസ്ജെൻഡർ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. പ്രതിയെ പിടിച്ചുവെന്ന് ഒരു തെരഞ്ഞെടുപ്പ് കാലത്ത് കള്ളം പറഞ്ഞ പൊലീസിനോട് മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത് അന്തിമ റിപ്പോർട്ട് ഉടൻ ഹാജരാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അന്ന് വോട്ട് ചോദിച്ച് ട്രാൻസ്ജെന്റർ വിഭാഗങ്ങളെ സമീപിച്ചവരൊന്നും പിന്നീട് ഇവരെ സഹായിച്ചിരുന്നില്ല. മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടായതിൽ ആശ്വാസം പ്രകടിപ്പിക്കുകയാണ് ഷാലുവിന്റെ സുഹൃത്തുക്കളായ ട്രാൻസ്ജെന്റർ സുഹൃത്തുക്കളിപ്പോൾ.