കേരളത്തിൽ മറ്റൊരു ട്രാൻസ് ജെൻഡർ വിവാഹത്തിന് കൂടി വേദിയൊരുങ്ങുന്നു. ഇത്തവണ വധു അൽപം സെലിബ്രേറ്റിയാണ്. കോമഡി സ്റ്റാർസ് അടക്കം നിരവധി ചാനൽ പരിപാടികളിലൂടെ പ്രേക്ഷകർക്കെല്ലാം പ്രിയപ്പെട്ടതായി മാറിയ സൂര്യയാണ് വിവാഹത്തിന് ഒരുങ്ങുന്നത്. ആണിൽ നിന്നും പെണ്ണിലേക്ക് പരിവർത്തനം നടത്തിയ സൂര്യയെ വിവാഹം ചെയ്യുന്നത്. സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് ലിംഗമാറ്റം നടത്തിയ ഇഷാൻ ആണ്.

ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ ഇഷാനും സൂര്യയും തമ്മിലുള്ള ആറു വർഷത്തെ പ്രണയമാണ് വിവാഹത്തിലേക്ക് നീങ്ങുന്നത്. ഹിന്ദു സമുദായാംഗമായ സൂര്യയുടേയും മുസ്ലിം സമുദായാംഗമായ ഇഷാന്റെയും വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടക്കുന്നത്. എന്നാൽ വിവാഹ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇരുവരും സ്വന്തം മതത്തിൽ നിന്നു കൊണ്ടാണ് വിവാഹിതരാകുന്നത്. എന്നാൽ നിർബന്ധമായി വന്നാൽ ഇഷാനു വേണ്ടി ഇസ്ലാം മതം സ്വീകരിക്കാനും സൂര്യ തയ്യാറാണ്.

ബിസിനസുകാരനായ ഇഷാൻ മൂന്നു വർഷം മുമ്പാണു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധയനാകുന്നത്. സ്ത്രീയിൽ നിന്നു പുരുഷനിലേയ്ക്കു മാറിയത് കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്കു കാരണമായി എങ്കിലും വിവാഹത്തിനു വീട്ടുകാരുടെ പൂർണ്ണ പിന്തുണ ഉണ്ട് എന്ന് ഇവർ പറയുന്നു.

ഇന്ത്യയിലെ തന്നെ ആദ്യത്തെ നിയമവിധയമായ ട്രാൻസ്ജെന്റർ വിവാഹത്തിന്റെ ഭാഗമാകാൻ പോകുന്നു എന്നതിൽ സന്തോഷമുണ്ട് എന്നു സൂര്യ പറയുന്നു. 31 കാരിയായ സൂര്യ 2014 ലാണു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്നത്. കേരളത്തിൽ അറിയപ്പെടുന്ന സോഷിൽ ആക്റ്റിവിസ്റ്റും ഭിന്ന-ലൈംഗിക ന്യൂനപക്ഷ പ്രവർത്തകയുമാണു സൂര്യ. ഇതു കൂടാതെ ഡബ്ബിങ്ങ് ആർട്ടിസ്റ്റായും ജോലി നോക്കുന്നുണ്ട്.

ഒരു വർഷം മുമ്പ് വരെ സൂര്യ മറ്റൊരാളുമായി പ്രണ.യത്തിലായിരുന്നു. മൂന്ന് വർഷത്തോളം അയാളൊടൊപ്പം ജീവിച്ചു. എന്നാൽ ഈ വിവാഹ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായി. തന്നെ ഒരു സ്ത്രീയായി അംഗീകരിക്കാൻ അദ്ദേഹത്തിനും കുടുംബത്തിനും ബുദ്ധിമുട്ടായിരുന്നു എന്നാണ് സൂര്യ പറയുന്നത്.

അനുയോജ്യനായ ഒരു വരനു വേണ്ടിയുള്ള ഇഷാന്റെ തിരച്ചിൽ ഒടുവിൽ സൂര്യയിൽ എത്തി നിൽക്കുക ആയിരുന്നു. രഞ്ജു രഞ്ജികുമാറാണ് സൂര്യയുടെ രക്ഷകർത്താവിന്റെ സ്ഥാനത്ത്. ട്രാൻസ് ജെൻഡർ തന്നെയായ ശ്രീക്കുട്ടിയാണ് ഇഷാന്റെ വളർത്തമ്മ.

തിരുവനന്തപുരത്ത് ജ്യൂസ് കട നടത്തുകയാണ് ഇഷാൻ. സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴിൽ പത്താംക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ് സൂര്യ. അവിടെ തന്നെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് 33 വയസ്സുകാരനായ ഇഷാൻ. മുപ്പതുകളിലെത്തിയെങ്കിലും നഷ്ടപ്പെട്ടുപോയ ടീനേജ് പ്രണയവും സ്‌കൂൾ കോളേജ് കാലഘട്ടവുമൊക്കെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഈ പ്രണയ ജോഡികൾ പറയുന്നു.