തിരുവനന്തപുരം: പുരുഷനായിരുന്നിട്ടും സ്ത്രീയായി ജീവിക്കുന്ന ശ്രീ നായർ എന്ന ശ്രീജിത്ത്. ജീവിതാവസാനം വരെ പെണ്ണായ് തന്നെ ജീവിച്ചാൽ മതിയെന്ന് ശ്രീ നായർ പറയുന്നു. ഒരു വിവാഹത്തെ കുറിച്ചോ സ്ത്രീയും ആയുള്ള ലൈംഗിക ബന്ധത്തിനോ ശ്രീ നായർക്കു താല്പര്യം ഇല്ല. മനുഷ്യ ജീവിതത്തിൽ വളരെ അസാധാരണമായി കാണാറുള്ള ചില ജനിതക പ്രശ്‌നങ്ങൾ മൂലമാണ് ശ്രീ നായരേ പോലുള്ളവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഇത്തരം വൈകല്യങ്ങൾക്ക് കാരണം. തന്റെതല്ലാത്ത ഈ പ്രശ്‌നത്തിന് സമൂഹം അതി ക്രൂരമായാണ് ശ്രീ നായരെ പോലുള്ളവരെ വേട്ടയാടുന്നത് തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് ശ്രീ നായർ മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു.

ശ്രീ നായരുടെ തുറന്നുപറച്ചിലിലേക്ക്

കുട്ടിക്കാലം മുതൽ തന്നെ പെൺകുട്ടികൾ ഉപയോഗിക്കുന്ന കണ്മഷി, ക്യൂടെക്‌സ്, പൊട്ടു എല്ലാത്തിനോടും വലിയ താല്പര്യം ആയിരുന്നു. ആൺകുട്ടികൾ ഉപയോഗിക്കുന്ന ഒരു കളിപ്പാട്ടങ്ങളോടും എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു.

പാവകളോട് ആയിരുന്നു കൂടുതൽ ഇഷ്ട്ടം. കുഞ്ഞു നാളിൽ വളർന്നു വരുന്ന പെൺകുട്ടികൾ എന്തൊക്കെ ഉപയോഗിക്കുമോ അതെല്ലാം ഞാനും ഉപയോഗിക്കുമായിരുന്നു. വളരെ ചെറിയ പ്രായം ആയതുകൊണ്ട് മാതാപിതാക്കളോ ബന്ധുക്കളോ ഒന്നും അത്രകണ്ട് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ നാലാം ക്ലാസോക്കെ ആയതോടുകൂടി എല്ലാം മാറിമറിഞ്ഞു. ഞാനൊരു ആൺകുട്ടി ആയിരുന്നിട്ടും എന്റെ നോട്ടത്തിലും, ഇടപെടലിലും, ചിന്തയിലും ഞാനൊരു തികഞ്ഞ പെൺകുട്ടിയായി മാറുകയായിരുന്നു. പലരും വിചാരിച്ചു ഞാൻ മനഃപൂർവം പെണ്ണായി നടിക്കുന്നതാണെന്ന്. എനിക്കിപ്പോഴും അറിയില്ല എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന്. ഹോർമോണിന്റെ കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പലരും പറയുന്നത്. എനിക്കറിയില്ല. അതിന്റെ കാരണം തേടി ഞാൻ പോയിട്ടുമില്ല. എന്നാൽ പെണ്ണായ് ജീവിക്കാൻ തന്നെയായിരുന്നു കുട്ടിക്കാലം മുതൽ എനിക്കിഷ്ട്ടം. ലാൽ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ടിൽ രാധയുടെ മുത്തശ്ശിയാണ് അവനെ സ്‌ത്രൈണ സ്വഭാവത്തിലേയ്ക്ക് കുട്ടിക്കാലത്തെ വഴിതിരിച്ചു വിടുന്നത്. അങ്ങനെ നോക്കിയാൽ എന്റെയീ മാറ്റത്തിനു ആരും തന്നെ കാരണക്കാരല്ലായിരുന്നു.

മറച്ചു വയ്ക്കാൻ കഴിയാത്ത എന്റെയീ സ്‌ത്രൈണ ഭാവത്തെ അദ്ധ്യാപകരും സുഹൃത്തുകളും നാട്ടുകാരും എല്ലാം അതി ക്രൂരമായി തന്നെ ഉപയോഗിച്ചു. ഇന്ന് ആലോചിക്കുമ്പോൾ ആരെയും ഞാൻ കുറ്റം പറയുന്നില്ല. എന്നെ പോലുള്ളവരെ ഒരു ബസിൽ വച്ചോ റെയിൽവേ സ്റ്റേഷനിലോ ഒക്കെ കാണുമ്പോൾ എല്ലാപേരും സ്വാഭാവികമായി ആദ്യമൊന്നു ചിരിക്കും. അത് സാരമില്ലാന്നു വയ്ക്കാം. ഞങ്ങളെ പോലുള്ളവരെ കാണുമ്പോൾ ആർക്കായാലും ആദ്യം ചിരിവരും. അത് എന്തുകൊണ്ടാണെന്നും ഞങ്ങൾക്ക് മനസിലാകും. എന്നാൽ പിറകെ നടന്നു പരിഹസിച്ചു, ലൈംഗിക ചുവയുള്ള രീതിയിൽ സംസാരിക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിന്ന് ഉരുകിപോയിട്ടുണ്ട്. അറിവ് പകർന്നു തരുന്ന അദ്ധ്യാപകർ പോലും ഇങ്ങനെ പെരുമാറുമ്പോൾ ആണ് തകർന്നു പോകുന്നത്. ക്ലാസ്സിൽ പല അദ്ധ്യാപകരും എന്നെ ടാർഗറ്റ് ചെയ്തു ആക്ഷേപിച്ചിട്ടുണ്ട്. സ്ത്രീ ലിംഗത്തിനും പുല്ലിംഗത്തിനും ഉദാഹരണം പറയുന്ന മലയാളം സർ നഭുംസക ലിംഗത്തിനു ഉദാഹരണം ചോദിക്കുമ്പോൾ എന്റെ പേര് പറഞ്ഞിരുന്നു. അപ്പോൾ മാലപടക്കം പൊട്ടുന്നത് പോലുള്ള കൂട്ട ചിരി ക്ലാസ്സാകെ ഉയരും. ആ ചെറുപ്രായത്തിൽ പോലും ഞാൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പോയിട്ടുണ്ട്.

എനിക്കീ സ്‌ത്രൈണ ഭാവം തന്ന ദൈവത്തെ ശപിച്ചുകൊണ്ട് എത്രെയോ രാത്രികളിൽ ഞാൻ മൗനം ആയി അലറിക്കരഞ്ഞിട്ടുണ്ട്. എന്നാൽ അദ്ധ്യാപകരേയും സഹാപാഠികളെയും ഞാൻ എന്റെ പഠന മികവു കൊണ്ട് നേരിട്ടു. നന്നായി തന്നെ ഞാൻ പഠിക്കുമായിരുന്നു. അതിനാൽ അദ്ധ്യാപകർ പരിഹസിച്ചാലും അതിരുകടക്കില്ല. എട്ടാം ക്ലാസ്സ് മുതൽ ഞാൻ കലാരംഗത്ത് സജീവമായി. സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിലും മറ്റു പ്രോഗ്രാമുകൾ വരുമ്പോഴും എല്ലാം ക്ലാസ്സിക്കൽ ഡാൻസ്, നാടകം.... തുടങ്ങിയ പരിപാടികളിൽ ഞാൻ പങ്കെടുത്തു. ക്ലാസ്സിൽ ഞാൻ ആക്ടീവായിരുന്നു. പക്ഷേ പെൺകുട്ടികൾ പോലും എന്നെ ശരിയായ രീതിയിൽ ഉൾക്കൊണ്ടിരുന്നില്ല. പലപ്പോഴും സങ്കടം സഹിക്കാൻ വയ്യാതെ വരും. അപ്പോൾ എല്ലാം തോല്ക്കാൻ എനിക്ക് മനസില്ലെന്ന് ഉറക്കെ മനസിൽ പറഞ്ഞുകൊണ്ട് വീണ്ടും എന്റെ പ്രവർത്തനങ്ങളിൽ മുഴുകും. പലപ്പോഴും ഞാൻ ശ്രമിച്ചു നോക്കി ആൺകുട്ടികൾ നടക്കുന്നത് പോലെ നടക്കാനും സംസാരിക്കാനും ഒക്കെ എന്നാൽ അപ്പോഴെല്ലാം ദയനീയമായി ഞാൻ പരാജയപ്പെട്ടിരുന്നു. പലപ്പോഴായി ഇങ്ങനെ സംഭവിച്ചപ്പോൾ എന്റെ സ്വത്വബോധം സ്ത്രീയുടെതാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. പത്താം ക്ലാസ്സിൽ ഫസ്റ്റ് ക്ലാസിനു മേലിൽ ഉള്ള മാർക്കുണ്ടായിരുന്നു.

+2വിൽ ഡിസ്റ്റിങ്ഷനും. എന്റെയീ സ്‌ത്രൈണ സ്വഭാവത്തിൽ വീട്ടുകാർക്കെല്ലാം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഞാൻ ഒരു പുരുഷൻ ആണ് (ലിംഗം പുരുഷന്റെത് ) പക്ഷെ സ്‌ത്രൈണ ഭാവത്തോട് കൂടിയാണ് കുട്ടിക്കാലം മുതലേ ഞാൻ വളർന്നത്. എന്നാൽ സ്ത്രീയുടെ ശരീരഘടനയും പുരുഷന്റെ ലിംഗവും ഉള്ളവർ ആണ് ട്രാൻസ്‌ജെൻഡേഴ്‌സ് (നേരെ തിരിച്ചും). ഞങ്ങളെ പോലുള്ളവർ എവിടെയും പ്രശ്‌നങ്ങളുടെ നടുവിൽ ആണ്. ഒരു ബസ് സ്റ്റാൻഡിൽ, റെയിൽവേ സ്റ്റേഷനിൽ, സിനിമാ തീയറ്ററിൽ, സർക്കാർ ഓഫീസിൽ..... എന്നുവേണ്ട എല്ലായിടങ്ങളിലും ഞങ്ങളുടെ പിറകെ നടന്നു കളിയാക്കാനും, കൂകിവിളിക്കാനും, ലൈംഗികച്ചുവയുള്ള വാക്കുകൾ പറയാനും മത്സരമാണ്. എനിക്ക് ഇങ്ങനെ ഒരവസ്ഥ പറ്റിയതിൽ അച്ഛനും അമ്മയ്ക്കും വലിയ വിഷമം ആയിരുന്നു. ഈ വൈകല്യം എങ്ങനെയെങ്കിലും മാറ്റാനായി അവർ ഒരുപാടു ശ്രമിച്ചു. അവരും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ കേൾക്കുന്നത് എന്നെ കുറിച്ചുള്ള പരിഹാസ കഥകൾ ആണ്. ബന്ധുക്കളുടെ അടുത്തു നിന്നുപോലും വളരെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഞങ്ങളെ പോലുള്ളവരെ സിനിമയിലും വളരെ മോശമായി ആണ് ചിത്രീകരിക്കുന്നത്. ലാൽ ജോസിന്റെ ചാന്തുപൊട്ട് എന്ന സിനിമ ഇറങ്ങിയ സമയത്തെ അവസ്ഥ വളരെ ഭീകരമായിരുന്നു. പുറത്തേയ്ക്ക് ഇറങ്ങാനേ വയ്യ. എവിടെ തിരിഞ്ഞാലും ചാന്തു പോട്ടേ..... ചാന്ത് പോട്ടേ എന്ന് വിളിച്ചു പിറകേ നടന്നു ശല്യപ്പെടുത്തും. കേരളത്തിന്റെ പല ഭാഗങ്ങളിൽ എന്നെപോലുള ഒരുപാടു പേർ ആ സിനിമ കാരണം നാടും വീടും ഉപേക്ഷിച്ചു എങ്ങോട്ടോ ഓടിപോയി. ലാൽ ജോസിനെയും ദിലീപിനെയും ആ സമയത്ത് കിട്ടിയിരുന്നെങ്കിൽ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു. ഡിഗ്രിക്ക് ഞാൻ പഠിച്ചത് തിരുവനന്തപുരം ആർട്‌സ് കോളേജിൽ ആയിരുന്നു. ക്ലാസ്സ് തുടങ്ങിയ ദിവസം തന്നെ സഹ പാഠികളുടെ ഇടയിൽ നിന്നും മുറുമുറുക്കലുകൾ തുടങ്ങി. പിന്നെയുള്ള ദിവസങ്ങളിൽ സഹിക്കാൻ കഴിയാത്ത രീതിയിൽ ഉള്ള പീഡനം. എല്ലാ പരിധികളും ലംഘിച്ചപ്പോൾ ഞാൻ കോളേജിൽ വരാതെയായി. യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ വന്നായിരുന്നു പിന്നെയുള്ള എന്റെ പഠനം. പരീക്ഷയ്ക്ക് ഒരുമാസം മുമ്പ് മാത്രമാണ് ഞാൻ പിന്നെ കോളെജിലേയ്ക്ക് പോയത്. എന്റെ അടുത്ത സുഹൃത്തായ ഒരു കുട്ടി എല്ലാ വിഷയത്തിന്റെയും നോട്ടും മറ്റു പഠന സംബന്ധമായ സഹായങ്ങളും ചെയ്തുതന്നു.

അവസാനമായപ്പോൾ അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും നല്ല രീതിയിൽ ഉള്ള സപ്പോർട്ട് ഉണ്ടായിരുന്നു. ഞങ്ങളെ പോലുള്ളവർക്ക് സമൂഹത്തിൽ എന്തെങ്കിലും ഒക്കെ നേടണം എങ്കിൽ വിദ്യാഭ്യാസം ഒരു പ്രധാന ഘടകം ആണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. എനിക്ക് വന്നു ചേർന്ന ഈ ദുരിതത്തിൽ മനം നൊന്തിരിക്കാതെ ഞാൻ നന്നായി പഠിച്ചു. ഡിഗ്രിക്ക് ഉയർന്ന മാർക്കോടെ തന്നെ പാസ്സാവാൻ എനിക്ക് കഴിഞ്ഞു. തുടർന്ന് കാര്യവട്ടം കാമ്പസിൽ ഞാൻ പി ജിക്ക് ചേർന്നു. അപ്പോൾ ആണ് എന്നെപോലെയുള്ള മറ്റൊരു പയ്യനായ കണ്ണനെ ഞാൻ പരിചയപ്പെടുന്നത്. ഞങ്ങൾക്ക് ട്രാൻസ്‌ജെൻഡർ അസോസിയേഷൻ എന്ന് പേരുള്ള ഒരു സംഘടന ഉണ്ടെന്നൊക്കെ അറിയുന്നത് കണ്ണനിൽ നിന്നാണ്. കണ്ണൻ ഒരുപാടു കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു. ഒരു അമ്മയെ പോലെ സഹോദരിയെ പോലെ കണ്ണൻ എന്നെ ഒരുപാടു സ്‌നേഹിക്കുകയും എനിക്ക് വേണ്ട ഉപദേശങ്ങൾ തരികയും ചെയ്തു. ഞങ്ങൾക്കൊക്കെ നേരെയുള്ള സമൂഹത്തിന്റെ പരിഹാസങ്ങൾക്ക് നേരെ വളരെ ബോൾഡ് ആയി തന്നെ പ്രതികരിക്കണം എന്ന് കണ്ണൻ എന്നെ ഉപദേശിച്ചു. ഞങ്ങൾ വർഷം തോറും പോകുന്ന ഒരു അമ്പലം ഉണ്ട്. കൊല്ലം ജില്ലയിലെ കുറ്റകുളങ്ങര ദേവീക്ഷേത്രം. സ്ത്രീ വേഷം കെട്ടിയ പുരുഷന്മാർ ആണ് താലപ്പൊലി എടുക്കുന്നത്. തിരുവനന്തപുരം ജില്ലവിട്ട് പുറത്തു പോകാതിരുന്ന ഞാൻ കണ്ണനോടൊപ്പം അന്നാദ്യമായി കുറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ പോയി താലപ്പൊലി എടുത്തു.

നമ്മുടെ ലൈംഗിക ജീവിതം വളരെ വെല്ലുവിളി നിറഞ്ഞതാണ്. ആരും നമ്മളുമായി ഒരു കുടുംബ ജീവിതത്തിനോ ഒരു ലൈംഗിക ബന്ധത്തിനോ തയ്യാറാവില്ല. ഞാൻ ഒരു പുരുഷൻ ആണ് എന്നാൽ തന്നെയും ഒരു പെൺകുട്ടിയെ എന്റെ പങ്കാളിയായി കണ്ടു അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ എനിക്ക് ഒരിക്കലും സാധിക്കില്ല കാരണം എന്റെ സ്വത്വബോധം സ്ത്രീയുടെതാണ്. പക്ഷെ ബൈ സെക്‌സിൽ താൽപ്പര്യം ഉള്ള ഒരുപാടു പേർ ഇന്ന് കേരളത്തിൽ ഉണ്ട്. അതരക്കരുമായി ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല. ഇത്തരം ഒരു വൈകല്യം വന്നത് കാരണം എന്റെ ലൈംഗിക ചിന്തയും കാമവും എല്ലാം അടക്കിപിടിച്ചു അവസാനം വരെ ജീവിച്ചു തീർക്കേണ്ട ആവശ്യം ഇല്ല.

ഇന്ന് ട്രാൻസ്‌ജെൻഡർ അസോസിയേഷൻ വളരെ ശക്തമാണ്. ഞങ്ങൾക്ക് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നല്ല രീതിയിലുള്ള സംഘടനാ സംവിധാനങ്ങൾ ഉണ്ട്. 2014 ലെ സുപ്രീം കോടതി വിധി അനുസരിച്ച് ഉടൻ തന്നെ രാജ്യത്തു ഒരു ഏകീകൃത ട്രാൻസ് ജെഡേഴ്‌സ് പോളിസി വരും. സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ട്രാൻസ് ജെൻഡേഴ്‌സിന് സംവരണം വരുന്നതാണ് ആ പോളിസിയുടെ പ്രധാന ഭാഗം. ഇതിന്റെ ഭാഗമായി ഉടൻ തന്നെ ഇന്ത്യയിൽ ട്രാൻസ് ജെൻഡേഴ്‌സ് കാൾ സെന്റർ വരും. സ്തീക്കും പുരുഷനും സമൂഹത്തിൽ ഉള്ള എല്ലാവിധ സമത്വങ്ങളും ഒരു ട്രാൻസ് ജെൻഡേഴ്‌സിനും അർഹഹതപെട്ടതാണ് എന്ന് അംഗീകരിക്കുമെന്ന കാലം വരുമെന്ന പ്രതീക്ഷയിലാണ് ശ്രീനായർ എന്ന ശ്രീജിത്ത്.