- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്ര പരിഷ്കരണം വേണ്ടെന്ന് പറഞ്ഞ മോട്ടോർ വാഹന വകുപ്പിന്റെ മനസ് മാറി; വടക്കഞ്ചേരിയിൽ കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തിയ ആദ്യ സ്വകാര്യ ബസിന് ഓട്ടം തുടരാം; ബസിന് ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്തിന്റെ പച്ചക്കൊടി; നടപടി മറുനാടൻ വാർത്തയെ തുടർന്ന്; അനുമതിക്ക് കാരണം ഇങ്ങനെ
പാലക്കാട്: കണ്ടക്ടറില്ലാതെ സർവീസ് നടത്തിയതിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് പൂട്ടിട്ട സ്വകാര്യ ബസിന് ഓട്ടം തുടരാം. വടക്കഞ്ചേരി സ്വദേശി തോമസ് കാടൻകാവിലാണ് സംസ്ഥാനത്ത് ആദ്യമായി കണ്ടക്ടറില്ലാതെ ബസ് സർവീസിന് തുടക്കം കുറിച്ചത്. എന്നാൽ, കണ്ടക്ടറില്ലാതെ ബസ് ഓടിക്കരുത് എന്നാണ് മോട്ടോർ വാഹന വകുപ്പ് നിയമം. ഇതോടെ സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കകം, വകുപ്പ് ഇടപെട്ടു. ബസ് ഓട്ടം നിർത്തി. ചില പരാതികൾ വന്നതോടെയാണ് വകുപ്പിന് നടപടി എടുക്കണ്ടി വന്നത്. മറുനാടൻ മലയാളിയിൽ വാർത്ത വന്നതോടെ ഗതാഗത കമ്മീഷണർ, എസ്.ശ്രീജിത്ത് വിഷയത്തിൽ ഇടപെട്ടു. ബസ് ഉടമയോട് വിശദീകരണം ചോദിച്ച ശേഷം ഓട്ടം തുടരാൻ അനുമതി നൽകുകയായിരുന്നു.
ടിക്കറ്റ് നൽകി സർവീസ് നടത്തുന്ന സ്വകാര്യ ബസിന് കണ്ടക്ടർ ഇല്ലാതെ ബസ് ഓടിക്കാൻ അനുമതിയില്ല. എന്നാൽ, കാടൻകാവിൽ ബസിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നില്ല. ബസിലെ ബോക്സിൽ യാത്രക്കാർ പണം നിക്ഷേപിച്ചാൽ മാത്രം മതി. പണമില്ലാത്തവർക്കും യാത്രചെയ്യാനാകും. ഇത് ഇഷ്ടപ്പെടാത്ത ചിലർ പാര വയ്ക്കുകയായിരുന്നു.
ചെലവ് ചുരുക്കുന്നതിനായാണ് കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതൽ കാടൻകാവിൽ ബസ് സർവീസ് തുടങ്ങിയത്. ജില്ലയിലെ ആദ്യ സിഎൻജി ബസ് കൂടിയാണിത്. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷം മോട്ടോർ വാഹന വകുപ്പ് അധികൃതർ സർവീസ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. കണ്ടക്ടറെ നിയമിച്ചശേഷമേ സർവീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിർദ്ദേശവും നൽകിയിരുന്നു.
വടക്കഞ്ചേരിയിൽ നിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് സർവീസുകൾ നടത്തുന്നത്. ടിക്കറ്റ് നൽകി കണ്ടക്ടറെ വച്ചാൽ ബസ് ഓടിക്കാം എന്നായിരുന്നു ആദ്യം മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. എന്നാൽ പുതുപരീക്ഷണം തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്ന ഭീതിയിൽ ചിലർ പരാതി നൽകുകയായിരുന്നു. മുൻപ് തോമസ,് വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ച് ബസ് സർവീസ് നടത്തിയിരുന്നു.
സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാൻ ഉടമ നടത്തിയ പരീക്ഷണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്ധന വില വർദ്ധനവിനെ മറി കടക്കാൻ പ്രകൃതിവാതകം ഇന്ധനമാക്കിയ ബസ് റോഡിൽ ഇറക്കിയത്. ഡ്രൈവർ മാത്രമായിരുന്നു കാടൻകാവിൽ എന്നു പേരുള്ള ഈ ബസിലെ ജീവനക്കാരൻ. ഞായറാഴ്ച സർവ്വീസ് ആരംഭിച്ച ബസ് സർവീസിന് സോഷ്യൽ മീഡിയ വഴി വൻ പ്രചാരവും ലഭിച്ചിരുന്നു.
യാത്രക്കൂലി ബസിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ ഇടുന്നതിന് പുറമേ, ഗൂഗിൾ പേ സംവിധാനവും ഒരുക്കിയിരുന്നു. പണമില്ലാത്തവർക്കും യാത്രചെയ്യാനാകും എന്നും പുതിയ പരീക്ഷണത്തിന് യാത്രക്കാരിൽ നിന്ന് പൂർണ പിന്തുണ കിട്ടിയതായും ബസുടമ പറയുന്നു. കേരള മോട്ടോർ വാഹനനിയമം 219 അനുസരിച്ച് നിർബന്ധമായും ബസിൽ കണ്ടക്ടർ വേണമെന്നാണ് വ്യവസ്ഥയെന്നും യാത്രക്കാർക്ക് ടിക്കറ്റ് നൽകണമെന്നും മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. 33 ലക്ഷം രൂപ ചെലവിട്ട് പുറത്തിറക്കിയ ബസ് വെറുതെ ഇടാൻ ആകില്ല എന്നും കണ്ടക്ടറെ കണ്ടുപിടിച്ച് കഴിയുന്നതും വേഗം ഓട്ടം പുനരാരംഭിക്കും എന്നും പറഞ്ഞിരുന്ന ഉടമയ്ക്ക് എസ്.ശ്രീജിത്തിന്റെ ഇടപെടൽ വലിയ ആശ്വാസം ആയിരിക്കുകയാണ്.
കേരളത്തിൽ കണ്ടക്ടറും ക്ലീനറും ഇല്ലാതെ സർവീസ് ആരംഭിച്ച ആദ്യത്തെയും സമ്മർദിത പ്രകൃതിവാതകം (സി.എൻ.ജി.) ഇന്ധനമായി ഉപയോഗിക്കുന്ന മൂന്നാമത്തെയും ബസാണ് ഇത്. രാവിലെ 6.45-ന് സർവീസ് തുടങ്ങുന്ന ബസിന് ഏഴ് ട്രിപ്പുകളാണുള്ളത്. രാത്രി 7.30-ന് വടക്കഞ്ചേരിയിൽ സർവീസ് അവസാനിപ്പിക്കും.
33 സീറ്റുള്ള ബസിന് 33 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. പ്രകൃതിവാതക ഇന്ധനം നിറയ്ക്കുന്നതിനായി നാല് സിലിണ്ടറുകളാണ് ബസിലുള്ളത്. എല്ലാത്തിലും കൂടി 70 കിലോഗ്രാം പ്രകൃതിവാതകം നിറയ്ക്കാനാകും. വടക്കഞ്ചേരിയിലെയും ആലത്തൂരിലെയും പമ്പുകളിൽ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഒരു കിലോഗ്രാം പ്രകൃതിവാതകത്തിന് ആറുകിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് ബസിന്റെ നിർമ്മാതാക്കളായ ടാറ്റ പറയുന്നത്. ഡീസലിനെ അപേക്ഷിച്ച് കൂടുതലാണിത്
(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ (01-05-2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല: എഡിറ്റർ)
മറുനാടന് മലയാളി ബ്യൂറോ