തിരുവനന്തപുരം: ബസ് ചാർജ് പരിഷ്‌കരിച്ചെങ്കിലും ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിച്ചതിനാൽ പല റൂട്ടുകളിലും ചാർജ് കുറയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രക്കാർക്ക് വലിയ ഭാരമാകാത്ത രീതിയിൽ നാമമാത്രമായാണ് ചാർജ് പരിഷ്‌കരിച്ചത്. ഓർഡിനറി ബസ്സുകളിൽ ചാർജ് നേരിയതോതിൽ കൂടുമ്പോൾ പല സൂപ്പർ ക്ലാസ് ബസുകളിലെയും നിരക്ക് നിലവിലുള്ളതിലും കുറയും.

ഇന്ധന വിലയും അനുബന്ധ ചെലവുകളും ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ബസ്-ഓട്ടോ ചാർജ് പരിഷ്‌കരിക്കാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:

ഓട്ടോറിക്ഷകൾക്ക് ഒന്നര കിലോമീറ്റർ വരെ മിനിമം ചാർജ് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും നൽകണം. ക്വാഡ്രി സൈക്കിളിന് മിനിമം ചാർജ് 35 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് ചാർജ്. 1500 സിസിയിൽ താഴെയുള്ള ടാക്‌സി കാറുകൾക്ക് അഞ്ചു കിലോമീറ്റർ വരെ മിനിമം ചാർജ് 200 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും ആയിരിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സി കാറുകൾക്ക് മിനിമം ചാർജ് 225 രൂപയും കിലോമീറ്റർ നിരക്ക് 20 രൂപയുമായിരിക്കും.

ഓർഡിനറി ബസിന് മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 ആയും കിലോമീറ്റർ നിരക്ക് 90 പൈസയിൽ നിന്ന് ഒരു രൂപയായും പരിഷ്‌കരിച്ചു. കുറഞ്ഞ ദൂരം 2.5 കിലോമീറ്റർ എന്നതിൽ മാറ്റമില്ല. സിറ്റി ഫാസ്റ്റ് മിനിമം നിരക്ക് 12 രൂപയും കിലോമീറ്റർ നിരക്ക് 103 പൈസയുമാണ്. ഓർഡിനറി നിരക്കിന്റെ അനുപാതത്തിൽ നേരിയ മാറ്റം മാത്രമാണ് ഉയർന്ന ക്ലാസിലെ ബസ്സുകളിൽ വരുത്തിയിട്ടുള്ളത്.

ഫാസ്റ്റ് പാസഞ്ചറിൽ മിനിമം നിരക്ക് 15 രൂപയും കിലോമീറ്റർ ചാർജ് 105 പൈസയുമാണ്. സൂപ്പർ എക്‌സ്.പ്രസ്സ് മുതലുള്ള സൂപ്പർ ക്ലാസ്സ് സർവീസുകൾക്ക് മിനിമം ചാർജ്ജ് വർദ്ധനവ് ഇല്ല. സൂപ്പർഫാസ്റ്റ് മിനിമം ചാർജ് 22 രൂപയും കിലോമീറ്റർ നിരക്ക് 108 പൈസയുമാണ്.സൂപ്പർ എക്‌സ്.പ്രസ്സ് ബസുകളിൽ കിലോമീറ്റർ നിരക്ക് 110 പൈസയായി കൂടുമ്പോഴും മിനിമം ചാർജ് 35 രൂപയായി നില നിർത്തി സഞ്ചരിക്കാവുന്ന ദൂരം 15 കിലോമീറ്ററായി ഉയർത്തിയതിനാൽ ബസ് ചാർജിൽ കാര്യമായ മാറ്റം വരില്ല.

സൂപ്പർ എയർ എക്‌സ്.പ്രസ്സിന്റെ കിലോമീറ്റർ നിരക്ക് രണ്ട് പൈസ കുറച്ച് മിനിമം സഞ്ചരിക്കാവുന്ന ദൂരം 10 കിലോമീറ്റർ നിന്ന് 15 ആയി കൂട്ടിയതിനാൽ നിരക്ക് നിലവിലും കുറയും. സൂപ്പർ ഡീലക്‌സ് ബസ്സുകളിൽ മിനിമം ചാർജ് നിലനിർത്തി കിലോമീറ്റർ നിരക്കിൽ അഞ്ചു പൈസ കുറച്ചു. മൾട്ടി ആക്‌സിൽ സെമി സ്ലീപ്പറിൽ മിനിമം ചാർജ് നിലനിർത്തി കിലോമീറ്റർ നിരക്കിൽ 25 പൈസ കുറച്ചു. ജന്റം ലോ ഫ്‌ളോർ എസി ബസുകളുടെ കിലോമീറ്റർ നിരക്ക് 12 പൈസ കുറച്ചിട്ടുണ്ട്. സിംഗിൾ ആക്‌സിൽ എയർകണ്ടീഷൻഡ്, ഹൈടെക്ക്, വോൾവോ സിംഗിൾ ആക്‌സിൽ ബസുകളുടെ നിരക്കിൽ മാറ്റമില്ല. ലോ ഫ്‌ളോർ നോൺ എസി ജന്റം ബസുകൾക്ക് നിലവിലുള്ള മിനിമം ചാർജ് 13 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചു. സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ എന്നിവയുടെ നിരക്ക് ഓർഡിനറിക്ക് തുല്യമാകും.

കെഎസ്ആർടിസി ബസുകളിലെ ഫെയർ‌സ്റ്റേജ് നിർണയത്തിലെ അപാകതകൾ പരിഹരിച്ചതോടെ യാത്രക്കാരുടെ നിരന്തര പരാതിക്ക് പരിഹാരമായതായി മന്ത്രി പറഞ്ഞു. ഉദാഹരണമായി ഫാസ്റ്റ് പാസഞ്ചറിൽ തിരുവനന്തപുരത്തു നിന്ന് ശ്രീകാര്യത്തേക്ക് 26 രൂപ നൽകേണ്ടി വന്നിരുന്നത് ഫെയർ സ്റ്റേജ് 10 കിലോമീറ്റർ നൽകുമ്പോൾ 21 രൂപയായി കുറയും. അതുപോലെ കണിയാപുരത്തിന് 33 രൂപയായിരുന്നത് 31 ആകും. സൂപ്പർ ഫാസ്റ്റിൽ തിരുവനന്തപുരത്തുനിന്ന് കണിയാപുരത്തിന് 44 രൂപയിൽ നിന്ന് 33 ആയി കുറയും. അതുപോലെ കൊട്ടിയത്തിന് 82 രൂപയിൽ നിന്ന് 79 രൂപയാകും. സൂപ്പർ എക്‌സ്.പ്രസ്സിനു തിരുവനന്തപുരം കണിയാപുരം റൂട്ടിൽ 55 രൂപ നൽകേണ്ടിയിരുന്നത് 35 രൂപയായും ആറ്റിങ്ങലിലേക്കുള്ള 55 രൂപ 50 രൂപയായി കുറച്ച് അപാകതകൾ പരിഹരിച്ചതായി മന്ത്രി പറഞ്ഞു.ചാർജ് പരിഷ്‌കാരം മന്ത്രി സഭ അംഗീകരിച്ചതോടെ മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.