ക്ഷിതാക്കളുടെ പിന്തുണയോടെ ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിൽ ആരംഭിക്കാൻ പോവുന്ന സ്‌കൂൾ നിയന്ത്രിത ബസ് സംവിധാനം വെറുംവാക്കേയാക്കാൻ സാധ്യത.ഈ സംവിധാനത്തിൽ നിന്ന് ബസ് ഓപ്പറേറ്റർമാർ പിന്മാറുന്നതായി അറിയിച്ചതോടെയാണ് ഈ സംവിധാനം എങ്ങുമെത്താതെ പോകുന്നത്.

സ്‌കൂൾ അധികൃതർ മുന്നോട്ടുവച്ച സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെങ്കിൽ തങ്ങളുമായി ദീർഘകാല കരാർ ഒപ്പിടണമെന്നാണ് ബസ് ഓപ്പറേറ്റർമാരുടെ ആവശ്യം.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌കൂളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ സ്പീഡ് ഗവേണർ ഐ.വി എം.എസ്, തുടങ്ങി വിവിധ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ദാർസൈത് ഇന്ത്യൻ സ്‌കൂൾ നിർദേശിച്ചിരുന്നു. ഇതിനായി നിലവിൽ ബസ് സർവീസ് നടത്തുന്ന വിവിധ കമ്പനികളുമായി സ്‌കൂൾ ചർച്ച നടത്തി. ഇക്കൂട്ടത്തിൽ 17 കമ്പനികളുടെ പ്രതിനിധികളാണ് ദീർഘകാല കരാറില്ലാതെ പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറിയിച്ചത്.

ഇപ്പോൾ വിവിധ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഒന്നിച്ചാണ് സർവീസ് നടത്തുന്നത്. ദാർസൈത് ഇന്ത്യൻ സ്‌കൂളിന് പ്രത്യേക സർവീസ് നടത്തണമെങ്കിൽ വൻതുക മുടക്കി പുതിയ ബസുകൾ വാങ്ങണം.ഏപ്രിൽ ആറ് മുതൽ പുതിയ അധ്യയനവർഷം തുടങ്ങുമ്പോൾ സുരക്ഷിത സ്‌കൂൾ ബസ് സംവിധാനം ആരംഭിക്കുമെന്ന് സ്‌കൂൾ രക്ഷിതാക്കൾക്ക് സർക്കുലർ അയച്ചിരുന്നു. ഓപ്പറേറ്റർമാരുടെ പിന്മാറ്റത്തോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയാണ്.