തിരുവനന്തപുരം: ബോർഡുകൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ള ആരും തുടരേണ്ടതില്ല എന്നത് സിപിഎമ്മിന്റെ തീരുമാനമാണ്. ആ തീരുമാനത്തിന്റെ പുറത്താണ് മന്ത്രിസഭാ രൂപീകരണത്തിൽ കഴിഞ്ഞ മന്ത്രിസഭയുടെ ഭാഗമായിരുന്ന ശൈലജ ടീച്ചർക്കടക്കം മാറി നിൽക്കേണ്ടി വന്നതും. ബോർഡുകളിലും കോർപ്പറേഷനുകളിലും ആർക്കും രണ്ടാമൂഴം നൽകാതെ മാറ്റിനിർത്തിയതും അതിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ പിഎമാരുടെ വാദം. ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും മാറിയിട്ടും കഴിഞ്ഞ ബോർഡിലെ പിഎമാർ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

കഴിഞ്ഞ നവംബറിലാണ് സിപിഎം നേതാവായ കെ. അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായി സ്ഥാനമേറ്റത്. നിലവിലെ പ്രസിഡന്റായിരുന്ന എൻ. വാസു പാർട്ടിയുടെ വിശ്വസ്തനായിരുന്നിട്ടുകൂടി രണ്ടാം ഊഴം നൽകാൻ സിപിഎം തയ്യാറായില്ല. കാലാവധി പൂർത്തിയാകുന്ന അംഗങ്ങൾക്കും രണ്ടാം ഊഴം നൽകില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ബോർഡിലെ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും പിഎ ആയിരുന്നവർ തന്നെ പുതിയ ബോർഡിലും തുടരുന്നത് ചോദ്യം ചെയ്യപ്പെടുന്നത്.

പുതിയ ബോർഡ് സ്ഥാനമേൽക്കുമ്പോൾ സ്റ്റാഫിൽ കയറിപറ്റുന്നതിന് കുപ്പായം തയ്‌പ്പിച്ചിരുന്ന സിപിഎം അനുകൂല യൂണിയൻ നേതാക്കൾ പഴയ പിഎമാർ തുടരുന്നതിൽ അസ്വസ്ഥരാണെന്നാണ് റിപ്പോർട്ടുകൾ. മറ്റു ജീവനക്കാരെ അപേക്ഷിച്ച് ബോർഡ് അംഗങ്ങളുടെ പിഎമാർക്ക് ജോലി ഭാരം വളരെ കുറവാണെന്നതും അതിരില്ലാത്ത അധികാരങ്ങളുമാണ് സ്റ്റാഫിൽ കയറാനുള്ള ഇടിയുടെ പ്രധാന കാരണം. ബോർഡ് മീറ്റിങ് ഉള്ള ദിവസങ്ങളിലും ശബരിമല സീസണുകൾ പോലെ പ്രധാന ദിവസങ്ങളിലും മാത്രമാണ് ബോർഡ് അംഗങ്ങളുടെ സ്റ്റാഫിന് കാര്യമായ ജോലിഭാരമുണ്ടാകുന്നത്. മാത്രമല്ല ബോർഡ് ഭരണസമിതിയുമായി ചേർന്ന് നിൽക്കുന്നതിനാൽ യൂണിയൻ നേതാക്കളെക്കാൾ അധികാരങ്ങളാണ് ഇവരിലേയ്ക്ക് വന്നുചേരുന്നത്.

കഴിഞ്ഞ ബോർഡിൽ ഈ സുഖങ്ങളെല്ലാം അനുഭവിച്ചവരെ തന്നെ വീണ്ടും തൽസ്ഥാനത്ത് നിയോഗിക്കുന്നതിൽ ഭരണാനുകൂല യൂണിയനിൽ അമർഷം പുകയുകയാണ്. സംഘടനാ പ്രവർത്തനത്തിന് കൂടി സമയം കണ്ടെത്തുന്നവരെ പുതിയ സ്റ്റാഫായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. അധികാരം ചില വ്യക്തികളിൽ തന്നെ കാലാകാലങ്ങളിൽ കേന്ദ്രീകരിക്കുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും സംഘടനാ നേതാക്കൾക്ക് ജീവനക്കാർക്കിടയിൽ വിലയില്ലാതാകുമെന്നും അവർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രിയേയും പ്രസിഡന്റിനേയും കണ്ട് പരാതിപ്പെടാനൊരുങ്ങുകയാണ് അവർ.

സിപിഎം അനുകൂല സംഘടനയ്ക്കുള്ളിൽ ഇത്തരമൊരു പ്രശ്‌നം നിലനിൽക്കുന്നതിനാൽ ബോർഡിലെ ഏക സിപിഐ അംഗത്തിനും പിഎയെ നിയമിക്കാൻ കഴിയാതെ നീണ്ടുപോകുകയാണെന്നാണ് റിപ്പോർട്ടുകൾ.