- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാവൻകൂർ ഷുഗേഴ്സിലേക്ക് കൊണ്ടു വന്ന 20,000 ലിറ്റർ സ്പിരിറ്റ് ചോർന്ന സംഭവം ആസൂത്രിതം: കേസ് പൊലീസ് ഏറ്റെടുത്തു: ജീവനക്കാരൻ അരുൺകുമാറും ടാങ്കർ ലോറി ഡ്രൈവർമാരും അറസ്റ്റിൽ: ജനറൽ മാനേജർ അടക്കം ഏഴു പേരെ പ്രതി ചേർത്തു: മുഖ്യപ്രതി അരുൺകുമാർ ബിജെപിക്കാരൻ
തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക കൊണ്ടു വന്ന മൂന്നു ടാങ്കർ ലോറികളിൽ നിന്നായി 20,000 ലിറ്ററോളം സ്പിരിറ്റ് കാണാതായ കേസിന്റെ അന്വേഷണം എക്സൈസ് പൊലീസിന് കൈമാറി.
മോഷണക്കുറ്റം ചുമത്തി പുളിക്കീഴ് പൊലീസ് അന്വേഷണം ഏറ്റെടുത്തു. ട്രാവൻകൂർ ഷുഗേഴ്സിൽ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി അരുൺകുമാർ, ഡ്രൈവർമാരായ സിജോ, നന്ദകുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് നൽകിയ പരാതി പ്രകാരം ജനറൽ മാനേജർ അടക്കം ഏഴു പേരെ പൊലീസ് പ്രതി ചേർത്തു.
ഇന്നലെ പുലർച്ചെയാണ് മൂന്നു ലോറികളിലായി സ്പിരിറ്റ് ഫാക്ടറിയിൽ എത്തിച്ചത്. തൊട്ടുപിന്നാലെ എക്സൈസ് എൻഫോഴ്സ്മെന്റ് വാഹനവും വന്നു കയറി. തുടർന്ന് വൈകുന്നേരം വരെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പിരിറ്റ് ചോർന്ന വിവരം സ്ഥിരീകരിച്ചത്. ടാങ്കർ ലോറികളിൽ നിന്ന് 9.50 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
ഇത് ട്രാവൻകൂർ ഷുഗേഴ്സിൽ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുൺകുമാറിന് കൊടുക്കാൻ കൊണ്ടുവന്നതാണെന്ന് ഡ്രൈവർമാർ മൊഴി നൽകിയിരുന്നു. ഫാക്ടറി ജീവനക്കാരും ടാങ്കർ ലോറി ഡ്രൈവർമാരും സ്പിരിറ്റ് എത്തിക്കാൻ കരാറെടുത്തവരും ചേർന്ന് ഗൂഢാലോചന നടത്തിയാണ് മോഷണം നടത്തിയത് എന്നാണ് സംശയം.
മധ്യപ്രദേശിൽ നിന്നുമാണ് സ്പിരിറ്റ് കൊണ്ടു വന്നത്. കേരളാ അതിർത്തിയിൽ മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്ന് ലോറികൾ പുറപ്പെട്ടതിന് പിന്നാലെ കൂടിയതാണ് എക്സൈസ് സംഘം. ട്രാവൻകൂർ ഷുഗേഴ്സിലേക്ക് വരുന്ന ടാങ്കർ ലോറികളിൽ സ്പിരിറ്റ് കുറയുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒരു ടാങ്കറിൽ നിന്നും ആറു ലക്ഷവും മറ്റൊന്നിൽ നിന്നും 3.5 ലക്ഷവും കണ്ടെത്തതി. ഇത് അരുൺകുമാറിന് നൽകാൻ കൊണ്ടുവന്നതാണെന്നാണ് ടാങ്കർ ഡ്രൈവർമാർ എക്സൈസ് സംഘത്തിന് മൊഴി നൽകിയത്.
മധ്യപ്രദേശിൽ നിന്ന് 1,15,000 ലിറ്റർ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാർ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് നൽകിയിരുന്നു. ഈ കമ്പനിയുടെ കരാർ പ്രകാരമുള്ള ഒടുവിലത്തെ ലോഡാണ് ഇന്നലെ എത്തിയത്. 40,000 ലിറ്ററിന്റെ രണ്ടും 35,000 ലിറ്ററിന്റെ ഒന്നും ടാങ്കറുകളിൽ ഉദ്യോഗസ്ഥ സംഘം വിശദമായ പരിശോധന നടത്തി.
ലീഗൽ മെട്രോളജി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പെരുന്തുരുത്തിയിലെ വേ ബ്രിഡ്ജിൽ ടാങ്കർ ലോറികളുടെ ഭാര പരിശോധനയും നടത്തി. ലീഗൽ മെട്രോളജിയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് സ്പിരിറ്റിന്റെ കൃത്യമായ അളവെടുക്കും. കേരളത്തിൽ വാഹനങ്ങൾ എത്തുംമുമ്പേ സ്പിരിറ്റ് ചോർത്തി വിറ്റുവെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം. പ്രതിയായ അരുൺകുമാർ ബിജെപിക്കാരനാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്