അബുദാബി: യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയിൽ എത്തിയ 5 മലയാളികൾ വിമാനത്താവളത്തിൽ കുടുങ്ങി. ഇവരിൽ 4 പേരെ ഇന്നു രാത്രി നാട്ടിലേക്ക് തിരിച്ചയക്കും. ഒരാൾ 35 മണിക്കൂറിനുശേഷം പ്രത്യേക അനുമതി ലഭിച്ച് വൈകിട്ടു പുറത്തിറങ്ങി. ഇത്തിഹാദ് എയർവെയ്‌സിൽ കൊച്ചിയിൽ നിന്ന് 15ന് പുലർച്ചെ 2.35ന് പുറപ്പെട്ട് 5.10ന് അബുദാബിയിൽ എത്തിയവരാണിവർ. 

അതിനിടെ, അനുമതി ലഭിക്കാതെ കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കു യാത്ര ചെയ്യാനെത്തിയ 33 പേരെ ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നു തിരിച്ചയച്ചു. 30 പേർ ഇത്തിഹാദിലും 3 പേർ എയർ ഇന്ത്യാ എക്സ്‌പ്രസിലും അബുദാബിയിലേക്കു യാത്ര ചെയ്യേണ്ടവരായിരുന്നു.

അനുമതി ഇല്ലാത്തതിന്റെ പേരിൽ ശനിയാഴ്ച ഡൽഹിയിൽനിന്ന് അബുദാബിയിലേക്കു പുറപ്പെടാനിരുന്ന എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിലെ 110 പേർക്കും യാത്രാനുമതി നിഷേധിച്ചു. ഇതേകാരണം ചൂണ്ടിക്കാട്ടി അബുദാബിയിലെത്തിയ 15 പാക്കിസ്ഥാനികളെയും തിരിച്ചയച്ചിരുന്നു.

ഐസിഎ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് യാത്രാനുമതി ലഭിച്ച ശേഷം മാത്രമേ ദുബായിലേക്ക് ഒഴികെയുള്ള യുഎഇ വീസക്കാർ യാത്ര ചെയ്യാവൂ.

ദുബായ് വീസക്കാർ ജിഡിആർഎഫ്എ (ജനറൽ റസിഡൻസി ഓഫ് ഫോറിൻ അഫയേഴ്) വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

https://uaeentry.ica.gov.ae വെബ്‌സൈറ്റിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി നമ്പറുകളും ഏതു രാജ്യക്കാരനാണ് എന്നും ടൈപ്പ് ചെയ്താൽ യാത്രാനുമതി ലഭിക്കും. ദുബായ് വീസക്കാർ https://www.gdrfad.gov.ae വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽനിന്ന് യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. എന്നാൽ 12 വയസ്സിനു താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമില്ല. വീസയുമയി ബന്ധപ്പെട്ട സംശയങ്ങൾ AskDXBOfficial എന്ന ഹാഷ്ടാഗ് വഴി ലഭിക്കും.

എന്നാൽ, യുഎഇ റസിഡന്റ് വീസ ഉള്ളവർക്ക് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ ഐസിഎയുടെ മുൻകൂർ അനുമതി വേണ്ടെന്ന് അധികൃതർ അറിയിച്ചു.