- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേത്‌ലഹേമിലേക്ക് ഒരു തീർത്ഥാടനം
ബേത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രനെ തേടി പൗരസ്ത്യദേശത്തുനിന്നും എത്തിയ ജ്ഞാനികളുടെ ജീവിതം ദൈവാന്വേഷണത്തിന്റെ പാതയിൽ സഞ്ചരിക്കുന്നവർക്ക് നല്കുന്ന ഉൾക്കാഴ്ചകൾ വിലപ്പെട്ടതാണ്. ആംഗലയ കവിയായ ഏലിയട്ടിന്റെ ഭാവനയിൽ ദിവ്യനക്ഷത്രത്തിന്റെ ശോഭ കണ്ട് ബേത്‌ലഹേമിനെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചവർ മൂന്നുപേർ ആയിരുന്നില്ല; മറിച
ബേത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രനെ തേടി പൗരസ്ത്യദേശത്തുനിന്നും എത്തിയ ജ്ഞാനികളുടെ ജീവിതം ദൈവാന്വേഷണത്തിന്റെ പാതയിൽ സഞ്ചരിക്കുന്നവർക്ക് നല്കുന്ന ഉൾക്കാഴ്ചകൾ വിലപ്പെട്ടതാണ്. ആംഗലയ കവിയായ ഏലിയട്ടിന്റെ ഭാവനയിൽ ദിവ്യനക്ഷത്രത്തിന്റെ ശോഭ കണ്ട് ബേത്‌ലഹേമിനെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചവർ മൂന്നുപേർ ആയിരുന്നില്ല; മറിച്ച് സാമാന്യം ഭേദപ്പട്ട വലിയ ഒരു കൂട്ടമായിരുന്നു. മാസങ്ങൾ നീണ്ടുനിന്ന യാത്രയുടെ ക്ലേശങ്ങളും ദുരിതങ്ങളും അന്വേഷകരെ വല്ലാതെ തളർത്തി. അന്വേഷണം ഓരോ ദിവസവും പിന്നിട്ടപ്പോഴും യാത്രികരുടെ കൊഴിഞ്ഞുപോക്ക് വലുതായിരുന്നു. പ്രതിസന്ധികളേയും പ്രശ്‌നങ്ങളേയും അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിവർ മൂന്നുപേർ മാത്രം.
വലിയ ആവേശത്തോടെയും അഭിനിവേശത്തോടെയും ആരംഭംകുറിക്കുന്ന പല സംരംഭങ്ങളും ലക്ഷ്യത്തിലെത്താതെ പാതിവഴിയിൽ ഉപേക്ഷിച്ചുപോകുന്നത് നമ്മിലെ ഉദ്ദേശശുദ്ധിക്കും, അർപ്പണ മനോഭാവത്തിനും ത്യാഗസന്നദ്ധതയ്ക്കും അപജയം സംഭവിക്കുന്നതുകൊണ്ടാണ്. ഇത്തരത്തിലുള്ള അപജയങ്ങൾ ആത്മീയ ജീവിതത്തിലും വലിയ തകർച്ചകളിലേക്കും ഇടർച്ചകളിലേക്കും മനുഷ്യനെ എത്തിക്കും. വലിയ പ്രതീക്ഷയോടും, ആഗ്രഹത്തോടും കൂടി ആരംഭം കുറിക്കുന്ന വ്യത്യസ്തങ്ങളായ ജീവിതാവസ്ഥകൾ ഇടർച്ചകളിലേക്കും തകർച്ചകളിലേക്കും വഴുതി വീഴുന്നെങ്കിൽ, ജീവിതത്തിന്റെ പരുപരുത്ത അനുഭവങ്ങൾ നൽകുന്ന സഹനങ്ങളേയും വേദനകളേയും, ഏറ്റെടുക്കാനോ ഉൾക്കൊള്ളാനോ ശ്രമിക്കാതെ സുരക്ഷിതപാതകൾ തേടി പോകാനുള്ള ആഗ്രഹം നമ്മിൽ നിറഞ്ഞു നിൽക്കുന്നുവെന്ന് തിരിച്ചറിയണം.
ദൈവാന്വേഷണത്തിന്റെ യാത്രയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന സഹനങ്ങളുടേയും വേദനകളുടേയും അനുഭവങ്ങളിൽ നിന്ന് വഴുതിമാറി, ആത്മീയ വെളിച്ചം നൽകുന്ന നക്ഷത്രത്തിന്റെ ശോഭയെ മറച്ചുവച്ച്, ലൗകീകതയുടെ മോഹഭംഗങ്ങളിൽ മതിമറക്കുന്നവർ മാർഗ്ഗഭ്രംശം സംഭവിച്ചവരും, ദിവ്യനക്ഷത്രം തെളിച്ച സത്യപാതയിൽ നിന്നും വ്യതിചലിച്ച് ഹെറോദേശിന്റെ കൊട്ടാരത്തിലെത്തിയ ജ്ഞാനികളുടെ സഹയാത്രികരാണ് ഇക്കൂട്ടർ. ദൈവത്തെ തേടിയുള്ള ജീവിതയാത്രയിൽ വഴിതെറ്റിക്കുന്ന 'ഹെറോദോസിന്റെ കൊട്ടാരങ്ങൾ' നമുക്കു ചുറ്റും പ്രബലമാണ്. ലൗകീക ജീവിതത്തിന്റെ സുഖഭോഗങ്ങളിലും സന്തോഷങ്ങളിലും ജീവിതം അടിയറവച്ച് ദൈവാന്വേഷണത്തിന് അന്ത്യം കുറിക്കുന്നവർ ഏറെയാണ്. അങ്ങനെയുള്ളവർ ആത്മീയ വെളിച്ചത്തിന്റെ ഉറവിടമായ വിശ്വാസത്തിന്റെ കണ്ണുകൾക്ക് തിമിരം ബാധിച്ചവരും ആത്മീയമായ അന്ധതയിൽ ജീവിക്കുന്നവരുമാണ്. ഭൗതീക ജീവിതത്തേയും സുഖസന്തോഷങ്ങളേയും കുറിച്ചുള്ള അമിതമായ താത്പര്യങ്ങൾ ദൈവത്തിൽ നിന്ന് അകറ്റുന്നതോടൊപ്പം അരാജകത്വത്തിലേക്കും കൊടും ക്രൂരതകളിലേക്കും മനുഷ്യനെ എത്തിക്കുമെന്ന് ഹെറോദേസിന്റെ കൊട്ടാരവും ചുറ്റുവട്ടങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നു.
ശരീരത്തിന്റെ പ്രവണതകളേയും അഭിനിവേശങ്ങളേയും തൃപ്തിപ്പെടുത്തുന്ന ലൗകീക ജീവിതത്തിന്റെ അധിനിവേശത്തിൽ നിന്ന് മുക്തിനേടുന്നവർക്ക് മാത്രമേ ആത്മീയവിജയമുള്ളൂ. ഹെറോദേസിന്റെ കൊട്ടാരത്തിൽ നിന്നും പുറത്തിറങ്ങി, അന്വേഷണം തുടരാൻ ധൈര്യം കാണിക്കുന്നവർക്ക് നക്ഷത്രം വീണ്ടും വഴികാട്ടിയായി പ്രത്യക്ഷപ്പെടും. ബേത്‌ലേഹേമിലെ പുൽക്കൂടിനു മുന്നിൽ അടയാളമായി അത് നിലയുറപ്പിക്കും, മറിയത്തോടുകൂടി ദിവ്യപൈതലിനെ കണ്ടെത്തുന്നതിനു സഹായിക്കും.
ദൈവത്തെ തേടിയുള്ള യാത്രയിൽ വിശ്വാസമാകുന്ന ദിവ്യനക്ഷത്രത്തിന്റെ പ്രകാശം നമ്മെ ആത്മീയ ജീവിതത്തിന്റെ ലക്ഷ്യസ്ഥാനമായ ബേത്‌ലഹേമിൽ എത്തിക്കണം. ബേത്‌ലഹേം എന്നാൽ അപ്പത്തിന്റെ നാട് എന്നാണ് അർത്ഥം. മനുഷ്യകുലത്തിന് ജീവന്റെ അപ്പമായി മാറാൻ വന്ന ദൈവപുത്രൻ ജനിച്ചത് അപ്പത്തിന്റെ നാടായ ബേത്‌ലഹേമിലാണ്. സർവ്വത്തിന്റേയും ഉടയവൻ ചെറുതായി ശിശുവിന്റെ രൂപം സ്വീകരിച്ചതിന്റെ ഓർമ്മയാണ് ബേത്‌ലഹേം നൽകുന്നത്. ഈ ചെറുതാകലിന്റേയും ശൂന്യവത്കരണത്തിന്റേയും അനുഭവമാണ് ഓരോ വിശുദ്ധകുർബാനയർപ്പണവും. അപ്പത്തിന്റെ രൂപത്തിലേക്ക് ചുരുങ്ങുന്ന ദൈവത്തെ കാണാൻ വിശ്വാസത്തിന്റെ കണ്ണുകൾക്ക് വലിപ്പവും തിളക്കവും വേണം.
'ജ്ഞാനികൾ ബേത്‌ലഹേമിൽ മറിയത്തോടുകൂടി ശിശുവിനെ കണ്ടു' (ലൂക്ക 2,11) എന്ന് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവാന്വേഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലയിലേക്ക് ഈ തിരുവചനം നമ്മെ എത്തിക്കുന്നു. മറിയം സഭയുടെ പ്രതീകമായിട്ടാണ് ഇവിടെ നിലകൊള്ളുന്നത്. ദൈവപുത്രനെ ഉദരത്തിൽ വഹിച്ച ആദ്യത്തെ സക്രാരിയായ പരിശുദ്ധ മറിയത്തപ്പോലെ, ഈ ലോകത്തിൽ ദൈവസാന്നിധ്യം അനുഭവവേദ്യമാക്കുന്ന സാക്ഷ്യപേടകമാണ് (പുറപ്പാട് 25, 10-30) സഭ. മനുഷ്യനായി അവതരിച്ച ദൈവപുത്രൻ സഭയാകുന്ന ബേത്‌ലേഹോമിൽ ഓരോ ദിവസവും അപ്പമായി ജനിക്കുന്നു. ചുരുക്കത്തിൽ, ദൈവത്തെ തേടിയുള്ള അന്വേഷണം സഭയാകുന്ന ബേത്‌ലഹേമിലേക്ക്- വിശുദ്ധ കുർബാനയിലേക്ക്- നമ്മെ എത്തിക്കുന്നു. ജീവന്റെ അപ്പത്തെ തിരിച്ചറിയാനും, ക്രൈസ്തവ ആദ്ധ്യാത്മികതയുടെ അടിസ്ഥാനമായ വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാനും സഭയിലെ എല്ലാ ശുശ്രൂഷകളും സഹായകമാകണം. കാരണം, വിശുദ്ധ കുർബാനയാകുന്ന മഹാ രഹസ്യത്തിനു മേലാണ് സഭ പണിതുയർത്തപ്പെട്ടിരിക്കുന്നത്. വിശുദ്ധ കുർബാനയെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെ കുറിച്ചും അവിടുത്തെ തുടർച്ചയായ സഭയെക്കുറിച്ചുമുള്ള അജ്ഞതയാണ്. ഈ അജ്ഞത വിശുദ്ധ കുർബാനയിൽ നിന്നുള്ള തുടർച്ചയിലേക്കും സഭയിൽ നിന്നുള്ള അകൽച്ചയിലേക്കും ഒരുവനെ എത്തിക്കും.
സഭയിൽ നിന്ന്, വിശുദ്ധ കുർബാനയിൽ നിന്ന് നമ്മെ അകറ്റുന്ന, വ്യതിചലിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നും നാം അകലം പാലിക്കണം. കാരണം സഭയിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കാനായി മാർഗ്ഗഭ്രംശം സംഭവിച്ച വ്യക്തികളുടെ രൂപത്തിൽ തിയുടെ ശക്തി നമുക്ക് ചുറ്റും എപ്പോവും പ്രവർത്തനനിരതമാണ്. ദൈവാന്വേഷണത്തിന്റെ സത്യപാതയിൽ നിന്നും നമ്മെ വഴിതെറ്റിക്കുന്ന കപടവ്യക്തിത്വങ്ങളും തെറ്റിദ്ധാരണ പുലർത്തുന്ന ദുഷ്പ്രചാരണങ്ങളും നമുക്കു ചുറ്റും ഉയരുമ്പോഴും, സഭയെക്കുറിച്ചും സഭാ ശുശ്രൂഷകരെക്കുറിച്ചും നിഷേധാത്മകമായ ചിന്തകൾ സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുമ്പോഴും നാം സത്യത്തിന്റെ വഴിയിൽ നിന്നും ഇടറി വീഴാൻ സാധ്യതയുണ്ട്. ഇവിടെ നാം കരുതലുള്ളവരും ജാഗരൂകരുമായിരിക്കണം.
ദൈവപുത്രനെ അമ്മയോടൊപ്പം കണ്ട്, ആരാധിച്ച് തിരുമുൽക്കാഴ്ചകളും ജീവിതവും അവിടുത്തേക്ക് സമർപ്പിച്ച്, ജ്ഞാനികൾ തിരിച്ചുപോയത് മറ്റൊരു വഴിക്കാണ്. ദൈവത്തെ കണ്ടെത്തുന്നവർക്ക് പാപത്തിന്റെ പഴയ വഴികളൂടെ വീണ്ടും സഞ്ചരിക്കാൻ കഴിയില്ല. ദൈവ- മനുഷ്യബന്ധങ്ങൾക്ക് ഊഷ്മളതയും ധന്യതയും പകരുന്ന നവജീവിതശൈലിയുടെ പുത്തൻപാതയിലൂടെ മാത്രമേ അവർക്ക് മുന്നേറാൻ കഴിയൂ. തിരുപ്പിറവിക്കായ് ഒരുങ്ങുന്ന ഈ പുണ്യദിനങ്ങളിൽ ജ്ഞാനികളുടെ മഹനീയ മാതൃക ദൈവത്തെ തേടിയുള്ള നമ്മുടെ ആത്മീയ യാത്രയ്ക്ക് പുതു ചൈതന്യവും ശക്തിയും പകരട്ടെ.
(റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, ചാൻസിലർ, സെന്റ് തോമസ് സീറോ മലബാർ രൂപത, ഷിക്കാഗോ)