കണ്ണൂർ: നിധിവേട്ടക്കാരെ പേടിച്ച് ഒരു ആദിവാസി ഗ്രാമം. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ അരവഞ്ചാൽ കണ്ണങ്കൈ കോളനിക്ക് സമീപത്തെ റബ്ബർ എസ്റ്റേറ്റ് ആണ് നിധിവേട്ടക്കാരെ ആകർഷിക്കുന്നത്. കണ്ണങ്കൈ പടിഞ്ഞാറ് ഭാഗത്തെ ഗുഹക്ക് സമീപം വൃത്താകൃതിയിൽ പത്തോളം കുഴിയുണ്ട്. അർദ്ധ രാത്രിയോടെ നിധി മോഹിച്ചെത്തുന്നവർ പിക്കാസും പാരയുമായി ഇവിടെയെത്തും. പിന്നീട് ഓരോരാളായി കുഴിക്കാൻ തുടങ്ങും. ഇവിടെ ആൾതാമസമില്ലാത്തതിനാൽ എത്തിയ വിവരം ആരും അറിയില്ല. കോളനി വഴിയാണ് അർദ്ധ രാത്രിയോടെ ഇവർ എത്തുന്നത്.

ഈ തോട്ടത്തിന്റെ ഉടമ ഏഴിലോട് സ്വദേശിയാണ്. അതുകൊണ്ടു തന്നെ പതിവായി അവർ വരാറില്ല. മുൻകാലങ്ങളിൽ ഇവിടെ നിധിയുണ്ടെന്ന പ്രചാരണമാണ് ധനമോഹികൾക്ക് ഇവിടെ വരാനുള്ള പ്രേരണ. എന്നാൽ ആർക്കെങ്കിലും നിധി കിട്ടിയതായി വിവരമില്ല. ആയുധങ്ങളുമായി കോളനി വഴി പോകുന്നവർ എത്തരക്കാരാണെന്ന് കോളിനിവാസികൾക്ക് അറിയുകയുമില്ല. പരിചയമില്ലാത്തവർ ഇവിടെ എത്തുന്നത് കോളനി നിവാസികളിലും ഭീതി ഉയർത്തുന്നു.

മുൻകാലങ്ങളിൽ മരിച്ചവരുടെ മൃതദേഹം സംസ്‌ക്കരിച്ച ശേഷം പാറകളിൽ കുഴി കുഴിച്ച് സെക്കന്റി ബറിയൽ എന്ന പേരിൽ അടക്കം ചെയ്യാറുണ്ട്. അതാണോ ഇതെന്ന് സംശയിക്കുന്നതായി പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.നളിനി മറുനാടൻ മലയാളിയോട് പറഞ്ഞു. എന്തായാലും നിധി കിളക്കാൻ ഇനിയും ആളുകൾ വരുമെന്ന ഭയത്തിലാണ് നാട്ടുകാർ.