തിരുവനന്തപുരം: മരംമുറി വിവാദവുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവ്വീസ് പിൻവലിച്ചെന്ന വാർത്ത പുറത്തുവന്നതോടെ താൻ അതറിഞ്ഞിട്ടില്ലെന്ന് മന്ത്രി കെ.രാജന്റെ പ്രതികരണം. അണ്ടർ സെക്രട്ടറിക്ക് എതിരെ സ്വീകരിച്ചത് പ്രതികാര നടപടിയെന്നാണ് ആരോപണം ഉയർന്നത്.  ശാലിനിയുടെ ഗുഡ് സർവ്വീസ് എൻട്രി പിൻവലിച്ചെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥയ്ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടിയെടുത്തിട്ടില്ലെന്നും കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകാണ് ശാലിനിക്ക് എതിരെ നടപടി സ്വീകരിച്ചത്. എന്നാൽ തനിക്ക് അക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് റവന്യൂ മന്ത്രി പറയുന്നത്. ആഭ്യന്തര പരിശോധനയിൽ ശാലിനിക്ക് ഗുഡ് സർവ്വീസ് നൽകാനുള്ള അടിസ്ഥാനമില്ലെന്ന് തെളിഞ്ഞെന്നായിരുന്നു വിഷയത്തിൽ റവന്യൂ സെക്രട്ടറിയുടെ പ്രതികരണം.

മരുമുറിയിൽ വിവരവകാശപ്രകാരം മറുപടി നൽകിയ അണ്ടർ സെക്രട്ടറി ശാലിനിക്ക് നേരത്തെ സർക്കാർ നൽകിയ ഗുഡ്സ് സർവീസ് ക്യാൻസൽ ചെയ്താണ് ഇപ്പോൾ ഉത്തരവ് ഇറക്കിയത്. ശാലിനിക്ക് ഇന്റഗ്രിറ്റി ഇല്ലന്നാണ് വകുപ്പു സെക്രട്ടറി കൂടിയായ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിന്റെ കണ്ടുപിടിത്തം. ഇന്റഗ്രിറ്റി ഇല്ല എന്ന് ആരോപിച്ചു ശാലിനിയുടെ ഗുഡ് സർവീസ് ക്യാൻസൽ ചെയ്ത് സർക്കാർ ഉത്തരവിറക്കി. ജയതിലകിന്റെ വിവാദ ഉത്തരവാണ് മുട്ടിൽ അടക്കമുള്ളിടത്തെ മരം മുറിക്കാർക്ക് തുണയായത്. വിവരാവകാശമാണ് ഇതിന് പിന്നിലെ റവന്യൂ ഗൂഢാലോചനയെ പുറത്തു കൊണ്ടു വന്നത്. ഇതാണ് ശാലിനിക്ക് വിനയായത്.

അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥക്ക് ഇന്റഗ്രിറ്റി ഇല്ല എന്ന സർട്ടിഫിക്കറ്റ് നൽകുന്നത് ഉദ്യോഗസ്ഥയുടെ പ്രൊമോഷനെ ബാധിക്കും. റവന്യു വകുപ്പിലെ സമർത്ഥയായ ഉദ്യോഗസ്ഥ എന്ന നിലയിൽ ആണ് ശാലിനി അറിയപ്പെടുന്നത്. അതെല്ലാം എടുത്ത് പറഞ്ഞാണ് ജയതിലക് അവർക്ക് ഈ വർഷം ഏപ്രിലിൽ ഗുഡ്സ് സർവീസ് എൻട്രി നൽകി ഉത്തരവിറക്കിയത്. 29.6.21 ന് മരം മുറിയുമായി ബന്ധപ്പെട്ട വിവരവകാശത്തിന് ശാലിനി മറുപടി നൽകിയതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്.

ഇതിനെ തുടർന്ന് രണ്ട് മാസത്തേക്ക് ശാലിനിയോട് ലീവിൽ പോകാൻ സർക്കാർ നിർദ്ദേശിച്ചു. ലീവിൽ പ്രവേശിച്ച ശാലിനിയെ പ്രതികാര ബുദ്ധിയോടെ വേദനിപ്പിക്കുകയാണ് സർക്കാർ. കഴിഞ്ഞ മാസം 28നാണ് മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഫയലിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷ ശാലിനിക്ക് ലഭിക്കുന്നത്. അടുത്ത ദിവസം തന്നെ അതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുകയും ചെയ്തിരുന്നു. എല്ലാ വകുപ്പുകളുടെയും നിർദ്ദേശങ്ങളും മറികടന്ന് റവന്യു മന്ത്രിയാണ് മരംമുറിക്ക് അനുവാദം നൽകിയതെന്ന് ആ രേഖയിൽ പറഞ്ഞിരുന്നു. അപ്പോൾ തന്നെ റവന്യൂ അണ്ടർ സെക്രട്ടറിയായ ശാലിനിയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ റവന്യു സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

മരംമുറി സംബന്ധിച്ച വിവാദ ഉത്തരവിൽ മുൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ വ്യക്തമായ പങ്കു സൂചിപ്പിക്കുന്ന ഫയൽ പുറത്തുവന്നത് എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ കൂടിയായ ഒ.ജി. ശാലിനിയെ പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് ശാസിക്കുകയും ച്യെയ്തു. മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ റവന്യു മന്ത്രിയുടെ കൈവശമിരിക്കെയാണ് അണ്ടർ സെക്രട്ടറി ഇതിന്റെ പകർപ്പ് വിവരാവകാശ പ്രകാരം അപേക്ഷകന് കൈമാറിയത്. ഇക്കഴിഞ്ഞ 29 നാണ് തിരുവനന്തപുരം സ്വദേശിക്ക് വിവരാവകാശ പ്രകാരം മറുപടിയും രേഖകളും കൈമാറിയത്. ഇതിലെ മുന്മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടൽ വ്യക്തമാക്കുന്ന വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു.


മുട്ടിൽ വിവാദം കത്തിനിന്നതുമുതൽ ശാലിനിക്കെതിരെ റവന്യൂ വകുപ്പ് പ്രതികാരനടപടികൾ സ്വീകരിക്കുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. മരംമുറി സംബന്ധിച്ച വിവരങ്ങൾ നൽകിയ ഈ ഉദ്യോഗസ്ഥയെ രണ്ടുമാസത്തെ അവധിയിൽ വിട്ടതിന് പിന്നാലെ തൽസ്ഥാനത്തുനിന്നും മാറ്റാൻ നീക്കം നടക്കുന്നതായി മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. റവന്യൂ എ,എൽ,യു സെക്ഷനുകളുടെ ചുമതലയുള്ള അണ്ടർ സെക്രട്ടറിയായ ശാലിനിയെ സി,ഡി സെക്ഷൻ ചുമതലയിലേക്ക് മാറ്റാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത് എന്നായിരുന്നു വാർത്തകൾ.

മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് വിവരാവകാശ രേഖകളുടെ ചുമതലയുള്ള അണ്ടർ സെക്രട്ടറി ശാലിനിയാണ് മറുപടി നൽകിയിരുന്നത്. ഇതിന്റെ പേരിൽ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ശാലിനിയെ വിളിച്ചുവരുത്തി ശകാരിക്കുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച് അധിക്ഷേപിക്കുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു. കൃത്യമായി ജോലി ചെയ്തതതിന്റെ പേരിൽ റവന്യൂ വകുപ്പിലെ ചില ഉന്നതർ ഈ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സഹപ്രവർത്തകർ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ശാലിനിക്കെതിരായ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ കേരള സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.