തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. വനം, റവന്യു ഉദ്യോഗസ്ഥർക്ക് എതിരെയാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഉദ്യോഗസ്ഥർ സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്നാണ് അന്വേഷിക്കുന്നത്.

പ്രതികളെ സഹായിക്കാൻ ഫയലുകളിൽ അനുകൂല തീരുമാനം എഴുതിയോ എന്നും പരിശോധിക്കും. അന്വേഷണത്തിന് നിയമപ്രാബല്യമുണ്ടാകാനാണ് പ്രത്യേക ഉത്തരവിറക്കിയത്. നിലവിൽ വനം വകുപ്പിലേയും റവന്യു വകുപ്പിലെയും രണ്ടുവീതം ഉദ്യോഗസ്ഥരെയാണ് കേസിൽ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്നത്.

സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിക്കാൻ 17(എ) പ്രകാരം അനുമതി ആവശ്യമാണ്. ഇതിനായി അന്വേഷണ സംഘം ശുപാർശ നൽകിയപ്പോൾ ക്രൈംബ്രാഞ്ച് സംഘം വിജിലൻസ് അന്വേഷണത്തിന് ആവശ്യപ്പെടുന്നത് എന്തിനാണ് എന്ന് സംശയമാണ് ആഭ്യന്തര വകുപ്പിലെ ചിലർ ഉന്നയിച്ചത്. അനുമതി നൽകുന്ന ഫയൽ മുഖ്യമന്ത്രി തന്നെ ഒപ്പിട്ടതോടെ വകുപ്പുതല തടസ്സങ്ങളും നീങ്ങി. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ ഇത്രയും വലിയ മരംകൊള്ള കേരളത്തിൽ സാധിക്കില്ല എന്ന ഹൈക്കോടതി നിരീക്ഷണത്തിനു പിന്നാലെയാണ് സർക്കാർ നടപടി.

ഉദ്യോഗസ്ഥ ഇടപെടലിനെതിരെ കൃത്യമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ ഭാവിയിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നുമാണ് സിബിഐ അന്വേഷണ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ഡയറി ഉൾപ്പെടെ രജിസ്റ്റ്രാറുടെ സംരക്ഷണത്തിലേക്ക് മാറ്റിയതോടെ ഫലത്തിൽ കോടതി നിരീക്ഷണത്തിലായിരിക്കും അന്വേഷണം. മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലുകളും നിർദ്ദേശങ്ങളും ഫയൽ കുറിപ്പുകളിൽ വ്യക്തമായി ഉണ്ട്.