ഇടുക്കി: പെരിഞ്ചാംകുട്ടിയിൽ വീണ്ടും കുടിൽകെട്ടി സമരം നടത്തിയ ആദിവാസി കുടുംബങ്ങളെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് നീക്കി. മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പകരം ഭൂമി നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാൻറേഷനിലാണ് പുലർച്ചെയോടെ എത്തിയ ഒമ്പത് ആദിവാസി കുടുംബങ്ങൾ കുടിൽകെട്ടി പ്രതിഷേധം ആരംഭിച്ചത്. ആദിവാസി ഭൂമി അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മൂന്നാർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

2012ൽ വനഭൂമിയെന്ന് പറഞ്ഞ് കുടിയൊഴിപ്പിക്കപ്പെട്ട 210 കുടുംബങ്ങളിൽപ്പെട്ടവരാണിവർ. അന്ന് ആറ് കൊല്ലം കളക്റ്റ്രേറ്റിന് മുന്നിൽ സമരം കിടന്നപ്പോൾ പകരം ഭൂമി നൽകാമെന്ന് സർക്കാർ പറഞ്ഞതാണ്. പക്ഷേ ഇതുവരെയും ഭൂമി കിട്ടിയില്ല. ഇനി പിന്നോട്ടില്ലെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.