പത്തനംതിട്ട: പെരുമ്പാവൂരിലെ ജിഷയുടെ അനുഭവം ഇനിയാർക്കും ഉണ്ടാകരുതെന്നാണ് ഈ നാടിന്റെ പ്രാർത്ഥന. എന്നിട്ടും അതിന് സമാനമായ രീതിയിലുള്ള സംഭവം ഇവിടെ ആവർത്തിച്ചു. ആദിവാസിബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ രക്ഷിക്കാൻ സർക്കാരിന്റെ വിവിധ വകുപ്പുകൾ ഒത്തുപിടിക്കുന്നു.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗർഭിണിയായത് എന്നിരിക്കേ പ്രായം തിരുത്തി 18 ആക്കി, പ്രതിയെ രക്ഷിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ബാലികയുടെ മാതാപിതാക്കളേയും കൈയിലെടുത്തിരിക്കുകയാണ്.

മൂഴിയാർ ഡാമിനോടു ചേർന്ന സായിപ്പൻകുഴി ആദിവാസി കോളനിയിലെ ബാലികയാണ് മൂന്നുമാസം ഗർഭിണിയായിരിക്കുന്നത്. ഈ വിവരം ആരോഗ്യവകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. സംഭവം അറിയിച്ചിട്ടും ശിശുക്ഷേമ സമിതിയും (സി.ഡബ്ല്യു.സി) ചൈൽഡ് ലൈനും തിരിഞ്ഞു നോക്കിയില്ല. സംഭവത്തിലെ പ്രതി ആദിവാസി കുടികളുമായി അടുത്തു പ്രവർത്തിക്കുന്നയാളാണ്.

ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് ഗർഭിണിയായിരിക്കുന്നത്. സായിപ്പൻകുഴി കോളനിയിൽ സന്ദർശനത്തിന് ചെന്ന ആരോഗ്യപ്രവർത്തകർക്ക് സംശയം തോന്നിയതിനെ തുടർന്ന് ചിറ്റാർ പി.എച്ച്.സിയിൽ നിന്നുമുള്ള വിദഗ്ദ്ധർ കോളനിയിലെത്തി പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഈ വിവരം ശിശുക്ഷേമ സമിതിക്ക് മഹിളാ സമഖ്യ പ്രവർത്തകർ റിപ്പോർട്ട് ചെയ്തു. ഇതോടെ പ്രതിയെ രക്ഷിക്കാനുള്ള നീക്കം തുടങ്ങി. പെൺകുട്ടിക്ക് മാസങ്ങൾക്ക് മുൻപ് 18 വയസ് തികഞ്ഞുവെന്നു വരുത്താനാണ് നീക്കം.

മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ആദിവാസികൾ ഒരിടത്തും സ്ഥിരമായി വസിക്കുന്നവരല്ല. ഇവർക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീടോ കുടിലുകളോ ഉണ്ടാകാറില്ല. കഴിഞ്ഞ ഓണം വരെ ചിറ്റാർ ഗവ. എച്ച്.എസ്.എസിൽ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു ഈ ബാലിക. പ്രായമെത്ര വരുമെന്ന് കൃത്യമായി പറയാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല. മൂത്ത പെൺകുട്ടിക്ക് 17 വയസാണ് ഉള്ളതെന്ന് ഇവർ പറയുന്നു. അതനുസരിച്ച് കണക്കാക്കുമ്പോൾ ഗർഭിണിയായ പെൺകുട്ടിയുടെ പ്രായം 15 മുതൽ 16 വരെയാണ്. പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട് പ്രകാരം പൊലീസ് അടക്കമുള്ള ഏത് സർക്കാർ സംവിധാനത്തിനും ഇക്കാര്യത്തിൽ നടപടി എടുക്കാവുന്നതാണ്. അതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന് എതിരേയും സർക്കാരിന് കർശനമായ അച്ചടക്ക നടപടി സ്വീകരിക്കാം. അതിന് മുതിരാതെ വകുപ്പുകൾ ഏകോപിച്ച് പ്രതിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. നിലവിൽ ബാലികയും മാതാപിതാക്കളും സായിപ്പൻകുഴിയിൽ തന്നെ തുടരുകയാണ്. ഇവർ ഉൾവനത്തിലേക്ക് കയറിപ്പോകാതിരിക്കാൻ വേണ്ടി സാമൂഹികപ്രവർത്തകർ നടപടി സ്വീകരിച്ചിട്ടുണ്ട്.

മാതാപിതാക്കൾക്ക് കുട്ടിയുടെ ജനനത്തീയതി കൃത്യമായി അറിയാത്ത സ്ഥിതിക്ക് ആരോഗ്യപ്രവർത്തകർ വന്ന് ഹെൽത്ത് കാർഡ് തയാറാക്കിയിരിക്കുകയാണ്. അതിൽ പ്രായം 18 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ സ്‌കൂൾ റിക്കാർഡ് പരിശോധിച്ചാൽ പ്രായം അറിയാൻ കഴിയും. അല്ലെങ്കിൽ ശാസ്ത്രീയ പരിശോധന നടത്തിയാൽ മതിയാകും. ഇതിനൊന്നും ആരും മുതിരുന്നില്ല. ആരോഗ്യവകുപ്പ് അധികൃതർ സ്വന്തം ഇഷ്ടപ്രകാരം തയാറാക്കിയ ഹെൽത്ത് കാർഡ് ആധികാരിക രേഖയാക്കി അതനുസരിച്ച് മുന്നോട്ടുപോവുകയാണ്. ബാലാവകാശ കമ്മിഷൻ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും അവരും ഇതിനെ അടിസ്ഥാനമാക്കിത്തന്നെയാണ് മുന്നോട്ടു പോകുന്നത്. പുറം ലോകത്തിന്റെ ചതിക്കുഴി അറിയാത്ത ആദിവാസി സമൂഹത്തിന് ഇതു വലിയ കാര്യമല്ല. അവരുടെ അജ്ഞതയും പരിഷ്‌കാരമില്ലായമയും മുതലെടുക്കാനാണ് ശ്രമം. ഈ കേസിലെ പ്രതിയെ രക്ഷിക്കാനുള്ള നീക്കം തടയണമെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്.