- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുവർഷത്തിനിടെ വന്യജീവികൾകൊന്നത് ഒമ്പതുപേരെ; കുരങ്ങുപനിയിൽ മരണം അഞ്ച്; അരിയില്ല, മരുന്നില്ല; ആദിവാസിക്കൊരു മന്ത്രിയും പിന്നെ എം എൽ എമാരുമുണ്ടായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല; കാടിന്റെ മക്കൾ ചോദിക്കുന്നു; ഞങ്ങൾ മനുഷ്യരല്ലേ...?
മാനന്തവാടി: ഒരുവർഷത്തിനിടെ കടുവ, കാട്ടാന എന്നിവയുൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസികൾ ഒമ്പതു പേർ, കുരങ്ങുപനി പിടിച്ച് മരിച്ചവർ അഞ്ച്. ക്ഷയം, കാൻസർ തുടങ്ങിയ രോഗങ്ങളാൽ മരിക്കുന്നത് ഒട്ടേറെപ്പേരാണ്. മൂന്ന് എംഎൽഎമാർ, അതിലൊരാൾ മന്ത്രി, ഒരു എംപി, ഇത്രയും ഉള്ള വയനാട്ടിലെ ആദിവാസികളുടെ അവസ്ഥയാണിത്. ആശുപത്രികളു
മാനന്തവാടി: ഒരുവർഷത്തിനിടെ കടുവ, കാട്ടാന എന്നിവയുൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസികൾ ഒമ്പതു പേർ, കുരങ്ങുപനി പിടിച്ച് മരിച്ചവർ അഞ്ച്. ക്ഷയം, കാൻസർ തുടങ്ങിയ രോഗങ്ങളാൽ മരിക്കുന്നത് ഒട്ടേറെപ്പേരാണ്. മൂന്ന് എംഎൽഎമാർ, അതിലൊരാൾ മന്ത്രി, ഒരു എംപി, ഇത്രയും ഉള്ള വയനാട്ടിലെ ആദിവാസികളുടെ അവസ്ഥയാണിത്.
ആശുപത്രികളുടെ അവസ്ഥ ശോചനീയം, മരുന്നില്ല, ഡോക്ടർമാരില്ല, നല്ല ആഹാരമില്ല, വൈദ്യുതിയില്ല, റേഷൻകടകളിൽ നിത്യോപയോഗ സാധനങ്ങൾ പോലും കിട്ടാനില്ല. പിന്നെ ഇപ്പോഴുള്ളത് നൂറുകണക്കിന് തണ്ടർബോൾട്ടു സേനയും മാവോയിസ്റ്റ് ഭീഷണിയും ഒരുകാലത്തും ഒഴിയാത്ത മറ്റു ഭീഷണികളും മാത്രം.
പോയ കാലത്തിന്റെ കണക്ക് പരിശോധിക്കുന്നതിനേക്കാൾ ഈ കാലഘട്ടത്തിന്റെ പരിശോധനകൾ നടത്തുന്നതാണ് കുറച്ചുകൂടി എളുപ്പം. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദിവാസിക്ഷേമത്തിനു മാത്രം ഒരു വകുപ്പും അതിനൊരു മന്ത്രിയും. അതും ആദിവാസികൾ ഏറ്റവും കൂടുതലുള്ള വയനാട്ടിൽനിന്ന്, അവരിലൊരാൾ. ബാക്കി രണ്ട് എംഎൽഎമാരും ഭരണപക്ഷത്തുള്ളവർതന്നെ. ഏക എംപി എം.ഐ ഷാനവാസ് ആദ്യ അഞ്ചുവർഷം കേന്ദ്രം ഭരിച്ച സർക്കാരിന്റെ ഭാഗമായിരുന്നു. ഇപ്പോൾ അദ്ദേഹം കേന്ദ്രത്തിലെ പ്രതിപക്ഷവും കേരളത്തിലെ ഭരണപക്ഷവും ആണ്. പക്ഷേ കഴിഞ്ഞ മൂന്നാലു വർഷമായി ഇവരെ ആരെയും തങ്ങൾ കാണാറില്ലെന്ന് വയനാട്ടിലെ ഭൂരിപക്ഷം ആദിവാസികളും മറ്റ് വിഭാഗങ്ങളും പറയുന്നു. അതിന് അവർ ചൂണ്ടിക്കാട്ടുന്ന തെളിവുകൾ ഇതാണ്.
കഴിഞ്ഞ ഒരുവർഷത്തിനിടയിൽ കടുവ, കാട്ടാന തുടങ്ങിയവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒമ്പതുപേരാണ്. കുറച്ചുദിവസംമുമ്പ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭാസ്‌കരൻ എന്നയാളുടെ ശരീരത്തിന്റെ 75 ശതമാവും കടുവ ഭക്ഷിച്ചിരുന്നു. ഇത്തരത്തിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യസംഭവം. മൂന്ന് ദിവസംമുമ്പ് ഒരു താൽക്കാലിക വനം വകുപ്പ് വാച്ചറും കുരങ്ങുപനി പിടിച്ചു മരിച്ചു. രോഗം തടയുന്നതിൽ സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഇയാളുടെ മൃതദേഹവുമായി ജനങ്ങൾ റോഡ് ഉപരോധം നടത്തിയിട്ടും നടപടിയുണ്ടായില്ല. രോഗം നിർണയിക്കാൻ ആശുപത്രികളിൽ സംവിധാനമില്ല. കോഴിക്കോട്, പരിയാരം മെഡിക്കൽ കോളേജുകൾ, അതുമല്ലെങ്കിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽപോയാണ് ചികിത്സതേടുന്നത്.
ഇത്രയൊക്കെ ആയിട്ടും സ്വന്തം നാട്ടുകാരിയും തങ്ങൾ ജയിപ്പിച്ചുവിട്ട കുട്ടിയുമായ പി.കെ ജയലക്ഷ്മിയോ, മറ്റു രണ്ട് എംഎൽഎമാരോ ജില്ല സന്ദർശിച്ചിട്ടില്ലെന്ന് മാനന്തവാടി പോരൂർ സ്വദേശിയായ ചെല്ലമണിയൻ പറയുന്നു. 'ഓർക്കൊക്കെ കൊരങ്ങ് പനി പിടുക്കുമെന്ന പേടിയാണ് സാറേ, അതോണ്ടാണ് ഓര് ചൊരംകേറി വരാത്തത്' നിത്യരോഗിയായ മണിയന്റെ നിഗമനം ഇതാണ്.
ആളെ തിന്നുന്ന കടുവയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത ദിവസങ്ങളിൽപോലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ആശ്വാസം ലഭിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ജില്ലാ ഭരണകൂടം ഇടപെട്ടാണ് കടുവയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് വാങ്ങിയത്. ജില്ലയിലെ രണ്ടു ചെറുനഗരങ്ങളിൽ ഉൾപ്പെടെ 30 ശതമാനം പേർക്ക് കുരങ്ങുപനി പിടിച്ചിരിക്കുകയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. എന്നാൽ സർക്കാർ പ്രതിരോധമരുന്നുകൾ പോലും നൽകുന്നില്ലെന്നും അവർ തുറന്നു പറയുന്നു. ഇങ്ങനെ പോയാൽ ആഫ്രിക്കൻരാജ്യങ്ങളെ ഭീതിപ്പെടുത്തുന്ന എബോള പോലെ കാടിന്റെ മക്കളെ കുരങ്ങുപനി കൊണ്ടുപോകുമെന്നും അവർ ഭയക്കുന്നു.
വിദ്യാസമ്പന്നരായ, ഇത്തരത്തിലെ പ്രശ്‌നങ്ങൾ ഒന്നും അലട്ടാത്ത സമൂഹത്തിനു കാടിന്റെ മക്കളുടെ വേദനകൾ ചിലപ്പോൾ ഒരു നേരംപോക്ക് പോലുമാകില്ല. പക്ഷേ, അവർക്ക് പരിഭവമുണ്ട്, അമർഷമുണ്ട്. തങ്ങളുടെ പേരിൽ ഭരണത്തിലേറുന്ന, തങ്ങളുടെ ജീവന് പുഴുവിന്റെ വിലപോലും നൽകാത്ത രാഷ്ട്രീയ നാടകക്കാർക്കെതിരെ അവർക്ക് ചിലപ്പോൾ സംഘടിക്കേണ്ടിവന്നേക്കും. അങ്ങനെയാണെങ്കിൽ അന്നുമാത്രമേ ചുരം കയറൂ, നമ്മുടെ ഭരണനേതൃത്വം. അത് ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടും ജീവിക്കാനാവാതെ വരുമ്പോൾ അതിജീവനത്തിനു പോരാട്ടം നടത്തേണ്ടി വരുന്ന അടിസ്ഥാന വർഗങ്ങളെ മാവോയിസ്റ്റുകളെന്നും, നക്‌സലൈറ്റുകളെന്നും മുദ്രകുത്തി വെടിവച്ചുകൊല്ലാൻവേണ്ടി ആയിരിക്കുമെന്നു മാത്രം.