- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളം ഫാമിലെ ആദിവാസി വിദ്യാർത്ഥിനിയുടെ മരണം; പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ; വിദ്യാർത്ഥിനിക്ക് അഭിമാന ക്ഷതമേൽപ്പിക്കുന്ന ചോദ്യങ്ങൾ വനിതാ പൊലീസ് ചോദിച്ചെന്നും ആക്ഷേപം
കണ്ണൂർ: ആറളം ഫാമിൽ ആദിവാസി പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് ഇടപെടലിൽ വീഴ്ചയുണ്ടായതായി ബന്ധുക്കൾ. ഇതു സംബന്ധിച്ചു പരാതി നൽകാനാണ് ഇവരുടെ തീരുമാനം. പൊലീസ് വേണ്ടത്ര ജാഗ്രതയോടെ പെരുമാറിയിരുന്നുവെങ്കിൽ കുട്ടി ജീവനൊടുക്കുകയില്ലെന്നാണ് അയൽവാസികളും ബന്ധുക്കളും പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയിൽ പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആറളം ഫാം സ്‌കൂളിൽ നിന്നും എസ്. എസ്. എൽ.സി കഴിഞ്ഞ വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. സ്‌കൂളിൽ നടന്ന കൗൺസിലിൽ പെൺകുട്ടി വീട്ടിനടുത്തുള്ള ബന്ധുവും രണ്ടുമക്കളുള്ള യുവാവുമായി സ്നേഹത്തിലാണെന്ന് പറഞ്ഞിരുന്നു.
ഇയാൾ വീട്ടിൽ വരാറുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതു ചൈൽഡ് ലൈൻ പരാതിയായെടുക്കുകയും ആറളം പൊലിസിൽ റിപ്പോർട്ട് നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്‌ച്ച ആറളം സ്റ്റേഷനിലെ വനിതാ പൊലിസുകാരി കുട്ടിയുടെ മൊഴിയെടുക്കാനെത്തിയത്. ആരും തന്നെ പീഡിപ്പിച്ചില്ലെന്നും തനിക്ക് പരാതിയൊന്നുമില്ലെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഇക്കാര്യം ആറളം പൊലീസും വ്യക്തമാക്കുന്നുണ്ട്.
എന്നാൽ വനിതാ പൊലീസുകാർ മടങ്ങിയതിനു മൂന്ന് മണിക്കൂറിനു ശേഷം പെൺകുട്ടി മുറിയിടച്ച് വാതിൽ കുറ്റിയിട്ടതിനു ശേഷം ജീവനൊടുക്കുകയായിരുന്നു. ജോലിക്ക് പോയ രക്ഷിതാക്കൾ തിരിച്ചുവന്നപ്പോഴാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം കുട്ടിയുടെ മൃതദേഹം വയനാടു കൊണ്ടു പോയാണ് സംസ്‌കരിച്ചത്.
വനിതാ പൊലിസിന്റെ ചോദ്യം ചെയ്യലിലുണ്ടായ അപാകതയാണ് പെൺകുട്ടിയെ ജീവനൊടുക്കാൻ കാരണമായതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഈ സമയം ആരും വീട്ടിലുണ്ടായിരുന്നില്ല. വിദ്യാർത്ഥിനിയുടെ അഭിമാനത്തെ ക്ഷതമേൽപ്പിക്കുന്ന വിധത്തിൽ പൊലിസ് ചോദ്യങ്ങൾ ചോദിച്ചിരുന്നുവെന്നോയെന്ന കാര്യം അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെയും ആദിവാസി സംഘടനകളുടെയും ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ആറളംഫാം പൊലിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.




