- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആറളം പഞ്ചായത്തിൽ ആദിവാസി വോട്ടർമാരെ തട്ടിക്കൊണ്ടു പോയി തല്ലിച്ചതച്ച് വഴിയിൽ ഉപേക്ഷിച്ചു; ഒരാളുടെ നില ഗുരുതരം; തിരിച്ചറിയൽ രേഖ നൽകാത്തതിന്റെ പേരിൽ ആക്രമണമെന്ന് അടി കൊണ്ടവർ; രേഖ ചോദിച്ചത് ഉപതിരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട് ചെയ്യാൻ; പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്
ഇരിട്ടി: തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന ഇരിട്ടി ആറളം പഞ്ചായത്തിലെ വീർപ്പാട് വാർഡിൽ കോൺഗ്രസ് അനുഭാവിയായ ആദിവാസി വോട്ടർമാരെ ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചതായി പരാതി. വീർപ്പാട് ആദിവാസി കോളനിയിലെ ബാബു, ശശി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ആറളം പഞ്ചായത്തിലെ പത്താം വാർഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫിനും എൽ.ഡി.എഫിനും പഞ്ചായത്തിൽ തുല്യ കക്ഷിനിലയാണിവിടെ
വോട്ടെടുപ്പ് തലേന്ന് രാത്രിയാണ് ബാബുവിനെയും ശശിയെയും തട്ടി കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്.പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇവരെ പോളിങ് ബൂത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയവരിൽ ശശിയുടെ നില ഗുരുതരമാണ്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറളത്തെ വീർപ്പാട് വാർഡിൽ തെരഞ്ഞെടുപ്പിൽ ജനാധിപത്യം അട്ടിമറിക്കാൻ ആദിവാസി ജനവിഭാഗത്തിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചുവെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു.
വീർപ്പാട് ആദിവാസി കോളനിയിലെ കോൺഗ്രസ് പ്രവർത്തകരായ ബാബുവിനെയും ശശിയെയുമാണ് സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് വധിക്കാൻ ശ്രമിച്ചത്. കോളനിവാസികളുടെ ഐഡന്റിറ്റി കാർഡ് കൈക്കലാക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടപ്പോഴാണ് സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നല്കുന്ന രണ്ട് കോൺഗ്രസ് പ്രവർത്തകരെ ബലംപ്രയോഗിച്ചു ഓട്ടോ റിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടുപോയത്.
പിന്നീട് ഇവരെ രണ്ട് കാറുകളിലായി വിദൂരസ്ഥലങ്ങളിൽ എത്തിച്ചതായി അക്രമത്തിനിരയായ ബാബു പറയുന്നുണ്ട്. കോൺഗ്രസ് സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നല്കിയതുകൊണ്ടാണ് രണ്ടുപേരെയും തട്ടിക്കൊണ്ടുപോയതും ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയതും.
സിപിഎം പ്രവർത്തകനായ ബാബു ഇടക്കണ്ടിയുടെ ഓട്ടോറിക്ഷയിലാണ് കോളനിയിൽ നിന്നും പ്രവർത്തകരെ തട്ടിക്കൊണ്ടുപോയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സുനീഷ് പെരിങമല, അനൂപ് പെരിങ്ങമല എന്നിവരാണ് തട്ടിക്കൊണ്ടുപോകുന്നതിന് നേതൃത്വം നൽകിയത്.
കോളനിയിൽ നിന്നും തട്ടിക്കൊണ്ടുപോയി പിന്നീട് കാറിൽ കയറ്റി വിദൂര സ്ഥലത്ത് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ചു എന്നാണ് അവിടെനിന്നും രക്ഷപ്പെട്ട് കോളനിയിൽ എത്തിയ ബാബു പറഞ്ഞത്. ശശിയെ മർദ്ദിച്ച് ജീവച്ഛവമാക്കി ഇന്നലെ ഉച്ചക്ക് ശേഷമാണ് കോളനിക്ക് സമീപം റോഡരികിൽ കൊണ്ടുതള്ളിയത്.
കോൺഗ്രസ് പ്രവർത്തകരായ ബാബുവിനെയും ശശിയെയും മർദ്ദിച്ചവശനാക്കി തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറ്റി നിർത്താനും അതുവഴി ജനാധിപത്യം അട്ടിമറിക്കാനാണ് സിപിഎം പരിശ്രമിച്ചത്. ഐഡന്റിറ്റി കാർഡ് തട്ടിയെടുത്തും ഭീഷണിപ്പെടുത്തിയും ഓപ്പൺ വോട്ട് ചെയ്യിക്കുന്നതുമായ തെറ്റായ നടപടികളാണ് സിപിഎം ആറളത്തെ ചില മേഖലകളിൽ കാലങ്ങളായി ചെയ്തുകൊണ്ടിരുന്നത്.കോളനികളിലെ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നവരെ മാറ്റി നിർത്തി യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താമെന്നുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് പ്രവർത്തകരെ തട്ടിക്കൊണ്ടുപോയത്.
ആദിവാസി ജനവിഭാഗത്തിൽപ്പെട്ടവരെ തട്ടിക്കൊണ്ടുപോയി ജനാധിപത്യം അട്ടിമറിക്കാനും വോട്ടർമാരെ വധിക്കാനും ശ്രമിച്ചവർക്കെതിരെ ശക്തമായ നിയമ നടപടികൾ അടിയന്തിരമായും പൊലീസ് സ്വീകരിക്കണമെന്നും സിപിഎമ്മിന്റെ കിരാത നടപടിക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്