കൽപ്പറ്റ: അവിവാഹിത ആദിവാസി യുവതി കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അയൽവാസിക്കെതിരെ കേസ്. തന്നെ ഉപദ്രവിച്ച് ഗർഭിണിയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വയനാട് നെന്‌മേനി പഞ്ചായത്തിലെ ഒമ്പതാംവാർഡ് ചുള്ളിയോട് കോളിമൂല പണിയകോളനിയിലെ യുവതി ഇന്നലെ അമ്പലവയൽ പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു. ജൂലൈ 26ന് താൻ ജന്മം കൊടുത്ത ആൺകുഞ്ഞിന്റെ പിതാവ് കോളനിക്ക് തൊട്ടടുത്തു താമസിക്കുന്ന തങ്കപ്പൻ എന്നയാളാണെന്നാണ് യുവതി മൊഴി നൽകിയത്. അന്യജാതിക്കാരനാണിയാൾ. പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ വയനാട് ഐ.ടി.ഡി.പി. ഓഫീസറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ട്രൈബൽ പ്രമോട്ടറാണ് യുവതിയെ ഇന്നലെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്.

ഗർഭിണിയാണന്നറിപ്പോൾ ഗർഭം അലസിപ്പിക്കാൻ ഇയാൾ മരുന്ന് തന്നുവെന്നും കുട്ടിയെയും കൊണ്ട് നാട്ടിലേക്ക് വരരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ആദിവാസികൾക്കെതിരായ അതിക്രമം തടയൽ നിരോധന പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോളനിവാസികളുടെയും ബന്ധുക്കളുടെയും സമ്മർദവും കുട്ടിയുടെ പിതാവിന്റെ ഭീഷണിയും കാരണമാണ് യുവതി കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് സൂചന. യുവതിയെ പൊലീസ് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യ പരിശോധന നടത്തി. കേസ് അന്വേഷണം ഉടൻ മാനന്തവാടി സ്‌പെഷ്യൽ സ്‌ക്വാഡ് ഡി.വൈ.എസ്‌പിക്ക് കൈമാറുമെന്ന് അമ്പലവയൽ പൊലീസ് പറഞ്ഞു. ഇതിനിടെ കേസ് ഒത്തു തീർപ്പാക്കാൻ ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രാദേശിക നേതാക്കൾ സജീവമായി രംഗത്തെത്തി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ പൊലീസിനും യുവതിയിലും സമ്മർദം ചെലുത്തുന്നുണ്ട്.

അതിനിടെ പ്രസവാനന്തര ശുശ്രൂഷയും മറ്റും ലഭിക്കാത്ത യുവതിക്ക് ഇന്നലെ പട്ടികവർഗ ക്ഷേമ വകുപ്പ് അധികൃതർ ധനസഹായം നൽകി. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചൈൽഡ്‌ലൈൻ പൊലീസിന് റിപ്പോർട്ട് നൽകി. കുട്ടിയുടെ പിതാവ് ആരാണെന്നത് സംബന്ധിച്ച് യുവതി ചൈൽഡ്‌ലൈൻ പ്രതിനിധികൾക്കും വ്യക്തമായ മൊഴി നൽകിയിരുന്നു. കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് കുട്ടിക്ക് അച്ഛനില്ലാതെ വരുന്ന സാഹചര്യം ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ചൈൽഡ്‌ലൈൻ റിപ്പോർട്ടിലുള്ളത്. യുവതി ആഗ്രഹം പ്രകടിപ്പിച്ചതിനാൽ ഇവർക്ക് കുഞ്ഞിനെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ്‌ലൈൻ ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട് നൽകി.

ഭീഷണികാരണം കുഞ്ഞിനെ ഉപേക്ഷിക്കുകയാണെന്ന നിലപാടാണ് യുവതി ആദ്യം സ്വീകരിച്ചത്. ഇതേ തുടർന്ന് പ്രസവശേഷം എട്ടാംദിവസം ചൈൽഡ്‌ലൈൻ ഇടപെട്ട് ശിശുക്ഷേമസമിതി മുഖേനെ കുഞ്ഞിനെ അനാഥാലയത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിനൊപ്പം സുരക്ഷിത സ്ഥാനത്തേക്ക് മാറിതാമസിക്കണമെന്ന ആഗ്രഹമാണ് ഇപ്പോൾ യുവതിക്കുള്ളത്.