പാലക്കാട്: ഉത്സവത്തിനിടെയുണ്ടായ അടിപിടിയെത്തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ചിറ്റൂർ മീനാക്ഷിപുരത്തെ ശിവസ്വാമിയുടെ മകൻ എസ്.നിധീഷ് (20) നും, ആറുച്ചാമിയുടെ മകൻ എ.സഞ്ജയ് (18) നും നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ജാതി അധിക്ഷേപം. തൃശൂരിൽ വിനായകൻ എന്ന യുവാവിന്റെ ജീവൻ വരെ നഷ്ടപ്പെടുത്തേണ്ടി വന്നത് കേരളത്തിലെ മുടിമുറിയൻ പൊലീസിന്റെ ജാതി അധിക്ഷേപം കാരണമായിരുന്നു. മീനാക്ഷിപുരത്തെ എറവാളൻ സമുദായത്തിൽപ്പെട്ട നിധീഷിനും സഞ്ജയ്‌നും നേരിടേണ്ടി വന്നത് ഏതാണ്ട് സമാനമായ അനുഭവങ്ങളായിരുന്നു.

യുവാക്കൾ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നത് പ്രകാരം ആറിനു വൈകിട്ട് 7.30നാണു സംഭവങ്ങൾക്ക് തുടക്കമായ അടിപിടി നടക്കുന്നത്. മീനാക്ഷിപുരം രാമർപണൈ ക്ഷേത്രത്തിലെ കന്നിമാസ ഉത്സവത്തിനിടെയുണ്ടായ വാക്ക് തർക്കം അടിപിടിയിലെത്തിയതതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ മീനാക്ഷിപുരം മുരുകേശന്റെ മകൻ മണികണ്ഠൻ (17), രവിചന്ദ്രന്റെ മകൻ ശബരീശ്വരൻ (20), വേലായുധന്റെ മകൻ മണി (24) എന്നിവർക്കു പരുക്കേറ്റിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മീനാക്ഷിപുരം എസ്‌ഐയും സംഘവും സംഭവവുമായി ബന്ധപ്പെട്ടു നിധീഷിനെയും സഞ്ജയിനെയും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിയ എസ്‌ഐ യുവാക്കളോടു നീട്ടിവളർത്തിയ തലമുടിവെട്ടാൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ തയാറായില്ല. തുടർന്നു പൊലീസ് ജീപ്പിൽ ബാർബർ ഷോപ്പിലേക്കുകൊണ്ടുപോയി മൊട്ടയടിപ്പിച്ചു.രക്ഷിതാക്കൾ സറ്റേഷനിലെത്തിയശേഷമാണു വിട്ടയച്ചത്.

സംഭവത്തെത്തുടർന്ന് എസ്‌ഐ ആർ.വിനോദിനെ പാലക്കാട് എആർ ക്യാംപിലേക്കു ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാർ ബെഹ്‌റ സ്ഥലം മാറ്റി. രണ്ടു ദിവസത്തിനകം വിശദറിപ്പോർട്ട് നൽകാൻ പൊലീസ് മേധാവി അഡ്‌മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്‌പിക്കു നിർദ്ദേശം നൽകി. എന്നാൽ എറവാളൻ സമുദായത്തിൽപ്പെട്ട യുവാക്കളെ പീഡിപ്പിച്ച എസ്‌ഐക്കെതിരെ പട്ടികവിഭാഗ പീഡന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.

സ്ത്രീകളോട് ഉൾപടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടാണു യുവാക്കൾ തമ്മിൽ തർക്കമുണ്ടായതെന്നും. ഇതുസംബന്ധിച്ച പരാതിയിലാണു യുവാക്കളെ സ്റ്റേഷനിലെത്തിച്ചതെന്നാണു പൊലീസ് ഭാഷ്യം. തമിഴ്‌നാടിനോട് ചേർന്നു കിടക്കുന്ന അതിർത്തി പ്രദേശമായ മീനാക്ഷിപുരത്തും പരിസര പ്രദേശങ്ങളിലും ജാതി വിഷയമായി തർക്കങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചക്‌ളിയ വിഭാഗം നേരിട്ട ജാതി അയിത്തവുമായി ബന്ധപ്പെട്ട വാർത്തകൾ വന്ന ഗോവിന്ദപുരം ഇതിനോട് ചേർന്ന പ്രദേശമാണ്.