പത്തനംതിട്ട: എൻജിനീയറിങ് എന്തെന്ന് അറിയില്ല, വാസ്തുവും പ്ലാനും ഇല്ലേയില്ല. നാളിതുവരെ മേസ്തിരിപ്പണി ചെയ്തിട്ടില്ല. സിമെന്റ് കൂട്ടാൻ അറിയില്ല, അതു തേച്ചു പിടിപ്പിക്കാനും. എന്നിട്ടും ആദിവാസി യുവാവ് ഭാര്യയെയും മകളെയും കൂട്ടി 800 സ്‌ക്വയർഫീറ്റിൽ കിടിലൻ ഒരു വാർക്ക കെട്ടിടം നിർമ്മിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വില ഒഴികെ ഒരു പൈസ പോലും ചെലവഴിക്കാതെ കെട്ടിടം പണിതതുകൊടുമുടി ആദിവാസി കോളനിയിൽ സജി ഭവനത്തിൽ സജിയാണ്. ഭാര്യ വിജയമ്മ, കോളജിൽ പഠിക്കുന്ന മകൾ സജിത എന്നിവർ കായികമായും മാനസികമായും സഹായിച്ചു.

രണ്ടുനില വീടാണ് സജിയുടെ സ്വപ്നം. അതിന് ഇനിയും സാമ്പത്തികം വേണ്ടിവരുമെന്നതിനാൽ തൽക്കാലം ഒറ്റ നിലയിൽ അവസാനിപ്പിച്ചിരിക്കുകയാണ്. മൂന്നുമാസം കൊണ്ടാണ് മൂന്നു കിടപ്പുമുറി, ഹാൾ, സിറ്റൗട്ട്, അടുക്കള എന്നിവ അടങ്ങുന്ന വീട് സജി നിർമ്മിച്ചത്. തട്ടുവാർപ്പിന് മാത്രം പുറത്തു നിന്ന് ആളെ വിളിച്ചു.

സജിയുടെ ഭാര്യ വിജയമ്മയുടെ പേരിൽ റാന്നി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു. സജി ഒരു കരാറുകാരനെ സമീപിച്ചപ്പോൾ വാർപ്പ് വരെ 4.50 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് പറഞ്ഞത്. അങ്ങനെ കരാറുകാരന് പണി കൊടുത്താൽ താൻ മൂക്കറ്റം കടത്തിലാകുമെന്ന് വന്നപ്പോഴാണ് മേസ്തിരിപ്പണി അറിയാത്ത സജി സ്വയം വീട് നിർമ്മിക്കാൻ തീരുമാനിച്ചത്.

ചെങ്കുത്തായി കിടന്ന എട്ടു സെന്റ് വസ്തുവിൽ വീട് വയ്ക്കേണ്ട ഭാഗത്തെ മണ്ണ് സജിയും ഭാര്യയും ചേർന്നു കിളച്ചു നിരപ്പാക്കി. അതിനുശേഷം സുഹൃത്തിന്റെ പറമ്പിലുണ്ടായിരുന്ന പാറ സജി തന്നെ പൊട്ടിച്ച്, കരിങ്കല്ല് പണിസ്ഥലത്ത് എത്തിച്ചു. പിക്കപ്പ് വാനിൽ 22 ലോഡ് കല്ലാണു കൊണ്ടുവന്നത്. ഭിത്തി കെട്ടാനുള്ള കട്ടയും പാറപ്പൊടിയും സജിയും ഭാര്യയും മകളും ചേർന്ന് തലച്ചുമടായി പണിസ്ഥലത്ത് എത്തിക്കുകയായിരുന്നു.

പണി തുടങ്ങിയത് വേനൽക്കാലത്തായിരുന്നു. അതിനാൽ വെള്ളത്തിനും ബുദ്ധിമുട്ട് നേരിട്ടു. അടുത്തുള്ള തോട്ടിൽനിന്ന് കന്നാസിൽ വെള്ളം കൊണ്ടുവന്നാണ് സിമെന്റ് കൂട്ടിയത്. ഭിത്തി കെട്ട് പൂർണമായപ്പോൾ സ്വന്തമായി തടി വാങ്ങി അറുത്ത് കോൺക്രീറ്റിന് ആവശ്യമായ തട്ടും പലകയുമുണ്ടാക്കി. കമ്പി മുറിച്ചതും കെട്ടിയതുമെല്ലാം സജിയും കുടുംബവും ചേർന്ന്. കോൺക്രീറ്റിങ്ങിനു വേണ്ടി മാത്രം തൊഴിലാളികളെ ഏൽപ്പിച്ചു. അതിനുശേഷം തട്ട് ഇളക്കിയതും സജി തന്നെ. ഇനി വീടിന്റെ തറയിടുന്നതും ടൈൽ പാകുന്നതുമെല്ലാം മൂന്നു പേരും ചേർന്നാണ്. വയറിങ് നല്ല വശമില്ലാത്തതിനാൽ സഹായിയെ കൂടി വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സജി കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഇവർക്ക് വെള്ളത്തിന് ബുദ്ധിമുട്ടുള്ളതിനാൽ കിണർ വേണമെന്ന് ആവശ്യപ്പെട്ട് പലപ്പോഴും ഗ്രാമസഭയിൽ അപേക്ഷ നൽകുമായിരുന്നു. കിട്ടാതെ വന്നപ്പോൾ ഇവർ തന്നെ സ്ഥാനം കണ്ട് കിണറും കുഴിച്ചു. തുടക്കത്തിൽ പാറ കണ്ടിട്ടും ഇവർ പിന്മാറിയില്ല. പത്താൾ താഴ്ചയിൽ കുഴിച്ചപ്പോൾ കിണർ ജലസമൃദ്ധം.

വീടു പണിത വകയിൽ ബ്ലോക്കിൽ നിന്ന് ഇവർക്ക് ഒന്നരലക്ഷം രൂപ കൂടി കിട്ടാനുണ്ട്. അത് കിട്ടിയെങ്കിൽ മാത്രമേ മറ്റു പണികൾ കൂടി പൂർണമാക്കാൻ കഴിയുകയുള്ളൂ. എന്തായാലും സജി ഒരു മാതൃകയാണ്. ഒന്നും അറിയില്ലെങ്കിലും ശ്രമിച്ചാൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവാവ് സ്വന്തം പരിശ്രമത്തിലൂടെ.