പത്തനംതിട്ട: അശ്രദ്ധമായി പിന്നോട്ട് എടുക്കുന്നതിനിടെ പിക്കപ്പ്‌വാൻ ഇടിച്ച് ആദിവാസി യുവാവ് മരിച്ചു. മരണം ഉറപ്പാക്കിയ വാൻ ഡ്രൈവർ മൃതദേഹം റോഡരികിലേക്ക് മാറ്റിയിട്ട് സ്ഥലംവിട്ടു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തോന്നിയ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വാൻ ഡ്രൈവറെ അറസ്റ്റ് ചെയ്തു. റാന്നി അടിച്ചിപ്പുഴയിലാണ് സംഭവം.

അടിച്ചിപ്പുഴ നിരപ്പുപാറ വാത്മീകി മഠത്തിൽ നാരായണന്റെ മകൻ സോമനെ(47)യാണ് വ്യാഴാഴ്ച രാവിലെ നിരപ്പുപാറയിൽ റോഡരുകിൽ മരിച്ച നിലയിൽ കണ്ടത്. വാൻ ഡ്രൈവർ അടിച്ചിപ്പുഴ ഇലവുങ്കൽ ബിജോയിയെയാണ് അറസ്റ്റു ചെയ്തത്.

സംശയം തോന്നിയ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയതോടെയാണ് മരണകാരണം അപകടമാണെന്നു ബോധ്യമായത്. സോമന്റെ ശരീരത്തിന്റെ ഇരുവശങ്ങളിലുമായി മൂന്നു വാരിയെല്ലുകൾ പൊട്ടിയിരുന്നു. ഇതിനെ തുടർന്ന് റാന്നി സി.ഐ അബ്ദുൾ റഹിമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബുധനാഴ്ച രാത്രി നിരപ്പുപാറ ജങ്ഷനിൽ പിക്കപ് വാൻ പിന്നോട്ടെടുത്തപ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. വാനും കസ്റ്റഡിയിലെടുത്തു. പിന്നോട്ടെടുത്ത വാനിന് അടിയിൽപെട്ട് സോമൻ മരിച്ചുവെന്നു മനസിലാക്കിയ ബിജോയി സംഭവം ആരെയും അറിയിക്കാതെ മൃതദേഹം റോഡരുകിലേക്കു മാറ്റിയിട്ട ശേഷം കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.