അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി കുട്ടികളിൽ നിന്ന് സ്‌കോളർഷിപ്പോടുകൂടി നഴ്സിംഗും പാരാമെഡിക്കൽ കോഴ്സും പഠിപ്പിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി മുങ്ങിയയാൾക്കെതിരെ അഗളി പൊലീസ് കേസെടുത്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുബീനാണ് അട്ടപ്പാടിയിൽ നളന്ദ എന്ന പേരിൽ സ്ഥാപനം തുടങ്ങി കുട്ടികളെ പറ്റിച്ചത്. കഴിഞ്ഞ വർഷം ഇയാൾ അട്ടപ്പാടിയിലെത്തി ഗൂളിക്കടവിൽ നളന്ദ എന്നപേരിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത്.

തുടക്കത്തിൽ ഇത് ട്യൂഷൻ സെന്റർ മാത്രമായിരുന്നു. പിന്നീട് അഡ്‌മിഷൻ കൂടിയതോട് കൂടി സ്ഥാപനം ഗൂളിക്കടവിൽ നിന്നും അഗളി പൊലീസ് സ്റ്റേഷന് സമീപത്തേക്ക് മാറ്റുകയും ബിഎസ്എസ് സർട്ടിഫിക്കറ്റ് നൽകുന്ന പാരാമെഡിക്കൽ കോഴ്സുകൾ ആരംഭിക്കുന്നെന്ന് കാണിച്ച് അട്ടപ്പാടിയിലുടനീളം ബോർഡ് വെക്കുകയും പരസ്യം നൽകി അഡ്‌മിഷൻ നടത്തുകയായിരുന്നു. പരസ്യങ്ങളിൽ വിശ്വസിച്ച് നൂറിലധികം വിദ്യാർത്ഥികളാണ് ഇവിടെ പാരാമെഡിക്കൽ കോഴ്സുകൾക്ക് ചേർന്നത്. ഓരോ വിദ്യാർത്ഥിയിൽ നിന്നും 20000 രൂപ മുതൽ ഫീസിന്റെ ആദ്യ ഗഡുവും സ്വീകരിച്ചു. ആദിവാസികളായ വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും സർക്കാറിൽ നിന്ന് സ്‌കോളർഷിപ്പായി ലഭിക്കുമെന്നും അത് ലഭിക്കുന്ന മുറയ്ക്ക് ആദ്യഗഡുവായി സ്വീകരിച്ച ഫീസ് തിരികെ നൽകുമെന്നും പറഞ്ഞാണ് ഇവർ വിദ്യാർത്ഥികളെ കബളിപ്പിച്ചത്. ഇത്തരത്തിൽ ഇവരുടെ വാക്കും കേട്ട് അഡ്‌മിഷനെടുത്ത വിദ്യാർത്ഥികളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.

ആദ്യ രണ്ട് മാസങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ ഇവിടെ ക്ലാസുകൾ നടന്നെങ്കിലും പാരമെഡിക്കൽ കോഴ്സുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. തിയറി ക്ലാസുകൾ മാത്രമായിരുന്നു അന്ന് നടന്നിരുന്നത്. പ്രാക്ടിക്കൽ പരിശീലനത്തിന് കോയമ്പത്തൂരിലെ പ്രമുഖ ആശുപത്രികളിൽ സൗകര്യമൊരുക്കുമെന്നും ഇവർ വിദ്യാർത്ഥികളോട് പറഞ്ഞിരുന്നു. പിന്നീട് വിദ്യാർത്ഥികൾ നടത്തിയ അന്വേഷണത്തിലാണ് ഇവർ നൽകുന്ന ബി എസ്എസ് സർട്ടിഫിക്കറ്റിന് പി എസ് എസി അംഗീകാരമില്ലെന്നും, അതിനാൽ തന്നെ ഈ കോഴ്സുകൾക്ക് സർക്കാർ സ്‌കോളർഷിപ്പുകൾ ലഭിക്കില്ലെന്നും മനസ്സിലായത്. വിദ്യാർത്ഥികൾ ഇത് ചോദ്യം ചെയ്തതോടെ ബ്ലോക്ക് പഞ്ചായത്താണ് സ്‌കോളർഷിപ്പ് നൽകുകയെന്നും പറഞ്ഞ് ഇവർ വീണ്ടും വിദ്യാർത്ഥികളെ പറ്റിക്കുകയായിരുന്നു.

അഡ്‌മിഷനെടുത്തിരുന്ന ആദിവാസികളല്ലാത്തവരൊക്കെ രക്ഷിതാക്കളുമായി വന്ന് ഫീസ് തിരികെ വാങ്ങാൻ തുടങ്ങുകയും ബ്ലോക്ക് പഞ്ചായത്ത് അത്തരത്തിലൊരു സ്‌കോളർഷിപ്പിനും പദ്ധതിയില്ലെന്നും പരസ്യമായി പറഞ്ഞതോടെ ഇയാൾ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. നിലവിൽ നൂറിലധികം വരുന്ന ആദിവാസി വിദ്യാർത്ഥികളുടെ പണമാണ് നഷ്ടമായിരിക്കുന്നത്. ഈ സ്ഥാപനം തുടങ്ങുന്ന സമയത്ത് തന്നെ അട്ടപ്പാടിയിലെ ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ ഇതിലെ തട്ടിപ്പുകൾ തുറന്ന് കാട്ടി രംഗത്ത് വന്നിരുന്നെങ്കിലും ഇയാൾക്കെതിരെ തട്ടിപ്പ് സഥാപനത്തിന്റെ നടത്തിപ്പുകാർ ഗുണ്ടകളെ പറഞ്ഞയച്ച് ഭിഷണിപ്പെടുത്തുകയും പ്രദേശിക മാധ്യമപ്രവർത്തകന്റെ സ്ഥാപനത്തിന് മുന്നിൽ ഇവിടെ അഡ്‌മിഷനെടുത്ത വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തിക്കുകയും ചെയ്തിരുന്നു.

വിദ്യാർത്ഥികൾ തൊട്ടടുത്തുള്ള ആശുപത്രികളിലും സമാന കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലും അന്വേഷിച്ചപ്പോഴാണ് കോഴ്സിന് അംഗീകാരമില്ലെന്നും സർക്കാറിനോ തദ്ദേശ സ്ഥാപനങ്ങൾക്കോ ഈ കോഴ്സുകൾ സ്‌കോളർഷിപ്പുകൾ നൽകാനാകില്ലെന്നുെ വ്യക്തമായത്. നിലവിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ മുബീനെതിരെ അഗളി പൊലീസ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയിൽ കേസെടുത്തിരിക്കുകയാണ്. ഇയാൾക്കെതിരെ പട്ടാമ്പിയിലും ഇത്തരത്തിൽ സ്ഥാപനം തുടങ്ങി പകുതിയിലുപേക്ഷിച്ചതായും പരാതിയുണ്ട്. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനും തുടർന്നുള്ള പരിപാടികളിലുമെല്ലാം അട്ടപ്പാടിയിലെ ജനകീയ ഡോക്ടർമാരായ പ്രഭുദാസിനെയും നാരായണൻകുട്ടിയെയുമെല്ലാം പങ്കെടുപ്പിച്ചതോടെ സ്ഥാപനത്തിന് ആദിവാസികൾക്കിടയിൽ തുടക്കത്തിൽ നല്ല പേരുണ്ടാക്കാനായി. സ്ഥാപനത്തിലെ ജീവനക്കാരായി അട്ടപ്പാടിയിലെ തന്നെ ആളുകളെയാണ് നിയമിച്ചിരുന്നതെങ്കിലും ഇയാളുടെ തട്ടിപ്പുകൾ പുറത്തറിയാൻ തുടങ്ങിയതോടെ ഇവരെല്ലാം ജോലി മതിയക്കുകയായിരുന്നു.

ഇതൊരും നളന്ദ കോളേജിന്റെ മാത്രം കഥയല്ല. ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങളാണ് പിഎസ്‌സി കോച്ചിംഗെന്നും സ്പോക്കൺ ഇംഗ്ലീഷെന്നും പറഞ്ഞ് അട്ടപ്പാടിയിൽ വിവിധ സംഘടനകളുടെയും എൻജിഒകളുടെയും നേതൃത്വത്തിൽ ആദിവാസികളെ പറ്റിച്ച് നടത്തുന്നത്. പലരും പകുതിയിൽ നിർത്തിപ്പോയാലും ആരും ചോദിച്ച് പോകാറുമില്ല. ഇത്തരത്തിൽ വല്ല പൊലീസ് കേസുകൾ വന്നാൽ പോലും അത് സ്വാധീനം ഉപയോഗിച്ച് ഊരിപ്പോകുന്നതും പതിവാണ്.