മാനന്തവാടി: റോഡിലേക്ക് ചാഞ്ഞുകിടന്ന മാവിൻകൊമ്പ് മുറിച്ചതിന് ആദിവാസിയുടെ പത്തുസെന്റ് ജപ്തിചെയ്ത് റവന്യൂ വകുപ്പിന്റെ 'കൃത്യനിർവഹണം'. നാടുമുഴുവൻ വൻ കാടുകയ്യേറ്റം നടന്നാലും കണ്ടില്ലെന്ന് നടിക്കുന്നവരാണ് റോഡിലേക്ക് ചാഞ്ഞ ഒരു മരക്കൊമ്പ് മുറിച്ചതിന്റെ പേരിൽ നടപടി കൈക്കൊണ്ടിരിക്കുന്നത്.

21 വർഷം മുമ്പുണ്ടായ സംഭവത്തിന്റെ പേരിലാണ് ജപ്തിനടപടി ഉണ്ടായിരിക്കുന്നതെന്നതാണ് അതിലും അതിശയം. കാടുകയ്യേറി നിരവധി വൻകിടക്കാർ വിലസുന്ന വയനാട്ടിൽ ഇത്തരത്തിൽ ഒരു ആദിവാസിക്കെതിരെ കൈക്കൊണ്ട നടപടി പ്രദേശത്ത് വലിയ ചർച്ചയായിട്ടുണ്ട്. 

1997ൽ റോഡരികിലെ ചാഞ്ഞുകിടന്ന ഒരു മരക്കൊമ്പ് മുറിച്ചപ്പോൾ അത് ഇത്തരമൊരു ആപത്തിലേക്ക് നയിക്കുമെന്നും കിടപ്പാടം തന്നെ ഇല്ലാതാകുമെന്നും മക്കിമല പീടികക്കുന്ന് കോളനിയിലെ ഗോവിന്ദൻ ഒരിക്കലും കരുതിയിരുന്നില്ല. പീടികകുന്ന് കോളനിയിലേക്ക് റോഡ് നിർമ്മിച്ചപ്പോൾ ഉണ്ടായ സംഭവത്തിന്റെ പേരിൽ ഈ പാവപ്പെട്ട ആദിവാസിയുടെ കൈവശമുള്ള സ്ഥലത്തിൽ പത്തുസെന്റ് ഇപ്പോൾ റവന്യൂ വകുപ്പ് അളന്നുതിരിച്ച് കൈവശപ്പെടുത്തിയിരിക്കുകയാണ്.

ഈ സംഭവത്തിന് ശേഷം പിന്നീട് 2013ലാണ് മരം മുറിച്ചുമാറ്റി എന്നു ചൂണ്ടിക്കാട്ടി ഗോവിന്ദന് പിഴ അടയ്ക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകുന്നത്. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ പറഞ്ഞതോടെ തനിക്കെതിരെ നടപടി ഉണ്ടാവില്ലെന്നായിരുന്നു ഗോവിന്ദൻ കരുതിയത്. തുടർന്ന് കഴിഞ്ഞവർഷം മാർച്ച് 25 ന് റവന്യൂ വകുപ്പിന്റെ അടുത്ത നോട്ടീസും കിട്ടി. മരം മുറിച്ച വകയിൽ 29,081 രൂപ അടക്കണമെന്നും അല്ലാത്തപക്ഷം 10 സെന്റ് സ്ഥലം ജപ്തി ചെയ്യുമെന്നുമാണ് വനംവകുപ്പ് അറിയിച്ചത്. കൂലിപ്പണിക്കാരനായ ഗോവിന്ദനാകട്ടെ ഒരിക്കലും അടയ്ക്കാൻ പറ്റാത്ത തുകയുമായിരുന്നു അത്. അതിനാൽ പണം നൽകി ജപ്തി ഒഴിവാക്കാനായില്ല.

ഇതോടെ കഴിഞ്ഞ ദിവസം തവിഞ്ഞാൽ വില്ലേജ് അധികൃതർ എത്തി ഗോവിന്ദന്റെ സ്ഥലം ജപ്തി ചെയ്തു. ആകെയുള്ള അമ്പത് സെന്റ് സ്ഥലത്തിൽ നിന്ന് പത്തുസെന്റ് അളന്നുതിരിച്ച് രേഖപ്പെടുത്തി ജപ്തിചെയ്തതായി അറിയിച്ച് അവർ മടങ്ങി. ഈ പ്ര്ശ്‌നം ഉണ്ടായതോടെ ഭൂനികുതി ഈടാക്കലും നിർത്തിവച്ചിരുന്നു. അവശേഷിക്കുന്ന 40 സെന്റ് സ്ഥലത്തിന് നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയ്യാറാവുന്നില്ലെന്ന് ഗോവിന്ദൻ പറയുന്നു.

എന്നാൽ ഇത്തരമൊരു നടപടിയെടുത്തില്ലെങ്കിൽ വരുന്ന ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം ഉണ്ടാകുമെന്നും അതിനാലാണ് ജപ്തി നടപടി സ്വീകരിച്ചതെന്നുമാണ് റവന്യൂ അധികൃതരുടെ വാദം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഗോവിന്ദൻ അപ്പീൽ നൽകിയാൽ വിഷയം അനുഭാവത്തോടെ പരിഗണിക്കുമെന്നാണ് അവർ പറയുന്നത്. ഏതായാലും വൻകിടക്കാരായ കാട്ടുകള്ളന്മാർ ഒരുഭാഗത്ത് നിർബാധം വിലസുമ്പോൾ കോളനിയിലേക്ക് റോഡ് വെട്ടുന്നതിനിടെ മരക്കൊമ്പ് മുറിച്ച ആദിവാസിയുടെ കിടപ്പാടം ജപ്തിചെയ്ത സർക്കാർ നടപടി വലിയ ചർച്ചയായിട്ടുണ്ട്.