ന്യൂഡൽഹി: ട്രിബ്യൂണലുകളുടെ പ്രവർത്തനത്തിലും അംഗങ്ങളുടെ നിയമനത്തിലും വിമർശനവുമായി വീണ്ടും സുപ്രീംകോടതി. വിരമിക്കുന്ന ചിലർക്ക് ജോലി നൽകുന്ന ഇടമായി ട്രിബ്യൂണലുകളെ മാറ്റരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. ട്രിബ്യുണലുകളുടെ പ്രവർത്തനനം വിലയിരുത്താൻ സംവിധാനം ഇല്ലാത്തതിനെയും സുപ്രീം കോടതി വിമർശിച്ചു.

വിരമിച്ച സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാരെയാണ് ട്രിബ്യൂണലുകളുടെ തലപ്പത്ത് സാധാരണ നിയമിക്കാറുള്ളത്. മറ്റ് ജുഡീഷ്യൽ അംഗങ്ങളുടെ നിയമനവും അതേ രീതിയിലാണ്. ഇത്തരം നിയമനങ്ങളെ കോടതി എതിർക്കുന്നില്ല.

വിരമിച്ചവർക്ക് ജോലി നൽകാനുള്ള ഇടമായി മാത്രം ട്രിബ്യൂണലുകളെ കാണരുതെന്നും കഴിവാകണം മാനദണ്ഡമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ് ട്രിബ്യൂണലുകൾ കൈകാര്യം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തെ ഉപഭോക്തൃ ട്രിബ്യൂണലുകളിലെ നിയമനങ്ങൾ വൈകുന്നതിനേയും അടിസ്ഥാന സൗകര്യത്തിന്റെ കുറവുകളേയും സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെടെ നിരീക്ഷണം.

സംസ്ഥാന- ജില്ലാ ഉപഭോക്തൃ ട്രിബ്യൂണലുകളിലെ അംഗങ്ങളെ ഉടൻ നിയമിക്കണം എന്ന് സുപ്രീം കോടതി ഓഗസ്റ്റിൽ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിരുന്നു. എന്നാൽ കേരളം, ഗോവ, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ ഉത്തരവ് പൂർണ്ണമായി പാലിച്ചിട്ടില്ല എന്ന് അമിക്കസ് ക്യുറി കോടതിയെ അറിയിച്ചു.

ഇതോടെ സംസ്ഥാന, ജില്ലാ ഉപഭോക്തൃ ട്രിബ്യൂണലുകളിലെ അംഗങ്ങളെ നിയമിച്ചില്ലെങ്കിൽ രണ്ട് ലക്ഷം രൂപ വീതം പിഴ ഈടാക്കുമെന്ന് കേന്ദ്ര- സർക്കാരുകൾക്ക് കോടതി മുന്നറിയിപ്പ് നൽകി. ആവശ്യമില്ലെങ്കിൽ ട്രിബ്യൂണലുകൾ അടച്ചുപൂട്ടണമെന്ന് ട്രിബ്യൂണലുകളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പ് പരിഗണിച്ച കേസിലും കോടതി വിമർശനം ഉയർത്തിരുന്നു.