കാസർഗോഡ്: സിപിഐ(എം) ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം. രാജഗോപാലനെ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിർത്തണമെന്ന ആവശ്യവുമായി ഫെയ്‌സ് ബുക്ക് പോസ്റ്റ്.

'ഞാൻ ചാണക്യൻ' എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് പേജിലാണ് രാജഗോപാലന് പിൻതുണയുമായി അനുഭാവികൾ രംഗത്തു വന്നത്. നിലവിലുള്ള എംഎ‍ൽഎ .കെ. കുഞ്ഞിരാമനെപ്പോലെ അധികാരത്തിന്റെ ധാർഷ്ഠ്യമില്ലാത്ത സ്‌നേഹസമ്പന്നനായ രാജഗോപാലനെ സ്ഥാനാർത്ഥിയാക്കമെന്ന ആവശ്യം പ്രകടിപ്പിച്ചാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്. രാജഗോപാലന്റെ ഫോട്ടോ സഹിതം ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിൽ തൃക്കരിപ്പൂരിൽ മത്സരിക്കാൻ മറ്റു പകരക്കാരെ കാണേണ്ടതില്ലെന്ന വികാരമാണ് സിപിഐ.(എം). നേതൃത്വത്തോട് പ്രകടിപ്പിച്ചത്. രാജഗോപാലനു വേണ്ടി പോസ്റ്റ് ചെയ്ത പേജ് വൈറലാവുകയാണ്.

സിപിഐ.(എം). ജില്ലാ നേതൃത്വം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സംസ്ഥാന സമിതി അംഗവുമായ എം.വി ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം ആരംഭിച്ചതാണ് ഇങ്ങനെ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റിടാൻ കാരണമായതെന്നറിയുന്നു. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരും ഒ. ഭരതനും ഉൾപ്പെടുന്ന പ്രമുഖർ ജയിച്ചു കയറിയ മണ്ഡലത്തിൽ ജനകീയ അടിത്തറ കാര്യമായില്ലാത്ത സ്ഥാനാർത്ഥിയെ വച്ചു കെട്ടരുതെന്നാണ് പ്രവർത്തകരുടെ പൊതുവെയുള്ള വികാരം.

കയ്യൂർ, ചീമേനി പഞ്ചായത്തിൽ അഞ്ചു തവണ പ്രസിഡണ്ടു പദവിയിലിരുന്നയാളാണ് രാജഗോപാലൻ. ബാലസംഘം, ഡിവൈഎഫ്ഐ. തുടങ്ങിയ പാർട്ടിയുടെ പോഷക ഘടകങ്ങളിൽ സജീവപ്രവർത്തകനായും നേതാവായും ഉയർന്നു വന്ന രാജഗോപാലനെ ഇത്തവണ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അടിത്തട്ടിലെ ജനകീയ ബന്ധം, കലാ- സാംസ്കാരിക-സ്പോർട്സ് മേഖലയിലെ സജീവ സാന്നിധ്യം എന്നിവയാണ് രാജഗോപാലന് അനുകൂലമായി പ്രവർത്തകർ ഉയർത്തിക്കാട്ടുന്നത്.

സാധാരണഗതിയിൽ സിപിഐ.(എം). സ്ഥാനാർത്ഥി നിർണ്ണയക്കാര്യത്തിൽ അണികളോ അനുഭാവികളോ ആദ്യം പ്രതികരിക്കുന്നത് ഈ മേഖലയിൽ പതിവില്ല. എന്നാൽ പാർട്ടി എന്തു ചിന്തിക്കുന്നു എന്ന് അറിയും മുമ്പേ ഒരു മുഴം മുമ്പേ എറിഞ്ഞ് പ്രതികരിക്കുകയാണ് അനുഭാവികൾ. സ്ഥാനം ഒഴിയുന്ന എംഎ‍ൽഎ. കെ. കുഞ്ഞിരാമൻ പാർട്ടി അണികളുടേയും അനുഭാവികളുടേയും മാത്രമല്ല മണ്ഡലത്തിലെ ജനങ്ങളുടെ മുഴുവൻ പ്രശംസക്ക് പാത്രമായ ആളാണ്. അദ്ദേഹത്തിന്റെ പിൻഗാമിയും അത്തരത്തിലുള്ള വ്യക്തിയായിരിക്കണമെന്ന ജനങ്ങളുടെ അഭിപ്രായമാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 8,765 വോട്ടുകൾ നേടിയാണ് സിപിഐ.(എം). സ്ഥാനാർത്ഥിയായ കെ.കുഞ്ഞിരാമൻ മണ്ഡലം നിലനിർത്തിയത്. ഇത്തവണ അതേ ഭൂരിപക്ഷമോ അതിൽ കൂടുതലോ നേടാൻ സ:രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം മണ്ഡലത്തിൽ ഉയർന്നിരിക്കയാണ്. തൃക്കരിപ്പൂർ മണ്ഡലത്തിലെ രാജഗോപാലന്റെ ജനകീയ അടിത്തറ വ്യക്തമാക്കാൻ ഫെയ്‌സ് ബുക്ക് പോസ്റ്റ് മാത്രമല്ല, മറ്റു രീതിയിലും പ്രചരണം നടത്തുന്നുണ്ട്. തൊഴിലാളികളും യുവാക്കളുമടങ്ങിയ വലിയ സമൂഹം അവരുടെ ആശയതാത്പര്യത്തിനപ്പുറം രാജഗോപാലൻ നിയമസഭാംഗമാകണമെന്ന് അഭിപ്രായപ്പെടുന്നു. സ്ഥാനാർത്ഥികൾ ആരാകണമെന്ന തീരുമാനം പാർട്ടിയാണ് എടുക്കേണ്ടത്. ജനഹിതം നോക്കി പാർട്ടി തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ