- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ക്രിസ്ത്യൻ-ഹിന്ദു വിഭജനത്തിന് തൃണമൂൽ ശ്രമിക്കുന്നു; വർഗീയപാർട്ടി; ബിജെപിയെക്കാൾ മോശം'; ഗോവയിൽ ലാവൂ മാമലേദാർ രാജിവെച്ചു
പനാജി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്രിസ്ത്യൻ-ഹിന്ദു വിഭജനത്തിന് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ച് രാജി പ്രഖ്യാപിച്ച് ഗോവയിലെ മുൻ എംഎൽഎ. ലാവൂ മാമലേദാർ.
അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കു വേണ്ടി ക്ഷേമപദ്ധതി നടപ്പാക്കുമെന്ന് അവകാശപ്പെടുന്ന തൃണമൂൽ കോൺഗ്രസ്, ഇതിന്റെ പേരിൽ ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും മാമലേദാർ ആരോപിച്ചു.
അംഗത്വം സ്വീകരിച്ച് മൂന്നുമാസത്തിനുള്ളിലാണ് തൃണമൂൽ കോൺഗ്രസിൽനിന്ന് എം.ജി.പി(മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി)യുടെ എംഎൽഎയായിരുന്ന മാമലേദാർ രാജി വച്ചത്. സെപ്റ്റംബർ അവസാനവാരമായിരുന്നു തൃണമൂലിൽ ചേർന്നത്. 2012-17 കാലത്തായിരുന്നു ഇദ്ദേഹം എംഎൽഎ. ആയിരുന്നത്.
'മമതാ ബാനർജിയുടെ പാർട്ടിയുടെ പശ്ചിമ ബംഗാളിലെ പ്രവർത്തനത്തിൽ മതിപ്പു തോന്നിയതിനാലാണ് താൻ പാർട്ടിയിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസ് മതേതര പാർട്ടിയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ 15-20 ദിവസമായി മനസ്സിലാകുന്നത്, അത് ബിജെപിയെക്കാൾ മോശമാണെന്നാണ്'- മാമലേദാർ കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.ജി.പിയുമായി തൃണമൂൽ തിരഞ്ഞെടുപ്പ് പൂർവസഖ്യം സ്ഥാപിച്ചിട്ടുണ്ട്. നാൽപ്പതു സീറ്റുകളുള്ള നിയമസഭയിലെ, എല്ലാ മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്താനാണ് തൃണമൂലിന്റെ തീരുമാനം.
ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ വിഭജിക്കാനുള്ള ശ്രമമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നതെന്നും മാമലേദാർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പു പൂർവസഖ്യത്തിന്റെ അടിസ്ഥാനത്തിൽ, ക്രിസ്ത്യൻ വോട്ടുകൾ തൃണമൂൽ കോൺഗ്രസിനും ഹിന്ദുവോട്ടുകൾ എം.ജി.പിക്കും എന്നാണ് അവർ തീരുമാനിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ഒരു വർഗീയ പാർട്ടിയാണ്. മതേതരത്വത്തെ അലോസരപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.




