- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഘാലയയിൽ ഒറ്റ രാത്രി കൊണ്ട് കോൺഗ്രസിനെ നിലംപരിശാക്കി; കേരളത്തിലും ഒരുകണ്ണ് വച്ച് മമത ബാനർജി; ദീദി ഇവിടെ പയറ്റുക അടിസ്ഥാന വർഗ രാഷ്ട്രീയം; കോൺഗ്രസിലെ ചേരിപ്പോര് മുതലെടുക്കാൻ തൃണമൂൽ നീക്കം; കരുക്കൾ നീക്കുന്നത് കോൺഗ്രസിന്റെ മുൻ രാഷ്ട്രീയ ചാണക്യൻ
കോഴിക്കോട്: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ വിശാല ഐക്യം രൂപപ്പെടുത്തുന്ന തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി തന്റെ രാഷ്ട്രീയ സാമ്രാജ്യം കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിൽ.
മേഘാലയയിൽ പന്ത്രണ്ട് കോൺഗ്രസ് എം എൽ എ മാരെ അടർത്തിയെടുത്ത് ഒറ്റ രാത്രി കൊണ്ട് അവിടുത്തെ മുഖ്യ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് ഓരോ സംസ്ഥാനത്തും തങ്ങൾക്കുള്ള സ്വീകാര്യത വർധിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിലും പാർട്ടി ഘടകത്തെ സജീവമാക്കാനുള്ള നീക്കം മമതയും കൂട്ടരും ആരംഭിച്ചിരിക്കുകയാണ്. ഇതിന് ചുക്കാൻ പിടിക്കുന്നത് കോൺഗ്രസിന് മുൻ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ തന്ത്രമൊരുക്കിയ പ്രശാന്ത് കിഷോറാണ്.
നരേന്ദ്ര മോദിയുടെ ബിജെപിയെ നേരിടാൻ കേരളം കഴിഞ്ഞ തവണ തിരഞ്ഞെടുത്തത് വയനാട് പാർലമെന്റിൽ നിന്ന് മത്സരിച്ച രാഹുൽ ഗാന്ധിയെയായിരുന്നു. ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യതയ്യാർജിച്ച പിണറായി സർക്കാർ ഭരിക്കുമ്പോഴായിരുന്നു കേരളത്തിന്റെ രാഷ്ട്രീയ മനസ് രാഹുൽ ഗാന്ധിക്കൊപ്പം നിന്നത്. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ ഒന്നടങ്കം രാഹുൽ ഗാന്ധിയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു.
അമേഠിയിൽ തോൽവി ഏറ്റുവാങ്ങിയ രാഹുൽ ഗാന്ധി വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിച്ചു കൊണ്ടാകും മോദിക്ക് ബദൽ ആകാനുള്ള രാഷ്ട്രീയം പയറ്റുക. ഇതിനെ പ്രതിരോധിക്കാൻ, രാഹുൽ ഗാന്ധിയെ പരിഹസിച്ചു കൊണ്ട് മമത രാഷ്ട്രീയ പോരാട്ടം ആരംഭിച്ചിരിക്കുന്നു. എപ്പോഴും വിദേശത്ത് പോയി ജീവിച്ചാൽ എങ്ങനെയാണ് നാട്ടിലെ കാര്യങ്ങൾ നോക്കാൻ സാധിക്കുക എന്നാണ് മമത കഴിഞ്ഞ ദിവസം ശരദ്പവാറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
കോൺഗ്രസിനെ ആക്രമിച്ചുകൊണ്ട്, ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് സമർഥിക്കാനായിരിക്കും മമത ബാനർജി ശ്രമിക്കുക. കേരളത്തിൽ കോൺഗ്രസിനുള്ളിൽ രൂപം കൊണ്ട തർക്കങ്ങൾ തൃണമൂലിന്റെ രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോറിനും സംഘത്തിനും മുന്നിൽ വലിയ സാധ്യതകൾ തുറന്നിടുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കോൺഗ്രസിൽ ഉയർത്തുന്ന പ്രതിഷേധ ശബ്ദം ഘടക കക്ഷികൾ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.
കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ തൃണമൂൽ കോൺഗ്രസിന്റെ ക്യാമ്പിൽ എത്തിച്ചേരുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കോൺഗ്രസ് കൂട്ടായ്മയായ നെഹ്റു യുവദർശന്റെ മുൻ വൈസ് ചെയർമാനും എസ് ഡി പി ഐ ദേശീയ കൗൺസിൽ അംഗവുമായിരുന്ന സി ജി ഉണ്ണി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മമത ബാനർജിയുമായി ചർച്ചകൾ നടന്നുവെന്ന മാധ്യമറിപ്പോർട്ടുകൾ ഉണ്ട്.
ബംഗാളിൽ ആദിവാസി-ദളിത് - പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മകൾ രൂപപ്പെടുത്തി മൂന്നാം തവണയും ഭരണം പിടിച്ചെടുത്ത മമത ബാനർജി കേരളത്തിലും അടിസ്ഥാന വർഗ രാഷ്ട്രീയമാണ് ലക്ഷ്യമിടുന്നത്. മുത്തങ്ങ വെടിവെപ്പിനെ തുടർന്ന് പ്രതിരോധത്തിലായ എ കെ ആന്റണി സർക്കാറിന്റെ മുഖം രക്ഷിക്കാൻ സംസ്ഥാനത്തുടനീളം ആദിവാസി കൂട്ടായ്മ സംഘടിപ്പിച്ചതിലൂടെ ശ്രദ്ധേയനായ സി ജി ഉണ്ണിയെ മമത ബാനർജിയും പ്രശാന്ത് കിഷോറും പാർട്ടിയിലേക്ക് ക്ഷണിച്ചത് കേരളത്തെ ഗൃഹപാഠം ചെയ്തിട്ടാണെന്നാണ് പുറത്തു വരുന്ന സൂചനകൾ.
കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരൻ, എവി ഗോപിനാഥ്, എൻ സി പി വിമതൻ മാണി സി കാപ്പൻ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായിരുന്ന നടപടിക്ക് വിധേയരായ മറ്റ് നേതാക്കളെയും അതോടൊപ്പം കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികളെയും ഇതേ മാതൃകയിൽ തൃണമൂലിലേക്ക് അടുപ്പിക്കാനാണ് പ്രശാന്ത് കിഷോറിന്റെ നീക്കം.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ എല്ലാ ജില്ലകളിലും കമ്മിറ്റികൾ രൂപീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് പുനഃസംഘടിപ്പിക്കാനാണ് ദേശീയ നേതൃത്വം നിലവിലെ സംസ്ഥാന നേതൃത്വത്തിന് നൽകിയ നിർദ്ദേശം. ഇതോടൊപ്പം പോഷക സംഘടനകളായ മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കർഷക കോൺഗ്രസ് , സാംസ്കാരിക സംഘടനകൾ എന്നിവയും നിലവിൽ വരും. നിലവിൽ കേരളത്തിൽ അഞ്ച് ജില്ലാ കമ്മിറ്റികളാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. മനോജ് ശങ്കരനെല്ലൂർ പ്രസിഡന്റും സുഭാഷ് കുണ്ടന്നൂർ ജനറൽ സെക്രട്ടറിയും ഷംസും പൈനിങ്ങൾ വർക്കിങ് പ്രസിഡന്റുമായ കമ്മിറ്റിയാണ് നിലവിൽ നേതൃത്വം നൽകുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കന്മാരും പ്രവർത്തകരും തൃണമൂൽ കോൺഗ്രസിന്റെ പാളയത്തിൽ എത്തിച്ചേരുമെന്നാണ് സംസ്ഥാന നേതൃത്വം വെളിപ്പെടുത്തുന്നത്. ഇന്ന് കണ്ണൂരിൽ നൂറോളം പ്രവർത്തകരാണ് വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് തൃണമൂലിൽ ചേരുന്നത്. കോഴിക്കോട് വെച്ച് ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് സി ജി ഉണ്ണി നേതൃത്വം നൽകുന്ന കോൺഗ്രസ് കൂട്ടായ്മയുടെ ലയന സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയെന്നും സൂചനകൾ വരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.