ന്യൂഡൽഹി:മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്ന കരട് ബിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ പരിഗണനക്കയച്ചു.മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷം തടവുശിക്ഷ ലഭിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് കരട് ബില്ലിലുള്ളത്. മാത്രമല്ല വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന കരട് ബിൽ ഈ മാസം 15ന് തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സർക്കാർ തയാറാക്കിയ 'മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലി'ന്മേൽ ഏറ്റവും പെട്ടെന്ന് അഭിപ്രായം അറിയിക്കാനാണ് സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിക്കുന്ന മുറക്ക്, കരടു ബില്ലിൽ ഭേദഗതികൾ വരുത്തി നിയമമന്ത്രാലയം മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കും. തുടർന്നാണ് ബിൽ പാർലമന്റെിൽ വരുക.ജമ്മു കശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും.

വാക്കാലോ ഇ-മെയിൽ, എസ്.എം.എസ് തുടങ്ങിയവ വഴിയോ മുത്തലാഖ് ചെല്ലുന്നത് ജാമ്യംകിട്ടാത്ത കുറ്റമാണ്. മുത്തലാഖിന് വിധേയമാകുന്ന സ്ത്രീക്ക് മജിസ്‌ട്രേറ്റിന് പരാതി നൽകി ജീവനാംശം നേടാം. കുട്ടികളുടെ സംരക്ഷണവും ജീവനാംശവും നിയമത്തിൽ ഉറപ്പ് നൽകുന്നത് ഏതെങ്കിലും കാരണവശാൽ മുത്തലാഖിലൂടെ വീടിനു പുറത്താവുന്ന സ്ത്രീക്ക് നിയമപരിരക്ഷ ഉറപ്പുവരുത്താൻ വേണ്ടിയാണെന്നാണ് വിശദീകരണം.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള നിയമനിർമ്മാണം സംബന്ധിച്ച കൂടിയാലോചനകൾക്കായി കേന്ദ്രം മന്ത്രിതലസമിതി രൂപീകരിച്ചിരുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് കരട് തയാറാക്കിയത്.വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, സഹമന്ത്രി പി.പി. ചൗധരി എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.