മലപ്പുറം: ട്രിപ്പിൾ ലോക്ഡൗണിന്റെ പേരിൽ മലപ്പുറത്ത് പൊലീസിന്റെ അതിക്രമങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലും കൂട്ടിലങ്ങാടിയിലും അവശ്യവസ്തുക്കൾ വാങ്ങാനായി എല്ലാ രേഖകളുമായി പുറത്തിറങ്ങിയ രണ്ട് പേരെയാണ് പൊലീസ് അകാരണമായി മർദ്ദിച്ചത്. മർദ്ദിച്ചതിന് പുറമെ കേട്ടാലറക്കുന്ന ഭഷയിൽ തെറിവിളിക്കുയും ചെയ്തിരിക്കുന്നു.

മലപ്പുറം കൂട്ടിലങ്ങാടി കൊഴിഞ്ഞിയിൽ മുഹമ്മദ് അസ്ലമിനാണ് ഇന്നലെ മർദ്ദനമേറ്റത്. കോളേജ് അദ്ധ്യാപകനായ അസ്ലം വീടിന് സമീപത്തെ അങ്ങാടിയിലേക്ക് മാംസം വാങ്ങാനായി എത്തിയതായിരുന്നു. മാസം വാങ്ങി തിരികെ പോകുമ്പോഴാണ് അസ്ലമിന് മർദ്ദനമേറ്റത്. എല്ലാ രേഖകളും കാണിച്ച് കൊടുത്തതിന് ശേഷം പോകാൻ പറയുകയും പോകാനായി ബൈക്കിൽ കയറുകയും ചെയ്തിരുന്നു. ബൈക്കെടുത്ത് മുന്നോട്ട് പോകുമ്പോൾ പിറകിൽ നിന്ന് ലാത്തികൊണ്ട് അടിക്കുകയായിരുന്നു എന്നും മുഹമ്മദ് അസ്ലാം മറുനാടൻ മലയാളിയോട് പറഞ്ഞു.

രാവിലെ ഇറച്ചി വാങ്ങാൻ വേണ്ടിയാണ് അങ്ങാടിയിലേക്ക് വന്നത്. ഈ ലോക്ഡൗൺ കാലത്ത് കേവലം രണ്ട് തവണ മാത്രമാണ് അങ്ങാടിയിലേക്ക് വന്നിട്ടുള്ളത്. വീടിന് തൊട്ടടുത്തേക്ക് പാൽ വാങ്ങാൻ പോകുമ്പോൾ പോലും കൃത്യമായി സത്യവാങ്മൂലം എഴുതിയാണ് പോകാറുള്ളത്. ജീവിതത്തിലിന്നു വരെ പൊലീസിന്റെ മുന്നിൽ പോയി നിൽക്കേണ്ടി വന്നിട്ടില്ല. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ പോലും ഇതുവരെയും പൊലീസ് പിടിച്ചിട്ടില്ല. അങ്ങാടിയിലേക്ക് വരുന്ന സമയത്ത് തന്നെ പൊലീസ് പരിശോധന നടത്തുന്നത് കണ്ടിരുന്നു. കൈയിൽ എല്ലാ രേഖകളും കൃത്യമായതിനാൽ പൊലീസിന്റെ മുന്നിലൂടെ തന്നെ പോകാൻ തീരുമാനിക്കുകയായിരുന്നു. വാഹനം കണ്ട ഉടൻ തന്നെ ലാത്തി നീട്ടി പൊലീസ് വാഹനം നിർത്തിച്ചു.

ഞാൻ രേഖകളും മാംസവുമെല്ലാം കാണിച്ച് കൊടുക്കുകയും ചെയ്തു. രേഖകൾ പരിശോധിച്ചതിന് ശേഷം പോകാൻ പറയുകയും ചെയ്തു. പോകാനായി ബൈക്കിൽ കയറി ഉടൻ തന്നെ ലാത്തി കൊണ്ട് പുറത്ത് ആഞ്ഞടിക്കുകയാണ് ചെയ്തത്. ബൈക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അടിച്ചത്. അടിയുടെ ആഘാതത്തിൽ അൽപ നേരത്തേക്ക് ഒന്നും അറിഞ്ഞില്ല. ബൈക്കെടുത്ത് മുന്നോട്ട് പോരുകയും ചെയ്തു. അൽപം നീങ്ങിയതിന് ശേഷമാണ് തനിക്ക് ജിവിതത്തിൽ ആദ്യമായി ലാത്തികൊണ്ടുള്ള അടിയേറ്റതായിട്ടുള്ള യാഥാർത്ഥ്യം മനസ്സിലാക്കുന്നത്.എന്തിനാണ് തന്നെ അടിച്ചതെന്ന് ചോദിക്കാൻ പോലും തോന്നാത്ത വിധം മനസ്സ് മരവിച്ച് പോയിരുന്നു ആസമയത്ത്.

ശരീരത്തിൽ അടിയേറ്റതിന്റെ പാടുകളുണ്ട്. ഓരോ ദിവസം കൂടുന്തോറും ആ പാടുകളുടെ നിറം മാറി വരും. കുറച്ച് ദിവസം കമിഴ്ന്നോ ചെരിഞ്ഞോ കിടക്കേണ്ടി വരും. അൽപദിവസങ്ങൾക്കുള്ളിൽ ആ പാടുകൾ ശരീരത്തിൽ നിന്ന് മായുകയും ചെയ്യും. എന്നാൽ മനസ്സിൽ ആ പാടുകൾ എന്നും അങ്ങനെ തന്നെയുണ്ടാകും. പരമാവധി നിയമം പാലിച്ച് മാത്രം ജീവിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് നിയമപാലകരിൽ നിന്ന് ലഭിച്ച അനീതിയുടെ അടയാളമായി അത് അവശേഷിക്കുമെന്നും മുഹമ്മദ് അസ്ലം മറുനാടൻ മലയാളിയോട് പറഞ്ഞു.

കൊണ്ടോട്ടിയിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും കോൺഗ്രസ് എസ് സംസ്ഥാന കമ്മറ്റി അംഗവും മലപ്പുറം ജില്ല ട്രഷററുമായ എപി സുകുമാരനെയാണ് ഇന്നലെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അകാരണമായി മർദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തത്. പൊലീസ് സ്റ്റേഷനിൽ നിന്നും നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴാണ് സുകുമാരനെ മർദ്ദിക്കുന്നത് കണ്ടത്. ഉടൻ തന്നെ സുകുമാരനെ പരിചയമുള്ള കൊണ്ടോട്ടിയിലെ ചുമട്ടുതൊഴിലാളികളും രാഷ്ട്രീയപാർട്ടി പ്രതിനിധകളും അദ്ദേഹത്ത് മർദ്ദിക്കരുതെന്ന് പറഞ്ഞെങ്കിലും കൊണ്ടോട്ടി എസ്ഐ രമിൻരാജിന്റെ നേതൃത്വത്തിലുള്ള സംഘം അത് കേൾക്കാൻ തയ്യാറായില്ല.

സുകുമാരൻ മാസ്‌ക് ശരിയായ രീതിയിൽ ധരിച്ചില്ല എന്ന് പറഞ്ഞാണ് അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മാസ്‌ക് ശരിയായി ധരിക്കാത്തതാണ് കുറ്റമെങ്കിൽ അദ്ദേഹത്തിനെതിരെ ആ വകുപ്പുകൾ അനുസരിച്ച് കേസെടുത്തോളൂ എന്നും അതിനുള്ള പിഴ അടക്കാമെന്നും അദ്ദേഹത്തെ കൊണ്ടുപോകാൻ വന്നവർ പറഞ്ഞു. എന്നാൽ കേസെടുക്കാതെയോ രീസ്ത് നൽകാതെയോ പിഴയടക്കണമെന്ന വാശിയായിരുന്നു ാേപലീസിന്. അത് സാധ്യമല്ലെന്ന് അറിയച്ചതോടെ സുകുമാരന് കാണാൻ വന്ന പൊതുപ്രവർത്തകർക്ക് നേരെ പൊലീസ് മർദ്ദനം അഴിച്ചുവിടുകയായിരുന്നു.

മർദ്ദനത്തിനിടയിൽ സുകുമാരൻ നിലത്ത് വീഴുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. അപ്പോഴേക്കും കൊണ്ടോട്ട ഡിവൈഎസ്‌പി ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു. എന്നാൽ അകാരണമായി മർദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്ത എസ്ഐക്കെതിരെ നടപടിയെടുക്കാതെ തങ്ങൾ പുറത്ത് പോകില്ലെന്ന് പറഞ്ഞ് കൊണ്ടോട്ടിയിലെ ചുമട്ടുതൊഴിലാളികളും രാഷ്ട്രീയ പാർട്ടി പ്രതിനിധകളും പൊലീസ് സ്റ്റേഷനിൽ തന്നെ തുടർന്നു.

പിന്നീട് മലപ്പുറം ജില്ല പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി എസ്ഐ രമിൻരാജിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സ്റ്റേഷനിൽ നിന്നും സുകുമാരനുമായി നാട്ടുകാർ പുറത്ത് പോന്നത്. മർദ്ദമേറ്റ സുകുമാരനും മറ്റുള്ള പൊതുപ്രവർത്തകരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവം നടന്ന് അരമണിക്കൂറിനകം തന്നെ കാരണക്കാരനായ എസ്ഐയെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.