ന്യൂഡൽഹി: മുത്തലാഖിൽ കേന്ദ്രം പുതിയ നിയമ നിർമ്മാണത്തിനൊരുങ്ങുന്നു. മുത്തലാഖ് കുറ്റകൃത്യമാക്കുന്ന രീതിയിൽ നിയമ നിർമ്മാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുത്തലാഖ് സംബന്ധിച്ച് നിയമനിർമ്മാണം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

മുത്തലാഖിന് ഇരയാകുന്ന യുവതിക്ക് പൊലീസിനെ സമീപിക്കാമെങ്കിലും അതിനെ കുറ്റകൃത്യമായി നിയമം നിർവ്വചിക്കുന്നില്ല. അതുകൊണ്ടു തന്നെ ഭർത്താവിനെ ശിക്ഷിക്കാൻ ആവശ്യമായ വ്യവസ്ഥകളില്ല. അതിനാൽ ഇതിനായി നിയമനിർമ്മാണം നടത്തുന്നതിന് മന്ത്രിസഭാ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച നിയമം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രസർക്കാരിനോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

ഒറ്റയിരുപ്പിൽ മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്ന് ഓഗസ്റ്റിൽ സുപ്രധാന വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതു വ്യക്തമാക്കുന്ന വ്യവസ്ഥകളോടെ നിയമനിർമ്മാണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. ഇതു പ്രകാരമാണ് കേന്ദ്രം കരടു നിയമം അവതരിപ്പിക്കുന്നത്. ഫോൺ വഴിയും എസ് എം എസ് മുഖേനയും സോഷ്യൽ് മീഡിയ വഴിയും മുത്തലാഖ് പറയുന്ന രീതിയിൽ ഈ ദുരാചാരം പ്രചാരം നേടിയിരുന്നു.

മൂന്നു തലാഖും ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നത് (മുത്തലാഖ്) ഭരണഘടനവിരുദ്ധമാണെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് കെഹാർ ആറു മാസത്തിനകം നിയമ നിർമ്മാണം നടത്തണമെന്നാണ് നിർദേശിച്ചത്. മുത്തലാഖ് നിരോധനത്തിനുള്ള കരടാണ് പാർലമന്റെിൽ അവതരിപ്പിക്കുന്നത്.