കൊച്ചി: ഇതുമാറുന്ന കാലവും ലോകവുമാണ്. ചിലയാളുകൾ ആ വേഗത്തിനൊപ്പം ഓടിയെത്തുകയും, ചിലർ എത്താതിരിക്കുകയും ചെയ്യുന്നു. അതു കൊണ്ടാണ് ട്രാൻജെൻഡറുകളെ മോശക്കാരാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വാർത്തകൾ കേരളത്തിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ വാർത്തയാണ് കൊച്ചിയിൽ നിന്ന് കേൾക്കുന്നത്.

സംസ്ഥാനത്ത് ഇതാദ്യമായി ഒരു ട്രാൻസ്ജൻഡറിന് മുദ്രാവായ്പ ലഭിച്ചു. ട്രാൻസ്ജെൻഡറായ തൃപ്തി ഷെട്ടിക്കാണ് വായ്പ കിട്ടിയത്. എറണാകുളം എം.ജി. റോഡിലെ എസ്.ബി.ഐ. ബ്രാഞ്ചാണ് തൃപ്തിക്ക് ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചത്. ഈ മാസം അഞ്ചിനാണ് തൃപ്തിക്ക് ബാങ്ക് മാനേജർ ഒരു ലക്ഷം രൂപ കൈമാറിയത്. ഡിസംബറിലാണ് രണ്ടു ലക്ഷം രൂപയുടെ വായ്പയ്ക്കായി തൃപ്തി അപേക്ഷ നൽകിയത്.

മറ്റു ട്രാൻസ്ജെൻഡറുകളും സംരംഭകരാകാൻ മുന്നോട്ട് വരണമെന്ന് തൃപ്തി പറഞ്ഞു. എസ്.ബി.ഐയെപോലെ മറ്റു ബാങ്കുകളും ട്രാൻസ്ജെൻഡറുകൾക്ക് വായ്പ നൽകാൻ തയ്യാറായാൽ സമൂഹത്തിൽ അത് വലിയ മാറ്റം വരുത്തും. ബാങ്കിലെത്തിയ തന്നോട് നല്ല രീതിയിലാണ് ബാങ്ക് ജീവനക്കാർ പെരുമാറിയത്. അക്കൗണ്ട് തുടങ്ങുന്നതടക്കം എല്ലാ പ്രവർത്തനങ്ങളും വളരെ വേഗത്തിൽ ചെയ്തുതരാനും അവർ സഹായിച്ചു.

എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കേരള കരകൗശല വികസന കോർപ്പറേഷന്റെ അഖിലേന്ത്യ കരകൗശല വികസന മേളയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് തൃപ്തി മുദ്രാ ലോണിന് അപേക്ഷിച്ചത്. കരകൗശലവസ്തുകൾ നിർമ്മിക്കുന്നതിനാവശ്യമായ സാമഗ്രികളും മറ്റും വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായിരുന്നു ഇത്. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെത്തിയാണ് തൃപ്തി കരകൗശലവസ്തുകൾ നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ വാങ്ങുന്നത്. ഇതിന് ഒരുപാട് പണം ചെലവാകും. അതുകൊണ്ടാണ് വായ്പയ്ക്ക് അപേക്ഷിച്ചത്.

എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ തൃപ്തിയുടെ 'തൃപ്തീസ് ഹാൻഡ്ക്രാഫ്റ്റിസ് ആൻഡ് ഫാഷൻ' എന്ന സ്റ്റാളിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മേള ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.സി. മൊയ്തീൻ തൃപ്തിയുടെ സ്റ്റാൾ സന്ദർശിച്ചിരുന്നു. വിനോദസഞ്ചാര മേഖലയിൽ ഒരു സ്റ്റാൾ അനുവദിച്ച് നൽകണമെന്ന് തൃപ്തി മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.