കൊച്ചി: ഒടുവിൽ പരാജയം സമ്മതിച്ച് തൃപ്തിയുടെ മടക്കം. ശബരിമല നട തുറക്കുന്ന അന്ന് തന്നെ അയ്യപ്പ ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ച് പൂണെയിൽ നിന്നെത്തിയ തൃപ്തി ഒടുവിൽ കേരളത്തിന്റെ മണ്ണിൽ കാലു കുത്താൻ പോലും കഴിയാതെ മടങ്ങി. വിമാനത്താവളത്തിലെ 14 മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രതിഷേധക്കാർക്ക് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ തൃപ്തി താൻ മടങ്ങുന്നതായി പ്രഖ്യാപിക്കുക ആയിരുന്നു. രാത്രി 9.25 ന്റെ എയർ ഇന്ത്യ കൊച്ചി-മുംബൈ എഐ-55 വിമാനത്തിൽ തൃപ്തിയും സംഘവും പൂണെയിലേക്ക് തിരികെ പോയി. ഭൂമാതാ ബ്രിഗേഡ് നേതാവ് മടങ്ങിയതോടെ, നെടുമ്പാശേരിയിൽ തടിച്ചു കൂടിയ ഭക്തർ ആഹ്ലാദാരവങ്ങൾ മുഴക്കി സന്തോഷ പ്രകടനങ്ങൾ നടത്തി.

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നതിന് തൊട്ടു പിന്നാലെയാണ് തൃപ്തി ദേശായി തന്റെ മടക്ക വിവരം അറിയിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താൻ തിരികെ മടങ്ങുന്നു എന്നുമാണ് തൃപ്തി അറിയിച്ചത്. അതേസമയം തൃപ്തി ദേശായി മടങ്ങിയ ശേഷമേ തങ്ങൾ തിരിച്ചു പോകൂ എന്ന് പ്രതിഷേധക്കാരായ അയ്യപ്പ ഭക്തർ വ്യക്തമാക്കി. മടങ്ങിയാലും, മണ്ഡലകാലത്ത് തന്നെ വീണ്ടും ദർശനത്തിനെത്തുമെന്നും അവർ സൂചിപ്പിച്ചു.

അതേസമയം തൃപ്തി ദേശായിയും സംഘവും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായി യുവമോർച്ച പൊലീസിൽ പരാതി നൽകി.
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.കെ.പി പ്രകാശ് ബാബുവാണ് നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമം 295 A, 163 A വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്. ഇവർ ശബരിമലയിലെ ആചാരത്തിന് ഭാഗമായ കറുപ്പ് വസ്ത്രം, ഇരുമുടികെട്ട്, വ്രതാനുഷ്ടാനം തുടങ്ങിയവ ഒന്നും തന്നെ ഇല്ലാതെയാണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരിക്കുന്നത്.

ഹിന്ദു മതാചാരങ്ങളെയും മതവിശ്വാസത്തെയും വെല്ലുവിളിക്കണം എന്ന് മുൻകൂട്ടി ഗൂഢാലോചന നടത്തിയാണ് തൃപ്തിയും സംഘവും നെടുമ്പാശ്ശേരിയിൽ എത്തിയിരിക്കുന്നത്. അവരുടെ പ്രവർത്തി സാമുദായിക കലാപം ഉണ്ടാക്കുന്നതിനും പ്രത്യേക സാമൂഹിക വിഭാഗത്തിന്റെ മതപരമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതുമാണ് എന്ന് പരാതിയിൽ പറയുന്നു. ഇതോടെ ശബിരമല അയ്യപ്പ ദർശനത്തിനെത്തി പുലിവാല് പിടിച്ച തൃപ്തി ദേശായിയും സംഘവും പൊലീസിനോടും ഉത്തരം പറയേണ്ടി വരും.

അതേസമയം രാവിലെ 4.45ഓടെ വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായി പൊലീസ് സുരക്ഷയ്ക്കായി നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും ആലോചിച്ചു. തൃപ്തിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച് പരാതി നൽകി. നെടുമ്പാശേരി പൊലീസിനാണ് പരാതി നൽകിയത്. മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ചാണ് കേസ്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നൽകിയത്.

വിവിധ സംഘടനകൾ വിമാനത്താവളത്തിന് പുറത്ത് നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൃപ്തി ദേശായി വഴങ്ങിയിരുന്നില്ല. ദർശനം നടത്താതെ മടങ്ങില്ലെന്നായിരുന്നു അവരുടെ നിലപാട്. തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഉപരോധം സമരം നടത്തുന്നവർക്ക് എതിരെ പൊലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന 250 പേർക്ക് എതിരെയാണ് കേസ്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും സമരങ്ങൾ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയിൽ പ്രതിഷേധ സമരം നടത്തിയതിനാണ് കേസെടുത്തത്.

പ്രതിഷേധത്തെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുമായി സംസ്ഥാന സർക്കാറിന് വേണ്ടി ആലുവ തഹസിൽദാർ ചർച്ച നടത്തി. എന്നാൽ ശബരിമല ദർശനം നടത്താതെ മഹാരാഷ്ട്രയിലേക്ക് തിരികെ പോകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഉച്ചയ്ക്കും തൃപ്തി ദേശായി. എന്നാൽ ഉച്ചകഴിഞ്ഞതോടെ തന്റെ പ്ലാൻ നടപ്പില്ലെന്ന് മനസ്സിലാക്കിയ തൃപ്തി നിലപാട് മയപ്പെടുത്തി തുടങ്ങി. വൈകിട്ട് ആറിന് തന്നെ പരാജയം സമ്മതിച്ച് മടക്കയാത്രയും പ്രഖ്യാപിക്കുക ആയിരുന്നു.

ഇതിനിടെ സിയാൽ അധികൃതർ പൊലീസുമായി ചർച്ച നടത്തി. തൃപ്തിക്കെതിരായ പ്രതിഷേധം സിയാലിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന ആശങ്ക ഇവർ പൊലീസിനെ അറിയിച്ചു. തൃപ്തി പ്രശ്നത്തിൽ എത്രയും വേഗത്തിൽ തീരുമാനമെടുക്കണമെന്ന് സിയാൽ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പൊലീസ് തൃപ്തിയുമായി വീണ്ടും ചർച്ച നടത്തി.

ശബരിമലയിൽ പോകുമെന്ന് ഭക്തരെ വെല്ലുവിളിച്ച് തൃപ്തി പറയുമ്പോൾ വിമാനത്താവളത്തിനു പുറത്തേയ്ക്ക് പോലും ഇറക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് പ്രതിഷേധക്കാർ.രാവിലെ 4.30 ന് വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ ഹോട്ടലിലേക്ക് മാറ്റാൻ പോലും ഒരു ടാക്‌സി സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വിമാനത്താവളത്തിന് ചുറ്റും ഭക്തർ നിലയുറപ്പിച്ചിട്ടുണ്ട്. ഇത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തേയും തടസ്സപ്പെടുത്തുന്നുണ്ട്. നിമിഷങ്ങൾ കഴിയുന്തോറും വിമാനത്താവളത്തിനു ചുറ്റും ജനക്കൂട്ടം കൂടിവരികയാണ്. നാമജപത്തോടെയുള്ള പ്രതിഷേധം അവർ തുടരുകയാണ്. അതുകൊണ്ട് തന്നെ ഭക്തർക്കെതിരെ നടപടി എടുക്കാൻ സിഐഎസ് എഫ് മടിക്കുകയാണ്. ഈ സാഹചര്യത്തിൽ തൃപ്തി ദേശായിയോട് മടങ്ങി പോവാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് പുലർച്ചെ നാലു മണിയോടെ വിമാനമിറങ്ങിയ ആറംഗസംഘത്തെ വിമാനത്താവളത്തിൽ നിന്നും പുറത്തുവിടാതെ ശക്തമായ നാമജപ പ്രതിഷേധവുമായിട്ടാണ് പുറത്ത് ബിജെപി തടയുന്നത്. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് വിടാൻ പോലും വിടാൻ കൂട്ടാക്കാതെ പ്രായമായ സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാരാണ് രംഗത്തു വന്നിരിക്കുന്നത്. വിമാനത്താവളത്തിന് മുമ്പിൽ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധക്കാർ പ്രതിഷേധിക്കുന്നത്. എന്തുവന്നാലും തൃപ്തിദേശായിയെ ശബരിമലയിൽ എത്താൻ അനുവദിക്കില്ലെന്നും വിമാനത്താവളത്തിന് പുറത്തേക്ക് പോലും വിടില്ലെന്നും പ്രതിഷേധക്കാർ നിലപാട് എടുത്തതോടെ ശബരിമല കയറാൻ എത്തിയ തൃപ്തിയും കൂട്ടരും വിമാനത്താവളത്തിൽ കുടുങ്ങി. അതേസമയം എന്തുവന്നാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടിലാണ് തൃപ്തിദേശായി. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് മടക്കാനുള്ള നീക്കം. ഇതിന് സി എസ് ഐ എഫിന് അധികാരമുണ്ട്. വിമാനത്തവാള സുരക്ഷ ഉയർത്തിയാകും നടപടി.