അഗർത്തല: ചെങ്കോട്ടയ്ക്ക കാവി പൂശി ത്രിപുരയിൽ ബിജെപിക്ക് ചരിത്ര വിജയം. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് സിപിഎമ്മിന്റെ കോട്ടയായ ത്രിപുരയിൽ ആദ്യമായി ബിജെപി കാവിക്കൊടി ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 60 ഇൽ 49 സീറ്റ് നേടി ജയിച്ച മണിക് സർക്കാർ ടീമിന് ഇത്തവണ കിട്ടിയത് 16 സീറ്റ്. ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്ന മണിക് സർക്കാരിന്റെ ലാളിത്യമോ അഴിമതിവിരുദ്ധ അവകാശവാദമോ സിപിഎമ്മിനെ ത്രിപുരയിൽ രക്ഷിച്ചില്ല.

ബിജെപി 43 സീറ്റ് നേടിയപ്പോൾ ത്രിപുര അടക്കി വാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 16 സീറ്റ് മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന് ഒരുസീറ്റുപോലും കി്ട്ടിയില്ല. 59 സീറ്റിലാണ് വോട്ടെടുപ്പ് നടത്തിയത്.

രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്ത് ഇടതുപക്ഷവും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയത്. സംസ്ഥാനത്ത് 59 സീറ്റുകളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇടതുപക്ഷത്ത് സിപിഎം-56 സീറ്റിലും സിപിഐ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മൽസരിച്ചു. ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒൻപതു സീറ്റിലും. ആരുമായും സഖ്യമില്ലാത്ത കോൺഗ്രസ് 59 സീറ്റിൽ.തൃണമൂൽ കോൺഗ്രസ് 24 സീറ്റിൽ.

കാൽനൂറ്റാണ്ടായി ഇടതുഭരണത്തിലായിരുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി മണിക് സർക്കാറിന്റെ പ്രതിച്ഛായയാണ് സിപിഎം തുറുപ്പുചീട്ടാക്കിയത്. 2013ൽ, മൽസരിച്ച 50 സീറ്റിൽ 49ലും കെട്ടിവച്ച പണം നഷ്ടമായ ബിജെപി, തൃണമൂലിന്റെ എംഎൽഎമാരെ വിലയ്ക്കു വാങ്ങിയാണ് മുഖ്യപ്രതിപക്ഷമായത്. കഴിഞ്ഞ തവണ 1.54% മാത്രം വോട്ട് നേടിയ ബിജെപി ഇത്തവണ ബൂത്ത് തലംമുതൽ ചിട്ടയോടെ പ്രചാരണ പ്രവർത്തനം നടത്തിയാണ് ഇടതുകോട്ട തകർത്തത്..

ആദ്യ റൗണ്ടിൽ സിപിഎമ്മിന് മുന്നോട്ട് പോകുന്ന കാഴ്ചയാണ് നൽകിയത്. എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ നഗരമേഖലയ്‌ക്കൊപ്പം ഗ്രാമങ്ങളും ബിജെപിയ്‌ക്കൊപ്പമായി. അങ്ങനെ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി മുന്നോട്ട് പോകുന്ന സൂചനയാണ് കിട്ടിയത്. 36 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. അതായത് എക്‌സിറ്റ് പോൾ ഫലങ്ങളേയും മറികടക്കുന്ന വിജയം ത്രിപുരയിൽ ബിജെപി നേടുകയാണ്. ഇടത് കോട്ട പിടിക്കാനാവുമ്പോൾ അത് മോദി സർക്കാരിനും നേട്ടമാകുന്നു. ഈ തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ ബിജെപി മുന്നേറ്റം തന്നെയാകും ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം.

ത്രിപുരയിലും കനത്ത പരാജയം നേരിട്ടതോടെ ദേശിയ പാർട്ടി എന്ന മേൽവിലാസം തന്നെ സിപിഎമ്മിന് ചോദ്യ ചിഹ്നമായി മാറും. ഇനി നിലനിൽപ്പ് വേണമെങ്കിൽ കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ബംഗാൾ ഘടകത്തിന്റെയും അതിനെ പിന്തുണക്കുന്ന യെച്ചൂരിയുടെയും കോൺഗ്രസ് സഖ്യം എന്ന ആശയത്തെ സിപിഎമ്മിന് തള്ളിക്കളയാനാവില്ല.

സിപിഎമ്മിന്റെ കോട്ട വൻ ഭൂരിപക്ഷത്തോടെ പിടിച്ചടക്കിയ ബിജെപിക്ക് ഇതോടെ ആത്മിശ്വാസം നൂറിരട്ടിയായി. ഇനി അടുത്ത ലക്ഷ്യം കേരളത്തെ കാവി പുതയ്ക്കുക എന്നത് തന്നെയായിരിക്കും. ത്രിപുര നൽകിയ ഈ ആത്മവിശ്വാസവുമായി നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തെ പിടിച്ചെടുക്കാനുള്ള പുതിയ തന്ത്രം മെനയും.

അഞ്ച് വർഷം വീതം മാറിമാറി ഭരിക്കുന്ന കേരള രാഷ് ട്രീയത്തിൽ നാലിലൊന്ന് മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ പോരാട്ടത്തിലേക്ക് വളർത്തിയെടുക്കാൻ ബിജെപിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഈ പോക്കാണെങ്കിൽ വൈകാതെ കേരളവും ത്രികോണ പോരിലേക്ക് മാറും. അവിടെ പിടിച്ചുനിൽക്കാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിയുമോ അതോ താമരകൾ കൂട്ടമായി വിരിയുമോ എന്ന് കാത്തിരുന്നു കാണണം.

നാഗാലാൻഡിൽ എൻഡിപിപി-ബിജെപി സഖ്യം, മേഘാലയയിൽ ആർക്കും ഭൂരിപക്ഷമില്ല

നാഗാലാൻഡിൽ നേരത്തെ ബിജെപിക്കൊപ്പമായിരുന്ന എൻപിഎഫ് 31 സീറ്റുകളിൽ വിജയം കണ്ടെത്തി. നേരത്തെ 38 സീറ്റുകൾ നേടിയ സ്ഥാനത്താണിത്. ബിജെപിയും എൻഡിപിപിയും അടങ്ങുന്ന സഖ്യം26 സീറ്റുകളിൽ വിജയം കണ്ടു. നേരത്തെ ബിജെപിക്ക് ഒരു സീറ്റായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. 2013ൽ എട്ട് സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ ഒന്നും നേടാനായില്ല. മറ്റുള്ളവർ മൂന്ന് സീറ്റുകൾ സ്വന്തമാക്കി.

കോൺഗ്രസിന് മേഘാലയയിൽ ആശ്വാസ ജയ. നേരത്തെ 29 സീറ്റുകൾ നേടിയ സ്ഥാനത്ത് 23 സീറ്റെങ്കിലും നിലനിർത്തി ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കോൺഗ്രസിന് സാധിച്ചു. ആകെ വോട്ടെടുപ്പ് നടന്ന 59 സീറ്റുകളിൽ 18 സീറ്റുള്ള എൻപിപി ആണ് രണ്ടാം സ്ഥാനത്ത്. ബിജെപി ഇവിടെ രണ്ട് സീറ്റുകളും മറ്റുള്ളവർ 16 സീറ്റുകളും സ്വന്തമാക്കി. മേഘാലയത്തിൽ 10 ശതമാനം വോട്ടുകളാണ് നേടിയത്. 2013ൽ സീറ്റുകളൊന്നും ഇല്ലാതിരുന്ന സ്ഥാനത്ത് രണ്ട് സീറ്റുകൾ നേടിയ ബിജെപി മേഘാലയിലും നേട്ടമുണ്ടാക്കി.