ന്യൂഡൽഹി: ത്രിപുരയിൽ അംഗത്വ വിതരണം ബിജെപി ആറ് മാസത്തേക്ക് നിർത്തി. സിപിഎം അണികളുടെ പാർട്ടിയിലേക്കുള്ള വരവ് കൂടിയതോടെയാണ് ഇത്. സിപിഎം അണികളുടെ കൂട്ടത്തിൽ ക്രിമിനലുകളും പാർട്ടിലേക്ക് എത്തുന്നുവെന്ന് ബിജെപി സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അംഗത്വം നൽകുന്നത് നിർത്തിയത്.

സർക്കാർ പദ്ധതികളിലൂടെ പണമുണ്ടാക്കിയിരുന്ന സിപിഎം കേഡർമാർ ഭരണം മാറിയതിനാൽ ബിജെപിയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നും ഇവരിൽ ഭൂരിഭാഗവും ക്രിമിനൽ കേസുള്ളവരാണെന്നും ബിജെപിക്ക് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് സൂചന ലഭിച്ചു. ഇതിനെ തുടർന്നാണ് അംഗത്വ വിതരണം നിർത്തിയത്. ഇക്കാര്യം ത്രിപുരയുടെ പാർട്ടി ചുമതല വഹിക്കുന്ന ദേശീയ നിർവ്വാഹക സമിതി അംഗം സുനിൽ ദേവ്ധർ സ്ഥിരീകരിക്കുകയും ചെയ്തു.

പാർട്ടിയിലേക്ക് പുതുതായി വരാൻ ആഗ്രഹിക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. അതിനാൽ ആറ് മാസത്തേക്ക് അംഗത്വം നൽകേണ്ടെന്നാണ് തീരുമാനം. അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുക, തൊഴിൽ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിൽ സിപിഎം ക്രിമിനലുകൾക്ക് പങ്കുണ്ടെന്ന് ബിജെപി കരുതുന്നു.

ബംഗാളിൽ സിപിഎമ്മിന്റെ പതനത്തിന് ശേഷം സിപിഎമ്മുകാർ കൂട്ടത്തോടെ ഭരണകക്ഷിയായ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നിരുന്നു. ഇതിന്റെ മറവിൽ ക്രിമിനലുകലും ത്ൃണമൂലിലെത്തി. ഇതേ സാഹചര്യം ത്രിപുരയിൽ ആവർത്തിക്കാതിരിക്കാനാണ് ബിജെപി നീക്കം. രാഷ്ട്രീയ കൊലപാതകങ്ങൾ, സ്ത്രീ പീഡനങ്ങൾ തുടങ്ങി ഗുരുതര കേസുകളിലെ പ്രതികളിൽ ബിജെപിയിൽ ചേരുന്നത് തടയാനാണ് ശ്രമം.

ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവങ്ങൾ ത്രിപുരയിൽ പതിവായിരുന്നു. ആദിവാസി മേഖലയിലെ പാർട്ടിയുടെ വലിയ തിരിച്ചടിക്ക് ഇതും പ്രധാന കാരണമാണെന്ന് ബിജെപി വിലയിരുത്തുന്നു. അതിനിടെ ത്രിപുരയിൽ ലെനിൽ പ്രതിമ തകർത്തത് സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിയവരാണെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് അംഗത്വ വിതരണം ബിജെപി നിർത്തി വയ്ക്കുന്നത്.

അതിനിടെ തകർക്കപ്പെട്ട ലെനിൻ പ്രതിമകൾ പുനർ നിർമ്മിക്കില്ലെന്ന് സുനിൽ ദേവ്ധർ പറഞ്ഞു. പ്രതിമ തകർക്കുന്നത് ബിജെപിയുടെ സംസ്‌കാരമല്ല. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ത്രിപുരക്ക് പ്രതിമകളല്ല ആവശ്യം. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഏതെങ്കിലും പ്രതിമ സർക്കാർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ത്രിപുരയുടെ വികസനത്തിനായി പ്രയത്‌നിച്ച മഹാരാജാ വീര ബിക്രം കിഷോർ ദെബ്ബർമ്മയുടേതാണ്. 1942ൽ മഹാരാജാവാണ് അഗർത്തല വിമാനത്താവളം നിർമ്മിച്ചത്. വിമാനത്താവളത്തിന് മഹാരാജാവിന്റെ പേര് നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെയും ദേവ്ധർ വിമർശിച്ചു. മണിക് സർക്കാർ ഒന്നിനും കൊള്ളാത്തയാളാണ്. അഴിമതിയും രാഷ്ട്രീയ കൊലപാതകങ്ങളും പ്രോത്സാഹിപ്പിച്ച സർക്കാരാണ് മണിക് സർക്കാരിന്റേത്. സംസ്ഥാനത്ത് വികസനമുണ്ടായില്ല. പത്രപ്രവർത്തകരും സ്ത്രീകളും കൊല്ലപ്പെട്ടു. കോൺഗ്രസ് ഇതെല്ലാം പിന്തുണക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.